കാൽ നൂറ്റാണ്ട് മുമ്പുവരെ കൃഷി ഭൂമികളാൽ സമൃദ്ധമായിരുന്നു കൊച്ചി വിമാനത്താവളം സ്‌ഥിതി ചെയ്യുന്ന പ്രദേശങ്ങളും പരിസരങ്ങളും. നെല്ലും പച്ചക്കറിയുമെല്ലാം ഈ പാടങ്ങളിലും പറമ്പുകളിലും സമൃദ്ധമായി വിളഞ്ഞിരുന്നു. അതിനിടയിലാണ് വിമാനത്താവളം നിർമിക്കാൻ പറ്റിയ സ്‌ഥലം തേടിയുള്ള അധികൃതരുടെ പ്രയാണം നെടുമ്പാശ്ശേരി ഭാഗത്ത് അവസാനിക്കുന്നത്. ഇതോടെ, ഈ ഭാഗത്തെ കൃഷി നിലച്ചു. വ്യവസായങ്ങൾക്കായി ഏറ്റെടുക്കുന്ന ഭൂമികളിൽ പിന്നീട് കൃഷി തിരിച്ചുവരാറില്ല. അതിനാൽതന്നെ നെടുമ്പാശ്ശേരിയിലും കൃഷി അവസാനിച്ചതായാണ് കരുതിയത്. എന്നാൽ, ഇതിന് ഒരു തിരുത്ത് നൽകുകയാണ് സിയാൽ.

സൗരോർജത്തോടൊപ്പം പച്ചക്കറിയും

ഭക്ഷ്യ-സൗരോർജ ഉൽപാദന മാർഗങ്ങൾ സമന്വയിപ്പിക്കുന്ന കൃഷിരീതിയാണ് 'അഗ്രോവോൾട്ടായ്ക്'. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമാണ് സിയാൽ. വിവിധ ഭാഗങ്ങളിലായി ഏക്കർ കണക്കിന് സ്‌ഥലത്താണ്‌ സൗരോർജ ഉൽപാദനം നടത്തുന്നത്. ഇതിനായി ഉപയോഗിക്കുന്ന സ്‌ഥലം കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന തിരിച്ചറിവാണ് പുതിയ കൃഷിരീതിയിലേക്കു കടക്കാൻ പ്രേരണ. 'അഗ്രോവോൾട്ടായ്ക്' കൃഷിരീതിയിലൂടെ സിയാലി​െൻറ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേക്ക് ഇതിനകം വ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ അഗ്രോവോൾട്ടായ്ക് കൃഷി സ്‌ഥലങ്ങളിലൊന്നായി സിയാലിന്റെ ഇൗ സൗരപ്പാടം മാറി. കൊച്ചി വിമാനത്താവള പരിസരത്ത് എട്ട് സൗരോർജ പ്ലാൻറുകളാണ് സിയാലിനുള്ളത്. കാർഗോ ടെർമിനലിനടുത്തുള്ള 45 ഏക്കർ വിസ്തൃതിയിലുള്ള പ്ലാൻറാണ്‌ ഇവയിൽ ഏറ്റവും വലുത്. ഇതിൽ 20 ഏക്കറിലാണ് വിവിധ തരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത്.

സോളാർ പി.വി പാനലുകൾക്കിടയിൽ പരീക്ഷണാടിസ്‌ഥാനത്തിലാണ് ആദ്യം ജൈവകൃഷി നടത്തിയത്. ഒരേ സ്‌ഥലത്തുനിന്ന് കൂടുതൽ വിളവും കാര്യക്ഷമതയുള്ള സൗരോർജ ഉൽപാദനവും സാധ്യമാക്കാൻ കഴിയുന്നതാണ് അഗ്രോവോൾട്ടായ്ക് കൃഷിരീതി. ഇത് വ്യാപിപ്പിക്കാനുള്ള ശ്രമം 2021 ജൂലൈയിലാണ് തുടങ്ങിയത്. മത്തൻ, പാവയ്ക്ക ഉൾപ്പെടെയുള്ള വിളകളാണ് നേരത്തേ കൃഷി ചെയ്തിരുന്നത്. പിന്നീട് വിവിധ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ഈ കൃഷിക്ക് കൂടുതൽ യോജിച്ച ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി, മഞ്ഞൾ, കാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവയിലേക്ക് വ്യാപിക്കുകയായിരുന്നു. ഡിസംബർ ആദ്യവാരത്തോടെയാണ് അഗ്രോവോൾട്ടായ്ക് രീതി 20 ഏക്കറിലേക്ക്​ വ്യാപിപ്പിച്ചത്.




