പ്രതിസന്ധിയുടെ വെയിൽ പരക്കുന്ന കാപ്പിത്തോട്ടങ്ങളിലേക്ക് പ്രതീക്ഷയുടെ തണലിൽ പച്ചപിടിക്കുകയാണ് 'റോയ്സ് കാപ്പി'. വയനാട്ടിലെ ഒരു സാധാരണ കർഷകൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിച്ചെടിയിലൂടെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് മുളപൊട്ടുന്നത്.
വയനാട് പുൽപള്ളി സ്വദേശി കവളക്കാട്ട് റോയി ആൻറണിയാണ് 'റോയ്സ് സിലക്ഷൻ' എന്ന് പേരിട്ട കാപ്പി ചെടിയിലൂടെ കാർഷിക രംഗത്ത് ശ്രദ്ധേയനാകുന്നത്. കൃഷിയിലേക്കിറങ്ങിയ കാലഘട്ടത്തിൽ പാരമ്പര്യ കൃഷിരീതിയും അനുകരണങ്ങളും പരീക്ഷിച്ച് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് നൂതന കൃഷി രീതിയെക്കുറിച്ച് റോയി ആലോചിച്ചത്. തമിഴ്നാട്ടിലെ നീലഗിരിയിൽ തങ്ങളുടെ സ്ഥലത്ത് വളർന്ന് നിൽക്കുന്ന അറബിക്ക ഇനത്തിലെ കാപ്പി കൃഷിയിൽനിന്നാണ് മാറ്റങ്ങളിലേക്കുള്ള ആദ്യ പാഠങ്ങൾ റോയിക്ക് പകർന്നു കിട്ടിയത്. പാരമ്പര്യ കാപ്പി കൃഷിയുടെ പോരായ്മകൾ പരിഹരിച്ച് വിളവു കൂടുതൽ നേടാൻ കഴിയുന്ന രീതിയിൽ കൃഷിയെ എങ്ങനെ മാറ്റാമെന്നായിരുന്നു ചിന്ത. തണൽ കൂടുതലുള്ള സ്ഥലത്തും ഇടവിളയായി കൃഷി ചെയ്യാൻ സാധിച്ചാൽ കണക്കുകൂട്ടലുകൾ ലാഭകരമാക്കാനാകുമെന്ന് കരുതിത്തന്നെയായിരുന്നു അന്വേഷണം. ആഗ്രഹിച്ചതുപോലെ, തണലിലും മികച്ച വിളവു നേടാൻ കഴിയുന്ന കാപ്പിയിൽ ഒടുവിൽ വിജയകരമായി ഗവേഷണം അവസാനിക്കുകയായിരുന്നു. റബർ തോട്ടത്തിൽ കാപ്പികൃഷി ചെയ്യാം എന്ന കെണ്ടത്തലും അതിലൂടെയുള്ള മികച്ച വിളവും കാപ്പി കൃഷിയെക്കുറിച്ച് അതുവരെയുണ്ടായിരുന്ന മുൻധാരണകളെയെല്ലാം തിരുത്തിയെഴുതി.
സാധാരണ കാപ്പി ചെടികൾക്ക് തണൽ പാടില്ല. എന്നാൽ, റോയി സിലക്ഷൻ കാപ്പിക്ക് 30 മുതൽ 80 ശതമാനം വരെ തണൽ ആവശ്യമാണ്. അതിനാൽ റബർ മരങ്ങൾക്കിടയിൽ ഈ കാപ്പി കൃഷി ചെയ്യാം. സാധാരണ കാപ്പിച്ചെടി നടുന്നതിെൻറ ഇരട്ടി ഒരേക്കറിൽ നടാം. റബറിനിടയിലെ ഇടവിളയായി കാപ്പി കൃഷിചെയ്യുന്നതിലൂടെ, വിലത്തകർച്ച കാരണം വലയുന്ന റബർ കർഷകർക്ക് അധികവരുമാനം നേടാൻ റോയ്സ് കാപ്പി വഴിയൊരുക്കുന്നു.
തെൻറ 20 ഏക്കർ റബർ തോട്ടത്തിൽ 10 വർഷത്തിലേറെയായി റോയി വിജയകരമായി കാപ്പി കൃഷി തുടരുന്നു. മൂല്യവർധിത കണ്ടുപിടുത്തം പുറം ലോകമറിഞ്ഞതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് 'റോയി സിലക്ഷൻ' കാപ്പി ചെടി വാങ്ങാൻ നിരവധി പേരും കാർഷിക ഗവേഷകരും ഈ കുടിയേറ്റ ഗ്രാമത്തിൽ എത്തുന്നുണ്ട്. മറ്റിനം കാപ്പികൾക്ക് ഉപരിതലത്തിൽ വേരുകൾ പടരുമ്പോൾ ഈ കാപ്പി താഴ് വേരിൽ ഊന്നിയാണ് വളരുന്നത്. തണലിൽ വളരുന്നതിനാൽ ജലസേചനം ആവശ്യമില്ല. ഇടവിളകൃഷി ചെയ്യുന്നയിടത്ത് പുല്ല് കയറുകയുമില്ല. രണ്ട് വർഷത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. ബ്രൂണിങ് നടത്തുന്ന കാപ്പിക്ക് മൂന്നടിയിൽ താഴെയേ ഉയരമുള്ളൂ. ഒരേക്കറിൽ 1800 കാപ്പിച്ചെടി നടാം. പ്രതിവർഷം ഒരു ലക്ഷം ചെടികൾ ഇവിടെ നിന്നും കർഷകർ വിവിധ സ്ഥലത്തേക്ക് കൃഷി ചെയ്യാൻ കൊണ്ടു പോകുന്നുണ്ടെന്ന് റോയി പറയുന്നു.
റോയി ആൻറണി: 94479 07464.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.