കുന്നിൻമുകളിൽ തളിർത്തുനിൽക്കുന്ന ചെഞ്ചീരയും വെണ്ടയും കാണണോ..

മലയാണ്​, ഇവിടെ കൃഷി ചെയ്യുന്നതെങ്ങനെ എന്നൊന്നും അവർ ശങ്കിച്ചില്ല. തുനിഞ്ഞിറങ്ങി തരിശായിക്കിടന്ന കുന്നിൻമുകളിൽ കൃഷിയിറക്കി. ഇപ്പോൾ മികച്ച ട്രൈബൽ ക്ലസ്​റ്ററിനുള്ള സംസ്​ഥാന കർഷക അവാർഡ്​ വരിങ്ങിലോറമല വെജിറ്റബ്​ൾ ക്ലസ്​റ്ററിന്​ ലഭിച്ചതോടെ മലമുകളിലെ കൃഷി ഏവർക്കും പാഠമാവുന്നു.

കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന വരിങ്ങിലോറമലയിലെ നാലര ഏക്കർ സ്ഥലത്തെ കാർഷിക സമൃദ്ധിയിലേക്കു നയിച്ചത്​ അവിടത്തെ ആദിവാസികളാണ്​. നാലു പുരുഷന്മാരും 26 സ്ത്രീകളുമടക്കം 30 പേരാണ് വര്‍ഷങ്ങളായി തരിശായിക്കിടന്ന മലയെ ഹരിതാഭമാക്കിയത്. പരമ്പരാഗതമായി കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കരിമ്പാല സമുദായക്കാരാണിവർ.

കണ്ടുപഠിക്കാം കുന്നിന്‍മുകളിലെ കൃഷിപാഠം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പിലൂടെയാണ് മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. കൃഷി വകുപ്പും പഞ്ചായത്തും നൽകുന്ന സഹായസഹകരണങ്ങൾ ശക്തി പകരുന്നു. തൊഴിലുറപ്പിലൂടെ നിലം ഒരുക്കി, വിത്തിട്ടു. ജൈവവളം കൃഷിഭവൻ നൽകുന്നു. മൃഗശല്യം ഒഴിവാക്കാൻ വലകെട്ടുന്നതിന് സർവിസ് സഹകരണ ബാങ്ക് സഹായവും ലഭിച്ചു.മലമുകളിൽ ചെഞ്ചീരയും വെണ്ടയും ചേനയുമെല്ലാം തളിർത്തുനിൽക്കുന്ന കാഴ്ച ആരെയും കൃഷിയിലേക്ക് ആനയിക്കും. 13 ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. നാട്ടുകാർക്ക് വിഷരഹിത പച്ചക്കറി എന്ന ആശയവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്​.

കൃഷിഭവൻ ആഴ്ചച്ചന്ത കൂടാതെ മാർക്കറ്റിലും ഇവരുടെ ഉൽപന്നം വിറ്റുപോകുന്നു. തിരുവോണമായാൽ നാട്ടുകാർ പുറത്തെ വിപണികൾ തേടിപ്പോകില്ല. ഓരോ വീട്ടിലേക്കും വേണ്ട പച്ചക്കറികൾ നൽകിയ ശേഷമേ മാർക്കറ്റിലേക്ക് കൊടുക്കൂ. നേര​േത്തയുണ്ടായിരുന്ന കൃഷി ഓഫിസർ സീമയും ഇപ്പോഴത്തെ കൃഷി ഓഫിസർ ഡാനയും പ്രോത്സാഹനം നൽകിയതിനാലാണ് തരിശുഭൂമിയിൽ പൊന്നുവിളയിക്കാനായതെന്ന് ക്ലസ്​റ്റർ കൺവീനർ രാമൻകുട്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.