ചാരുംമൂട്: ചക്കയിൽനിന്ന് വ്യത്യസ്ത മൂല്യവർധിത ഉൽപന്നങ്ങൾ കണ്ടെത്തി വിപണനം നടത്തി വിജയം നേടിയ നൂറനാട് പണയിൽ ഹരിമംഗലത്ത് തെക്കതിൽ ആർ. രാജശ്രീക്ക് സംസ്ഥാന സർക്കാറിന്‍റെ മികച്ച സംരംഭകക്കുള്ള കാർഷിക അവാർഡ്. ചക്കയുടെ സംസ്കരണരീതിയുടെ കണ്ടെത്തൽ, സംസ്കരണരീതിയുടെ വൈവിധ്യം, ഉൽപന്നങ്ങളുടെ വൈവിധ്യം, വിപണനം തുടങ്ങിയവയിൽ മികവ് പുലർത്തിയതിനാണ് പുരസ്കാരം.
ചക്കയിൽനിന്നും ബർഗർ, ഷവർമ, ചോക്ലറ്റ്, ഗുലാബ് ജാമൻ, കുബോസ്, അരവണ, പനസാമ്യതം, ഇടിയപ്പ പൊടി, പുട്ടുപൊടി, സോപ്പ്, ടൂത്ത് പൗഡർ, ഡയറ്റ് പുട്ട്, ദാഹശമിനി, കൺമഷി, ഐസ്‌ക്രീം, ബ്രെഡ് തുടങ്ങി 500 ൽപരം മൂല്യവർധിത ഉൽപന്നങ്ങളാണ് രാജശ്രീയുടെ പ്രയത്നത്തിൽ കമ്പോളത്തിൽ എത്തിയത്. ചക്കക്കുരുവിൽനിന്ന് ഹുമ്മസ്, ചോക്ലറ്റ്, ജാം, പായസം, കേക്ക് തുടങ്ങിയവയും ഉൽപാദിപ്പിച്ചു.
ചേന, വാഴക്കൂമ്പ്, മുന്തിരി എന്നിവയിൽനിന്നും ആസ്വാദക വിഭവങ്ങൾ സൃഷ്ടിച്ച ചരിത്രവും ചക്കയിൽനിന്ന് സി.ടി.സി.ആർ.ഐയുടെ സഹായത്തോടെ പാസ്ത ആദ്യമായി നിർമിച്ചെടുത്തുവെന്ന ഖ്യാതിയും രാജശ്രീക്കുണ്ട്. ആറുവർഷം മുമ്പ് കെ.വി.കെ.യിൽനിന്ന് ലഭിച്ച പരിശീലനത്തിൽനിന്നാണ് ഈ വിജയങ്ങൾക്കെല്ലാം തുടക്കം. നിർമിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നില്ലെന്ന് രാജശ്രീ പറഞ്ഞു. ഖത്തറിൽ മെക്കാനിക്കൽ എൻജിനീയറായ സായിഷാണ് ഭർത്താവ്. മക്കൾ: ദേവദത്ത്, വിഷ്ണുദത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.