നെല്ല് വിളഞ്ഞത് പാടത്തല്ല, ജയശ്രീയുടെ വീടിന്‍െറ മട്ടുപ്പാവിലാണ്. മംഗലാപുരം യെനപ്പോയ മെഡി. കോളജിന് സമീപത്തെ ജയശ്രീയുടെ 300 ചതുരശ്രഅടി ടെറസ്സിന്‍െറ ഒരു ഭാഗത്ത് നിരത്തിവെച്ച 80കന്നാസില്‍ വിളഞ്ഞ ‘കയമ’ നെല്‍കതിരുകള്‍ പാകമായിക്കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം കരനെല്ലായിരുന്നു കൃഷി ചെയ്തത്. ഗ്രോബാഗിലും ബക്കറ്റിലും ചെട്ടിയിലുമൊക്കെ വച്ച് വളര്‍ത്തിയ പരീക്ഷണകൃഷിയില്‍ കിട്ടിയത് ആറ് കിലോ നെല്ല് . ഇതായിരുന്നു വീണ്ടും നെല്‍കൃഷിക്ക് ഊര്‍ജമേകിയത്. നെല്‍കൃഷി മാത്രമല്ല ഈ മട്ടുപ്പാവില്‍ നമുക്ക് കാണാനാവാത്ത കൃഷിയും ചെടികളും വിരളം. മിറാക്ക്ള്‍ ഫ്രൂട്ട് മുതല്‍ മഞ്ഞള്‍ വരെ. ഒരു കുടുംബത്തിന് വേണ്ട എല്ലാം ഇവിടെയുണ്ട്. കാസര്‍ഗോഡ് ബേക്കലിനടുത്താണ് ജയശ്രീയുടെ വീട്. ഒന്നര പതിറ്റാണ്ടിലേറെയായി മംഗലാപുരത്താണ് താമസം.
വെണ്ട, വഴുതന , തക്കാളി, ചീര എന്നിവയാണ് 15 വര്‍ഷം മുമ്പ് ആദ്യം കൃഷി ചെയ്തത്. തമാശയ്ക്ക് തുടങ്ങിയതാണ് . പിന്നീട് കാര്യമായി. മട്ടുപ്പാവില്‍ പന്തൊലൊരുങ്ങിയതോടെ ഓരോരോ ചെടികളായി എത്തിത്തുടങ്ങി. സവാള ചുരയ്ക്ക, കുമ്പളങ്ങ, വെള്ളരി, കോവയ്ക്ക, കാബേജ്, കോളി ഫ്ളവര്‍, തക്കാളി അങ്ങനെ...പച്ചക്കറിയില്‍ നിന്ന് മറ്റ് ചെടികളും പതിയെ നട്ടുതുടങ്ങി. സ്ട്രോബറി, ഗ്രാമ്പൂ, കാപ്പി, അത്തി,മുന്തിരി, ഓറഞ്ച്, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, കറ്റാര്‍ വാഴ, പേരക്ക, ചതുരപ്പുളി, കായത്തിന്‍െറ ചെടി, സപ്പോട്ട, ഗ്രാമ്പു, പേരയ്ക്ക, കുരുമുളക് എന്നിവ സ്ഥാനം പിടിച്ചു. ഓര്‍ക്കിഡ്, ആന്തൂറിയം, ലക്ഷ്മി തരൂ, മുള്ളാത്ത, എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പച്ചത്തുരുത്ത്
വീടുള്‍പ്പെടുന്ന 10 സെന്‍റ് ചെടികളും വൃക്ഷങ്ങളുമായി പച്ചപ്പില്‍ മുങ്ങിയിരിപ്പാണ്. കവുങ്, പ്ളാവ്,തെങ്ങ് ഉള്‍പ്പെടെ നിറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, അടതാപ്പ്, ആഫ്രിക്കന്‍ പഴച്ചെടിയായ മിറക്ക്ള്‍ ഫ്രൂട്ട് എന്നിവ മട്ടുപ്പാവിലെ ഇനങ്ങളില്‍ ശ്രദ്ധേയരാണ്. ആറുതരത്തിലുള്ള വഴുതന ഇവിടെ വിളഞ്ഞു. വെള്ള നിറത്തിലുള്ള മുട്ട വഴുതന, പച്ചയും കുറച്ച് വെള്ളയും കലര്‍ന്ന വഴുതന, വേങ്ങേരി വഴുതന എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. കുടുംബത്തിന് വേണ്ട അരിയും പച്ചക്കറിയും മറ്റും മട്ടുപ്പാവില്‍ നട്ടുവളര്‍ത്താമെന്ന് തെളിയിക്കുകയാണിവര്‍. