ആലപ്പുഴ: അതിജീവനത്തിെൻറ കരുത്തുമായി രക്തശാലി. കൊമ്പൻകുഴി പാടശേഖരത്തിലെ അരയേക്കറിൽ സ്വർണമുഖിയായി നിൽക്കുന്ന രക്തശാലി വെള്ളപ്പൊക്കത്തെ തോൽപിച്ചാണ് വിജയം നേടിയത്. 110ൽ 109.50 ഏക്കറിലെ നെല്ലും കനത്ത വെള്ളപ്പൊക്കത്തിൽ ചീഞ്ഞഴുകിയപ്പോൾ അര ഏക്കറിലെ ഈ നെല്ല് മാത്രമാണ് കിളിർത്തുപൊങ്ങിയത്. 21 ദിവസം വെള്ളത്തിലായിട്ടും ഫീനിക്സ് പക്ഷിെയപോലെ ഉയിർത്തെഴുന്നേറ്റു.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് ജീവനക്കാരൻ പോഞ്ഞിക്കര തിരുമല വാർഡ് ചിത്രാലയത്തിൽ സി.സി. നയനേൻറതാണ് ഈ കൃഷി. പാട്ടത്തിനെടുത്ത അഞ്ചര ഏക്കറിലാണ് വിളവ് ഇറക്കിയത്. കടുത്തുരുത്തിയിലെ കർഷകനും നാടൻ വിത്തിനങ്ങളുടെ സംരക്ഷകനുമായ എ.കെ. സെബാസ്റ്റ്യനിൽനിന്നാണ് രക്തശാലി വിത്ത് വാങ്ങിയത്.
ചാണകവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്താണ് വിത്തിട്ടത്. ഞാറ് മുളച്ചുപൊന്തിയപ്പോഴായിരുന്നു വെള്ളപ്പൊക്കം. വെള്ളമിറങ്ങി വരമ്പുകൾ തെളിഞ്ഞപ്പോൾ രക്തശാലി മാത്രമാണ് കിളിർത്തുപൊങ്ങിയത്. ഏറെ ഔഷധഗുണവും പോഷകസമൃദ്ധവുമായ രക്തശാലി പേരുപോലെ ചുവപ്പുനിറത്തിലാണ്. 110-116 ദിവസത്തിനുള്ളിൽ വിളവ് എടുക്കാമെന്നതാണ് ഈ തനി നാടൻ നെല്ലിനത്തിെൻറ പ്രത്യേകത. അർബുദത്തെ പ്രതിരോധിക്കുമെന്ന് അറിഞ്ഞാണ് രക്തശാലി കൃഷി ചെയ്തത്.
രക്തശാലിയെക്കുറിച്ച് പഠിക്കാൻ നയനെൻറ പാഠശേഖരത്തിൽ ഇപ്പോൾ കാർഷിക വിദഗ്ധരുടെ തിരക്കാണ്. കേരള സർവകലാശാല വെള്ളായണിക്കര കോളജ് ഓഫ് ഹോർട്ടി കൾചറിലെ ബ്രീഡിങ് ആൻഡ് ജെനിറ്റിക് വിഭാഗം പ്രഫ. റോസ് മറിയയുടെ നേതൃത്വത്തിെല സംഘവും പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാലും ഇവിടെ എത്തിയിരുന്നു.
കുമരകം നെല്ലുഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. റീന മാത്യു, ഡോ. വന്ദന, ഡോ. നിമ്മി ജോസ്, അസിസ്റ്റൻറ് പ്രഫ. ഡോ. എ.കെ. അമ്പിളി തുടങ്ങിയവർ രക്തശാലിയുടെ അതിജീവനം പഠിക്കാനെത്തി.
രക്തശാലിയുടെ വിളവെടുപ്പ് കാത്തിരിക്കുകയാണ് നയനനും ഭാര്യ ടിൻറു മണിയും മക്കളായ സുഭാഗ് ഭാനുവും നേത്രാനന്ദ് ഭാനുവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.