കോമേഴ്സും കൃഷിയും തമ്മിൽ ബന്ധമുണ്ടോ? മൂവാറ്റുപുഴ പേഴക്കാപ്പിള്ളി അറഫ കോളജിലെ എം.കോം രണ്ടാംവർഷ ക്ലാസിലെ വിദ്യാർഥികളോടാണ് ചോദ്യമെങ്കിൽ ഇല്ല എന്നുറപ്പിച്ചു പറയാൻ അവർ അൽപമൊന്ന് മടിക്കും. കാരണം പഠനത്തിനിടയിലുള്ള സമയങ്ങളിൽ മലേഷ്യൻ പാഷൻഫ്രൂട്ടും സ്േട്രാബറിയും ബ്രൊക്കോളിയും സാലഡ് കെയിനും ഷമാമുമൊക്കെയാണ് ഇവരുടെ ചർച്ചയിലെ പ്രധാന വിഷയങ്ങൾ. മാത്രമല്ല, ആനക്കൊമ്പൻ വെണ്ടയും സുന്ദരിച്ചീരയും റെഡ് ലേഡി പപ്പായയുമുൾപ്പെടെയുള്ള പച്ചക്കറികളിലെ അതിശയങ്ങൾ പങ്കുവെച്ച് ഇൗ വിദ്യാർഥിക്കൂട്ടം മിക്ക ദിവസങ്ങളിലും അത്ഭുതം കൂറും. ക്ലാസിലെ നാണംകുണുങ്ങിയായ വിദ്യാർഥി ബിലാൽ ഷാജഹാനും അവൻ കൊണ്ടുവരുന്ന ബാഗുമാണ് ഇൗ ചർച്ചകൾക്കെല്ലാം അടിസ്ഥാനം. വെളുത്തു മെലിഞ്ഞ ഇൗ പയ്യൻ ക്ലാസിലേക്ക് കയറിയാൽപിന്നെ ക്ലാസ് മുറിയാകെ ശബ്ദത്തിൽ മുങ്ങും. ബിലാലിന്റെ ബാഗിലെ വിശേഷപ്പെട്ട പഴങ്ങളും പച്ചക്കറികളും സ്വന്തമാക്കാനുള്ള കൂട്ടുകാരുടെ കലപിലയാണത്. പലരും പേരുപോലും കേട്ടിട്ടില്ലാത്ത പഴങ്ങളും പച്ചക്കറി ഇനങ്ങളുമൊക്കെയാണ് ബാഗ് നിറയെ എന്നതിനാൽ സ്വന്തമാക്കാനുള്ള കൂട്ടുകാരുടെ വാശി കൂടുമെന്നും ബിലാൽ.
ക്ലാസ് മുറിയിലെ ബഹളം നാൾക്കുനാൾ വർധിക്കാൻ തുടങ്ങിയതോടെ അധ്യാപകർ കാര്യമന്വേഷിച്ചപ്പോഴാണ് സഹപാഠികളും ശരിക്കും ഞെട്ടിയത്. ബാഗ് നിറയെ കൊണ്ടുവരുന്ന വിളവുകളെല്ലാം സ്വന്തം വീട്ടിലെ മട്ടുപ്പാവിൽ നട്ടുനനച്ചു വളർത്തുന്നത് അധികമാരോടും സംസാരിക്കാതെ അടങ്ങിയിരിക്കുന്ന ബിലാൽ തന്നെ. എന്നാൽ, അടുത്ത കൂട്ടുകാരോട് പോലും പറയാതെ അതിരഹസ്യമാക്കിവെച്ച ബിലാൽ ഷാജഹാന്റെ കൃഷി ഇന്നിപ്പോൾ കേരളക്കരയാകെ അറിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് കൂട്ടുകാരും വീട്ടുകാരും. സംസ്ഥാന കൃഷി വകുപ്പിന്റെ കോളജ് വിഭാഗത്തിലെ കർഷകപ്രതിഭ പുരസ്കാരം ഇത്തവണ തേടിയെത്തിയിരിക്കുന്നത് മൂവാറ്റുപുഴ തെങ്ങനാൽ വീട്ടിലെ മട്ടുപ്പാവിൽ പച്ചയണിഞ്ഞ് നിൽക്കുന്ന ബിലാലിെൻറ കൃഷിയിടത്തിലേക്കാണ്.