 

ആദ്യകൃഷിയിൽ 80 ടൺ വിളവ്

പരീക്ഷണാടിസ്‌ഥാനത്തിൽ നടത്തിയ കൃഷിയിൽ നിന്ന് പല ഘട്ടങ്ങളിലായി 80 ടണ്ണോളം വിളവാണ് ലഭിച്ചത്. 'താൽക്കാലിക പച്ചക്കറി കട തയാറാക്കിയാണ് തുടക്കത്തിൽ ഈ പച്ചക്കറികൾ വിറ്റത്. ജൈവ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയായിരുന്നു. അതിനാൽ തന്നെ കൊണ്ടുവെക്കുമ്പോ​േഴക്കും വിറ്റുപോകുമായിരുന്നു. എന്നാൽ, കൃഷി കുറവായിരുന്നതിനാൽ തുടർച്ചയായി വിളവുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുണ്ടായി. അതിനാൽ തന്നെ ഈ കച്ചവടം മുന്നോട്ടുകൊണ്ടുപോകാനായില്ല.

വിളവുകൾ കിട്ടുന്നതിനനുസരിച്ച് വിമാനത്താവളത്തിലെ കാൻറീനിൽ നൽകുകയായിരുന്നു. കൃഷി വ്യാപിച്ചതോടെ കൂടുതൽ വിളവുണ്ടാകും. ഇവയുടെ വിപണനത്തിനായി മറ്റു മാർഗങ്ങൾ ആലോചിക്കുന്നുണ്ട്. ഒരുമാസം കഴിഞ്ഞാൽ നിലവിലെ കൃഷിയുടെ വിളവെടുപ്പിന് തുടക്കമാകും' -ഇതി​െൻറ പിന്നണിയിലുള്ളവർ പറയുന്നു. സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കുന്നതാണ് ഇവിടത്തെ രീതി.

മണ്ണൊലിപ്പും തടയും

പെട്ടെന്ന് വളരുന്നതരം ചെടികളായതിനാൽ ഇവയുള്ള ഭാഗത്ത് മണ്ണൊലിപ്പും ഉണ്ടാകില്ല. അതിനാൽ തന്നെ സോളാർ പാനലുകൾ ഉറപ്പിച്ചിട്ടുള്ള കാലുകൾക്ക് ഉറപ്പേകാനും ഇൗ കൃഷി സഹായകമാകും. 'പാനലുകൾക്കിടയിൽ കളകളും കുറ്റിക്കാടുകളും വളരുന്നത് ഒരു ശല്യമായിരുന്നു. ഇവ പറിച്ചുകളയാൻ മാത്രമായി പണിക്കാരെ നിർത്തണമായിരുന്നു. എന്നാൽ, പച്ചക്കറി തൈകൾ മൂലം കളകൾ വ്യാപിക്കുന്നത് ചെറുക്കാനായിട്ടുണ്ട്. കളകൾ പറിക്കാൻ ചെലവഴിച്ചിരുന്ന തുക കൃഷിക്കായി ചെലവഴിക്കാനും കഴിയും'

'കാർഷിക മേഖലക്ക്​ വലിയ അവസരം'

അഗ്രികൾച്ചറൽ ഫോട്ടോവോൾട്ടെയ്ക്സ് അഥവാ അഗ്രിവോൾട്ടായിക് രീതിയിലൂടെ സൗരോർജോൽപാദന - കാർഷിക മേഖലക്ക്​ വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറയുന്നു. 'അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോർജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനം. പാനലുകൾക്കടിയിൽ ചെടിവളരുന്നത് താപനില കുറക്കാൻ സഹായിക്കും.' –സുഹാസ് പറയുന്നു. 

Tags:    
News Summary - Organic farming in the solar field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.