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇഞ്ചിയും മഞ്ഞളും കടയില്‍ നിന്ന് വാങ്ങാറില്ല. നട്ടുവളര്‍ത്തുകയാണിവ. 40 കിലോ മഞ്ഞള്‍ മട്ടുപ്പാവിലെ കൃഷിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ബിസിനസല്ല, ജയശ്രീക്ക് ഈ കൃഷികളൊന്നും. പാചകത്തിന് ഉപയോഗിക്കുന്നതിലും അധികമുള്ളത് നാട്ടുകാര്‍ക്ക് നല്‍കുകയാണ് പതിവ്.
നെല്‍കൃഷി എന്തെളുപ്പം
കരനെല്ലായ ഉമ വിത്തായിരുന്നു ആദ്യ മട്ടുപ്പാ നെല്‍കൃഷിയില്‍ ഉപയോഗിച്ചിരുന്നത്.ഒരു കന്നാസില്‍ അതില്‍ മണു്ണം ചാണകവും നിറച്ചു. നാലു കുഴികളുണ്ടാക്കി വിത്തിട്ടു.വെയിലുള്ള ഭാഗത്താണ് കന്നാസുകള്‍ വെച്ചത്. വെള്ളം കെട്ടിനിറുത്തേണ്ട കാര്യമില്ല. നെല്ല് വളര്‍ന്നു. ചാണകവും ചാരവും തന്നെ വളം. വിളഞ്ഞത് ആറുകിലോ നെല്ല്.അടുത്തുള്ള ആളുകളും പരിചയക്കാരും എത്തി. അവരുടെ പ്രോത്സാഹനം പ്രചോദനമായാണ് രണ്ടാമൂഴത്തിന് നെല്‍കൃഷി ഇറക്കിയത്. അധികം വൈകാതെ നവരയും ബസ്മതിയും മട്ടുപ്പാവില്‍ വിളയിക്കാനുള്ള പരിപാടിയിലാണ് ജയശ്രീ. അപൂര്‍വമായ മിറക്ക്ള്‍ ഫ്രൂട്ട് കാണാനും ആളുകള്‍ ഏറെ എത്തുന്നുണ്ട്. മൂന്നുനാലുവര്‍ഷം വേണം പുഷ്പിച്ച് കായ്ഫലമുണ്ടാകാന്‍. പഴത്തില്‍ 'മിറാക്കുലിന്‍' എന്ന പ്രോട്ടീന്‍ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി,കയ്പ് എന്നീ രുചികള്‍ക്ക് പകരം താല്‍ക്കാലികമായ മധുരമുണ്ടാക്കും. ഇതാണ് മിറാക്ക്ള്‍ ഫ്രൂട്ടിന്‍െറ പ്രത്യേകത.
ചെറുപ്പം മുതലേ കൃഷിയോട് ജയശ്രീക്ക് താല്‍പര്യമായിരുന്നു. പിതാവിന് കൃഷി ഉണ്ടായിരുന്നു. വീട്ടില്‍ റോസ് നന്നായി നട്ടുപരിപാലിക്കുമായിരുന്നു. പ്രൊഫസര്‍ ആയ ഭര്‍ത്താവ് ഡോ. ഹരീഷിന്‍െറ പ്രചോദനം വീണ്ടും കൃഷിയിലേക്കുള്ള വരവിന് കൂട്ടായി.
വിവരങ്ങള്‍ക്ക്: 09900571468
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.