വിളഞ്ഞു നിൽക്കുന്ന വൈവിധ്യങ്ങൾ
പപ്പായ മുതൽ ഉരുളക്കിഴങ്ങ് വർഗത്തിൽപെട്ട അടുകാപ്പ് വരെ... ഇതിനിടയിൽ മലേഷ്യൻ പാഷൻഫ്രൂട്ട്, സ്േട്രാബറി, ഷമാം, റംബൂട്ടാൻ, ലിച്ചി, പൊട്ടുവെള്ളരി, ബ്രൊക്കോളി, കാപ്സിക്കം തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായ വിളകൾ. പച്ചക്കറി ഇനത്തിലാണെങ്കിൽ വെണ്ടയും ചീരയും തക്കാളിയും വഴുതനയും ചേമ്പും മുളകും പയറും ബീൻസും മല്ലിയും തുടങ്ങി വെറും 1800 ചതുരശ്ര അടി ടെറസിനു മുകളിൽ ഇല്ലാത്തതായി ഒന്നുംതന്നെയില്ല തെങ്ങനാൽ വീട്ടിൽ. പഴമായാലും പച്ചക്കറിയായാലും അധികമാർക്കും കണ്ടുപോലും പരിചയമില്ലാത്ത വിളകളാണ് ബിലാലിന്റെ ഹൈലൈറ്റ്സ്. ആനക്കൊമ്പൻ, കാളക്കൊമ്പൻ, മരവെണ്ട എന്നിവയാണ് നാടൻ വെണ്ടക്കൊപ്പം ബിലാൽ നട്ടുവളർത്തുന്ന വൈവിധ്യങ്ങൾ. ചീരയാണെങ്കിൽ സുന്ദരിയെന്നും മയിൽപ്പീലിയെന്നും കണ്ണാറ ലോക്കലെന്നും അറിയപ്പെടുന്ന ഇനങ്ങളാണ് പച്ചപ്പണിഞ്ഞും കടുംനിറം പകർന്നും തഴച്ചുവളരുന്നത്.
മുളകാണ് മറ്റാർക്കും കവച്ചുവെക്കാനാവാത്ത ബിലാലിെൻറ വിളവുകളിലെ താരം. പച്ചയും ചുവപ്പും മഞ്ഞയും നീലയും പിങ്കും നിറങ്ങളിലായി 25ലധികം തരം വൈവിധ്യങ്ങളിലൂടെയാണ് ബിലാൽ വിസ്മയിപ്പിക്കുന്നത്. ഇതിനൊപ്പം നീലച്ചേമ്പ്, അമേരിക്കൻ ചീരത്താള്, കേരള ബീൻസ്, അമരപ്പയർ, ബേബി പടവലം, ബുഷ് ഓറഞ്ച്, ആഫ്രിക്കൻ മല്ലി, ചുമക്കൂർക്ക, തസ്ബീഹ് മാലയെന്ന് തോന്നിക്കുന്ന തരത്തിലുള്ള ബാസിയാന വള്ളിച്ചീര എന്നിങ്ങനെ കർഷകർ പോലും കണ്ടിട്ടില്ലാത്ത ഇനങ്ങളും ഇൗ മട്ടുപ്പാവിെൻറ പച്ചപ്പിലുണ്ട്. ഗ്രോബാഗിൽ മണ്ണു നിറച്ച് ചാണകപ്പൊടിയും ചേർത്താണ് കൃഷി. പൂർണമായും ജൈവരീതി മാത്രം. റെഡ് ലേഡി പപ്പായയും മുരിങ്ങമരവും പോലും വളരുന്നത് ടെറസിലെ മണ്ണു നിറച്ച ബക്കറ്റിലാണ്. വീട്ടിൽ വളർത്തുന്ന മുയലിെൻറ മൂത്രം നേർപ്പിച്ച് തളിക്കുന്നതാണ് വിളകൾ തഴച്ചുവളരുന്നതിന് പിന്നിലെ രഹസ്യമെന്ന് ബിലാൽ. ഒപ്പം ടെറസിൽ തന്നെ സജ്ജീകരിച്ചു നിർമിക്കുന്ന മണ്ണിര കമ്പോസ്റ്റും വളമായി നൽകുന്നു.
പയർമണി പകർന്ന സന്തോഷം
പ്രവാസിയായിരുന്ന ബാപ്പ ഷാജഹാനും ഉമ്മ സൈറാബാനുവും സഹോദരി മുനയും നേരത്തേ തന്നെ വീടിെൻറ മട്ടുപ്പാവിൽ അടുക്കളത്തോട്ടം നിർമിച്ച് പരിപാലിച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ബിലാലിന് കൃഷിയോട് ഒട്ടും താൽപര്യം തോന്നിയിരുന്നില്ല. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചർ നൽകിയ പയർ വിത്തുകൾ വീട്ടിലെ അടുക്കളത്തോട്ടത്തിൽ പാകി. അത് വളരാൻ തുടങ്ങിയതോടെയാണ് തെൻറ മനസ്സിലും പച്ചപ്പ് സന്തോഷം വിരിച്ചതെന്ന് ബിലാൽ. തളിരിലകൾ മുളച്ച് പതുക്കെ പടർന്നുപന്തലിച്ച് നീളൻപയറുകൾ തലയാട്ടി നിൽക്കാൻതുടങ്ങിയതോടെ ബിലാലിെൻറ ശ്രദ്ധയും മട്ടുപ്പാവിലെ പച്ചപ്പുകൾക്കൊപ്പമായി. പിന്നീടിങ്ങോട്ട് എല്ലാറ്റിനും മുന്നിൽ നിൽക്കാൻ ബിലാലുണ്ടായിരുന്നു. വിഷം തീണ്ടാത്ത പച്ചക്കറിയുടെ പ്രാധാന്യവും കൃഷി പകർന്നുതരുന്ന സന്തോഷവും തിരിച്ചറിഞ്ഞതോടെയാണ് ചെടികളോട് ഇഷ്ടം തോന്നിയതെന്ന് ചിരിയോടെ ബിലാൽ. പഠനത്തിെൻറ ഇടവേളകളിലെല്ലാം പരിചരണവും രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള വെള്ളം നനക്കലും ഇപ്പോൾ ബിലാലിെൻറ ജീവിതചര്യയായി മാറി.
