ഇരിട്ടി: കാക്കിക്കുള്ളിൽ മാത്രമല്ല, തനിക്ക് കൃഷിയിലും തന്റേതായ ഇടമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.ഐ റാഫി അഹമ്മദ്. വിദേശയിനം പഴങ്ങളുടെ പറുദീസയാണ് മുഴക്കുന്ന് പഞ്ചായത്തിൽ വിളക്കോട് പാറക്കണ്ടത്തെ അദ്ദേഹത്തിന്റെ വീടിനുസമീപത്തെ ഒരേക്കർ കൃഷിയിടം. അവിടെയില്ലാത്ത ഫലങ്ങൾ ഒന്നുമില്ലെന്നുതന്നെ പറയാം.
മലയോരത്ത് കേട്ടുകേൾവി പോലുമില്ലാത്ത നിരവധി വിദേശയിനം പഴങ്ങളുടെ കലവറയാണ് റാഫി അഹമ്മദിന്റെ കൃഷിയിടം. ഡ്രാഗൺ ഫ്രൂട്ട്, ലോഗൻ, മട്ടോവ, പുലാസാൻ, അവക്കാടോ, കുരു ഇല്ലാത്തതും പശ ഇല്ലാത്തതുമായ ചക്കകൾ, സ്ട്രോബറി, വിദേശയിനം പേര, മുസമ്പി, ഓറഞ്ച്, കുരുവില്ലാത്ത നാരങ്ങ, സ്റ്റാർ ഫ്രൂട്ട് തുടങ്ങി നിരവധി പഴങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പരമ്പരാഗതമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ലോക് ഡൗൺ കാലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ പഴങ്ങളുടെ കൃഷി ആരംഭിച്ചത്. ഇന്ന് റംബൂട്ടാനും ഡ്രാഗൺ ഫ്രൂട്ടും വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു.
ജോലി കഴിഞ്ഞുള്ള ഒഴിവുവേളകളിലാണ് കൃഷി പരിപാലനം. മുഴുസമയ കൃഷിപരിപാലനത്തിന് ഭാര്യ റൈഹാനത്തും ഉമ്മ സൈനബ ബീവിയും ഒപ്പമുണ്ട്. തികച്ചും ജൈവരീതിയിലാണ് റാഫി അഹമ്മദിന്റെ കൃഷി. രണ്ടുവർഷമായി നട്ടുപരിപാലിക്കുന്ന തോട്ടത്തിൽ ആദ്യ വിളവെടുപ്പിനൊരുങ്ങുകയാണ് ഈ പൊലീസുകാരൻ. ഓരോ പഴത്തിനും പ്രതീക്ഷിക്കാത്ത വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. കൃഷിഭവനിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും റാഫി അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.