ആറ്റിങ്ങല്‍: ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ വിജയം വരിച്ച് നഗരസഭ സ്ഥിരം സമിതി ചെയർമാൻ. ആറ്റിങ്ങൽ നഗരസഭയിലെ ആറാട്ടുകടവ് വാർഡ് കൗണ്‍സിലര്‍ പരവൂര്‍ക്കോണം സ്നേഹപൂര്‍വം വീട്ടില്‍ അവനവഞ്ചേരി രാജുവാണ് വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ചെടിക്കൃഷി നടത്തി വിജയം കൈവരിച്ചത്. നഗരസഭാപ്രദേശത്ത് വിദേശഫലവര്ഗം കൃഷിചെയ്ത മികച്ച കര്‍ഷകനുള്ള പുരസ്കാരവും ഇത്തവണ അവനവഞ്ചേരി രാജു നേടി.
മെക്സിക്കന്‍ പഴമായ ഡ്രാഗണ്‍ ഫ്രൂട്ടിന് ഇപ്പോള്‍ കേരളത്തില്‍ ധാരാളം ആവശ്യക്കാരുണ്ട്. ഉയര്‍ന്ന തോതില്‍ നാരും ആന്റിഓക്സിഡന്റുകളുമടങ്ങിയ ഈ പഴത്തില്‍ കലോറി കുറവാണ്. ഇതാണ് ലോകമെമ്പാടുമുള്ള ആളുകള്‍ ഇതില്‍ ആകൃഷ്ടരാകുന്നതിന്റെ പ്രധാനകാരണം.
ശാസ്ത്രീയമായി കൃഷി നടത്തുകയാണെങ്കില്‍ ഒറ്റത്തവണ ചെടി നട്ടാല്‍ വര്‍ഷങ്ങളോളം നീണ്ട വിളവെടുപ്പ് നടത്താമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. നല്ല വലുപ്പമുള്ള പഴമാണെങ്കില്‍ കിലോക്ക് 250 മുതല്‍ 300 രൂപ വരെ വില ലഭിക്കും.
വീടിനോടുചേര്‍ന്നുള്ള 40 സെന്റ് ഭൂമി കിളച്ചൊരുക്കിയാണ് തോട്ടം തയാറാക്കിയത്. 500 മൂട് ചെടിയാണ് നട്ടത്. ഒരു തടത്തില്‍ത്തന്നെ മൂന്നും നാലും ചെടികള്‍ നട്ടിട്ടുണ്ട്. ഒന്നരലക്ഷം രൂപയാണ് കൃഷിയിറക്കിയതിന് വന്ന ചെലവ്. ഇതില്‍ ഒരു ലക്ഷം രൂപ ബാങ്ക് വായ്പയാണ്.
കോഴിവളം, ചാണകം, ആട്ടിന്കാഷ്ടം എന്നിവയാണ് ചെടികള്‍ക്ക് നൽകുന്ന പ്രധാന വളങ്ങള്‍. ഇവക്കുപുറമേ റോക്ക്ഫോസ്ഫേറ്റും നൽകുന്നുണ്ട്. നട്ട് ആറ് മാസമായപ്പോഴേക്കും ചെടികള്‍ പൂവിടുകയും പഴങ്ങള്‍ ലഭിച്ചുതുടങ്ങിയതായും രാജു പറഞ്ഞു.
ഡ്രാഗണ്‍ ചെടിത്തോട്ടത്തില്ത്തന്നെ ഇടക്കിടക്ക് ചീര, വഴുതന, കത്തിരി, പച്ചമുളക്, സലാഡ് വെള്ളരി എന്നിവയെല്ലാം കൃഷി നടത്തുന്നുണ്ട്. തിരക്കേറിയ പൊതുപ്രവര്‍ത്തനത്തിനിടയില്‍ കൃഷിത്തോട്ടത്തില്‍ ചെലവിടുന്ന സമയം മനസ്സിന് കുളിര്‍മയും ആവേശവും നൽകുന്നതായി കൗണ്‍സിലര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.