കൂടെ നിന്ന് കുടുംബം
ബിലാലിൽ മാത്രമൊതുങ്ങുന്നതല്ല തെങ്ങനാൽ വീട്ടിലെ കൃഷിക്കാര്യം. വീട്ടുജോലികൾ കഴിഞ്ഞുള്ള വിശ്രമവേളകളിൽ പയറും പാവലും വഴുതനയും കണിവെള്ളരിയും മട്ടുപ്പാവിൽ നട്ടുപിടിപ്പിച്ച് മാതാവ് സൈറാബാനുവാണ് ആദ്യമായി തെങ്ങനാൽ വീടിനെ പച്ചപ്പണിയിച്ചത്. കൃഷിയോടു വല്ലാത്ത ഇഷ്ടം കാണിച്ച ഉമ്മയോട് ചെടികളും തൈകളും തിരിച്ചും ഇഷ്ടം കാട്ടുന്നത് കണ്ട സഹോദരി മുനയും പിന്നീട് തെൻറ ഒഴിവുസമയങ്ങൾ മട്ടുപ്പാവിലെ കൃഷിയിടത്തിലാക്കി. ഖത്തറിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയ പിതാവ് ഷാജഹാനും കുടുംബത്തിെൻറ ശീലത്തിനൊപ്പം മുഴുസമയ കൃഷിക്കാരനായി മാറി. ചെറുപ്പം തൊട്ടുതന്നെ മനസ്സിൽ മണ്ണിനോടുള്ള ഇഷ്ടം നിറച്ചുവെച്ച സൈറാബാനു തന്നെയാണ് ജൈവകൃഷിയിലൂടെ ആദ്യമായൊരു പുരസ്കാരം തെങ്ങനാൽ വീട്ടിലെത്തിച്ചതും. ഇൻഫോസിസിനു കീഴിലെ സരോജിനി ദാമോദർ ഫൗണ്ടേഷൻ മികച്ച ജൈവകർഷകയായി 2015ൽ തിരഞ്ഞെടുത്തത് സൈറാബാനുവിനെയായിരുന്നു.
പഠനത്തോടൊപ്പം കൃഷിക്കും പ്രാധാന്യം നൽകുന്ന സഹോദരി മുന ഇൻഫാം ഏർപ്പെടുത്തിയ മികച്ച വിദ്യാർഥി കർഷക പുരസ്കാരവും 2017ൽ സംസ്ഥാന കർഷകക്ഷേമ വകുപ്പിെൻറ മികച്ച കുട്ടിക്കർഷകക്കുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇൗസ്റ്റേൺ ഗ്രൂപ് ഇൗ വർഷം ഐകോണിക് വുമണായി തിരഞ്ഞെടുത്തതും കളിച്ചുനടക്കുന്ന പ്രായത്തിലും കാര്യഗൗരവത്തോടെ കൃഷിചെയ്ത ഇൗ മിടുക്കിയെയായിരുന്നു. ‘‘എല്ലാവരും വളരെ ഇഷ്ടത്തോടെ രസകരമായി ചെയ്യുന്ന ഒന്നാണ് ഇവിടെ കൃഷി. അതുകൊണ്ടുതന്നെ വലിയൊരു അധ്വാനമായി തോന്നിയിട്ടില്ല. വിത്ത് പാകിയതു മുതൽ പടർന്ന് പന്തലിക്കുന്നതു വരെയുള്ള ഓരോ ഘട്ടവും ഒന്നു നേരിട്ട് അനുഭവിച്ചറിഞ്ഞു നോക്കൂ, മനസ്സിൽ സന്തോഷം നിറക്കാൻ മറ്റൊന്നും വേണ്ടിവരില്ല’’ -പുരസ്കാരം നേടിയ കുട്ടിക്കർഷകൻ നിറചിരിയോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.