പാലോട്: വീട്ടുമുറ്റത്തെ കൃഷിയിലൂടെ വരുമാനത്തിന്റെ വസന്തകാലമൊരുക്കുകയാണ് നന്ദിയോട്ടെ വീട്ടമ്മമാര്‍. വീടിന്റെ മട്ടുപ്പാവിലും മുറ്റത്തും ചുറ്റുവട്ടത്തും തരിശായി കിടക്കുന്ന എല്ലാ ഭാഗങ്ങളും ഇവര്‍ അടുക്കളത്തോട്ടമാക്കി മാറ്റുന്നു. ആനകുളം സ്വദേശിനി ഗീതയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന കര്‍ഷക. ബിരുദധാരിയായ ഗീത കൃഷിയോടുള്ള ഭ്രമം കൊണ്ട് സര്‍ക്കാര്‍ ജോലി വേെണ്ടന്ന് െവച്ചാണ് പാടത്തേക്കിറങ്ങിയത്.
1996 മുതല്‍ ശീതകാല പച്ചക്കറിയില്‍ ഉള്‍പ്പെടെ മികവുതെളിയിച്ച ഗീത സ്വന്തമായി ജൈവ വളങ്ങള്‍ ഉൽപാദിപ്പിച്ച് വില്‍പനയും നടത്തുന്നുണ്ട്. പഞ്ചഗവ്യം, ഹരിത കഷായം, ഖന ജീവാമൃതം, ദ്രവജീവാമൃതം, മണ്ണിര കമ്പോസ്റ്റ് എന്നിവ ഗീതയുടെ കൃഷിയിടത്തില്‍ നിര്‍മിക്കുന്നുണ്ട്. ഗീതയെ കൂടാതെ പ്ലാവറ സ്വദേശിനി ഷമ്മി, പവ്വത്തൂര്‍ സ്വദേശിനി ലിജിചന്ദ്രബാബു, കള്ളിപ്പാറ സ്വദേശിനി ശ്രീജു കെ ആര്‍, കുടവനാട് സ്വദേശിനി ശുഭ പി കെ, പേരയം സ്വദേശിനി വിജയം, കള്ളിപ്പാറ സ്വദേശിനി ആര്‍. ശ്രീലേഖ എന്നിവരെല്ലാം കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ്.
ചീര, വാഴ, പയര്‍, പാവല്‍, കാന്താരി മുളക്, പടവലം, തക്കാളി, ഇഞ്ചി, വാനില, മത്തന്‍, സാലഡ് വെള്ളരി, മുട്ടക്കോസ്, കോളിഫ്ലവര്‍, വെള്ളരി, മഞ്ഞള്‍, കത്തിരി, വഴുതന എന്നിവയെല്ലാം വീട്ടമ്മമാരുടെ കൃഷിയിടത്തില്‍ വിളയുന്നുണ്ട്. പച്ചക്കറികളെ കൂടാതെ ഓര്‍ക്കിഡ് പോലുള്ള അലങ്കാരച്ചെടികളിലും ഇവര്‍ വരുമാനമുണ്ടാക്കുന്നു. പശു, മുട്ടക്കോഴി എന്നിവയാണ് മിക്കവരുെടയും മറ്റൊരു വരുമാനം.
എല്ലാറ്റിനും പിന്തുണയുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും കൂടെയുണ്ട്. കൃഷി ഓഫിസര്‍ അതിഭ പി.ബി, കൃഷി അസിസ്റ്റന്റുമാരായ പ്രകാശ് കെ.ജെ, അനു ബി.എസ്, അജിത് കുമാര്‍ എന്നിവരെല്ലാം നിരന്തരം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നിർദേശങ്ങള്‍ നല്‍കുന്നു. പഞ്ചായത്തും നിരവധി പദ്ധതികള്‍ കര്‍ഷകര്‍ക്കായി നടപ്പാക്കുന്നുണ്ട്. അടുക്കളത്തോട്ടം, ഗ്രോബാഗ് വിതരണം, ഇടവിളകിറ്റ് വിതരണം, വാഴ കൃഷിക്ക് ധനസഹായം, വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് പ്രത്യേക സബ്‌സിഡി എന്നിവയും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.