പത്തുമണിപ്പൂക്കൾ കൊണ്ടുവന്ന ആദായം

നഴ്​സറികൾക്കും പൂന്തോട്ടങ്ങൾക്കും അലങ്കാരമാണ് പത്തുമണിപ്പൂക്കൾ. 90 നിറങ്ങളിലുള്ള പത്തുമണിപ്പൂച്ചെടികൾ കൃഷിചെയ്​ത്​ വരുമാനം നേടുന്ന വീട്ടമ്മയാണ് മലമ്പാറക്കൽ മഞ്ജു ഹരി. പത്തനംതിട്ട ജില്ലയിലെ പുല്ലാട് കോഴിപ്പുറം കൃഷിഭവൻ പരിധിയിലെ വീട്ടുമുറ്റത്ത്​ മഞ്ഞ, വയലറ്റ്, വെള്ള, ഓറഞ്ച്, ചുവപ്പ്, ഇളം റോസ്​, കടും റോസ്​, മജന്ത തുടങ്ങിയ 90ഓളം നിറങ്ങളിലാണ് പത്തുമണിപ്പൂകൃഷി.

വിൽപനയിലൂടെ ദിവസം 300 രൂപ മുതൽ 1000 രൂപ വരെ വരുമാനമുണ്ട്​. ഒരു ചെടിക്ക് അഞ്ചു രൂപയാണ് വില. ഇത് വിവിധ തരം ചെടിച്ചട്ടികളിലാക്കി നൽകുമ്പോൾ 20 രൂപ മുതൽ 80 രൂപ വരെ വില വരും. കേരളത്തിലെ പല ജില്ലകളുടെയും ഉൾപ്രദേശങ്ങളിലേക്ക് പൂച്ചെടി കൊറിയർ ആയി അയച്ചുകൊടുക്കുന്നു. ആലുവ, ചാലക്കുടി, മണ്ണുത്തി, ഇടപ്പള്ളി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് ഓർഡറുണ്ട്.


തൃശൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കാർഷിക നഴ്​സറികളിലേക്ക് രണ്ടായിരത്തോളം പൂച്ചെടിയുടെ ഓർഡർ ലഭിച്ചിരുന്നു. ചെടികൾ തികയാതായതോടെ മുമ്പ്​ പത്തുമണിപ്പൂച്ചെടികൾ നൽകിയ വീട്ടമ്മമാരോട് വിലയ്​ക്ക് വാങ്ങുന്നതിനാൽ അവർക്കും വരുമാനമാർഗമാണ്. കൂട്ടുകാരി സമ്മാനിച്ച പത്തുമണി ചെടികളിലാണ്​ തുടക്കം. വ്യത്യസ്​ത ഇനം ചെടികളുടെ പൂക്കള്‍ പരാഗണം ചെയ്ത് വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്തു. Portulaca grandiflora എന്ന ശാസ്​ത്രനാമത്തിൽ അറിയപ്പെടുന്ന പത്തുമണിപ്പൂച്ചെടി പല വീടുകളിലും വളർത്തുന്നുണ്ട്. വിവിധ നിറങ്ങളിലുള്ള നൂറോളം ഇനം പത്തുമണിപ്പൂച്ചെടികളുണ്ട്.

വെയിലേറ്റ് പത്തുമണിയോടുകൂടി വിടരാൻ തുടങ്ങും. സൂര്യപ്രകാശമുള്ള പ്രദേശത്താണ് നന്നായി വളർന്ന് നിറയെ പൂക്കളുണ്ടാവുക. നല്ല നീർവാർച്ചയുള്ള പ്രദേശമാണ്​ നല്ലത്​. കൂടുതൽ പരിപാലനം വേണ്ട. വെള്ളം കൂടുതൽ ഒഴിച്ചാൽ ചീയാൻ സാധ്യതയുണ്ട്. ചെടിച്ചട്ടിയിൽ മണ്ണും ചാണകപ്പൊടിയും ചകിരിക്കമ്പോസ്​റ്റും ​ചേർത്തു​ നടാം. ചെറുതലപ്പുകള്‍ ഒടിച്ചു കുത്തിയാല്‍ വേരു മുളച്ച് വളരും. ഇടക്ക്​ വേപ്പിൻപിണ്ണാക്ക് നൽകിയാൽ കൂടുതൽ പൂവിരിയും. പത്തുമണിയുടെ മൊട്ടോടുകൂടിയ തണ്ടുകൾ മുറിച്ചുനട്ടാൽ അടുത്ത ദിവസങ്ങളിൽ പൂവിരിയും.


6, 7 ഇഞ്ച് നീളമെത്തുമ്പോൾ ചെടിയുടെ അറ്റം നുള്ളിയെടുത്താൽ പുതിയ ശാഖകളുണ്ടാവും. പൂക്കൾ കരിഞ്ഞുപോയാൽ അത് നുള്ളിക്കളയണം. പൂന്തോട്ടത്തിലും വീട്ടിലേക്കുള്ള നടപ്പാതക്കിരുവശങ്ങളിലും പൂമുഖങ്ങളിലും ചെടിച്ചട്ടികളിലും തൂക്കിയിട്ട ചെടിച്ചട്ടികളിലും വളർത്താം.

മഞ്ജു ഹരി 30 സെൻറിൽ ഔഷധ സസ്യകൃഷിയും ഉമ കരനെല്ലും കരിമഞ്ഞളും കസ്​തൂരിമഞ്ഞളും കൃഷി ചെയ്തിട്ടുണ്ട്. പൂവൻവാഴ, നേന്ത്രവാഴ, ചേമ്പ്, ചേന, മരച്ചീനി, വീട്ടാവശ്യത്തിനുള്ള പച്ചക്കറികൃഷി എന്നിവയുമുണ്ട്. 30ഓളം മുട്ടക്കോഴികളെയും കരിങ്കോഴികളെയും വളർത്തുന്നു. മലബാറി വിഭാഗത്തിൽപെട്ട അഞ്ചോളം ആട്​ വളർത്തൽ, ചെറിയ രീതിയിൽ കൂൺകൃഷി, തേനീച്ചകൃഷി എന്നിവയുമുണ്ട്.

പത്തുമണിപ്പൂക്കളുടെ പൂമ്പൊടിയിൽനിന്നാണ് തേനീച്ചകൾ തേൻ ശേഖരിക്കുന്നത്. ജൈവവളമിട്ടാണ് പച്ചക്കറികൃഷി. സ്​കൂൾ വിദ്യാർഥികളായ മക്കൾ വിജയ്​യും വിസ്​മയയും അലങ്കാരമത്സ്യങ്ങളെ വളർത്തി വരുമാനം കണ്ടെത്തുന്നു. ഭർത്താവ് ഹരിയും കൃഷിയിൽ പിന്തുണ നൽകുന്നു. മഞ്ജു ഹരി ഫോൺ: 9562003503.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT