അടൂര്‍ മൂന്നാളം കാഞ്ഞിരവിളയില്‍ വീടിന്‍റെ മുറ്റത്തേക്കു കടന്നുചെന്നാല്‍ സുഗന്ധം വീശുന്ന ഇളംകാറ്റാണ് നമ്മെ എതിരേല്‍ക്കുക. മുറ്റത്തെ കുറ്റിമുല്ലതോട്ടത്തില്‍ മുല്ലമൊട്ടുകളും പൂക്കളുമാണ് ഈ സുഗന്ധം പരത്തുന്നത്. പ്രകൃതിയുടെ വശ്യഭംഗി വീടിന്‍റെ മുറ്റത്തും പറമ്പിലും കാണാം. മുന്തിരിയും പൂച്ചെടികളും കാര്‍ഷികവിളകളും പച്ചക്കറികളും നിറഞ്ഞ ഉദ്യാനവും പറമ്പും. കൂടെ വിഷരഹിത മത്സ്യവളര്‍ത്തലും...
ബാങ്ക് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച കെ. സദാനന്ദന്‍ അക്വാപോണിക്‌സ് പരീക്ഷിച്ച് മുഴുവന്‍ സമയ കര്‍ഷകന്‍ ആയി മാറുകയായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ നിന്ന് ചീഫ് മാനേജരായി വിരമിച്ച സദാനന്ദന്‍ മൂന്നര വര്‍ഷം മുന്‍പാണ് അക്വാപോണിക് കൃഷി രീതി പരീക്ഷിച്ചു തുടങ്ങിയത്.
മണ്ണും രാസവളവും ഇല്ലാതെ മീന്‍ വളര്‍ത്തലും പച്ചക്കറിയും ഒന്നിച്ചു ചെയ്യുന്ന അക്വാപോണിക്‌സ് കൃഷിയിടത്തില്‍ മത്സ്യ വളര്‍ത്തലിന് ചെറുതും വലുതുമായ രണ്ട് കുളങ്ങളുണ്ട്. ഇതില്‍ വാള, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് വളരുന്നത്. ഈ കുളങ്ങളുടെ നാല് വശങ്ങളിലും ഉയര്‍ത്തി തട്ടുകളാക്കിയാണ് പാവല്‍, പയര്‍, ചീര, തക്കാളി, പച്ചമുളക്, കുക്കുംബര്‍, മുന്തിരി എന്നിവ കൃഷി ചെയ്യുന്നത്.
മത്സ്യവും പച്ചക്കറികളും വിളവെടുക്കാന്‍ പാകമായി. വീടിന്‍റെ മട്ടുപ്പാവില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് വഴി മഴവെള്ളം രണ്ട് കുളത്തിലും എത്തിച്ചാണ് മത്സ്യ കൃഷി ചെയ്യുന്നത്. ഈ കുളത്തിലെ വെള്ളം റീസൈക്കിള്‍ ചെയ്ത് മറ്റു കൃഷിയിടങ്ങളിലേക്ക് ചെറിയ പൈപ്പ് വഴി എത്തിക്കുന്നു. മത്സ്യത്തിന് നല്‍കിയ ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ കാഷ്ഠവും കലര്‍ന്ന വളക്കൂറുള്ള വെള്ളമാണ് പച്ചക്കറി തൈകള്‍ക്ക് ലഭിക്കുന്നത.് ഇതിനാല്‍ പ്രത്യേക വളം നല്‍കേണ്ട ആവശ്യം ഇല്ല. പച്ചക്കറി നടുന്ന തട്ടില്‍ മണ്ണ് ഇല്ലാത്തതിനാല്‍ തൈകള്‍ മറിഞ്ഞു വീഴാതിരിക്കാന്‍ ചരല്‍ നിറച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിനു മുകളില്‍ ഉയര്‍ന്ന പന്തല്‍ കെട്ടിയാണ് മുന്തിരിവള്ളികള്‍ പടര്‍ത്തിയിരിക്കുന്നത്.
കൃഷിയിലൂടെ ഒരു വീട്ടിലേക്കുള്ള ആവശ്യമുള്ള വിഷം കലരാത്ത പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കുകയും അധികം വരുന്നത് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. അക്വാപോണിക്‌സ് കൃഷിക്ക് 10 ലക്ഷം രൂപ ചെലവായതായി സദാനന്ദന്‍ പറഞ്ഞു. മണ്ണു വളവും വേണ്ടാത്തതിനാല്‍ അധ്വാനം കുറച്ചു മതിയെങ്കിലും തീവ്ര ശ്രദ്ധ വേണം. തെങ്ങ്, വാഴ, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി എന്നിവയും സദാനന്ദന്‍റെ കൃഷിയിടത്തിലുണ്ട്. കൃഷിഭവനില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങളും ആനുകൂല്യവും ലഭിക്കുന്നതായി സദാനന്ദന്‍ പറഞ്ഞു.
മുന്തിരി നട്ടു രണ്ടര വര്‍ഷം കഴിഞ്ഞു. വീട്ടുമുറ്റത്ത് 100 കുറ്റമുല്ല ചെടികളാണുത്. 15 പെട്ടികളിലായി വന്‍തേനീച്ചകളെയും 25 കോഴികളെയും വളര്‍ത്തുന്നു. ഗപ്പി തുടങ്ങിയ അലങ്കാര മത്സ്യങ്ങളും ഉണ്ട്. എല്ലാവിധ പിന്തുണയും സഹായവുമായി ഭാര്യ പ്രസന്ന സദാനന്ദന്‍ കൂടെയുണ്ട്. മക്കളായ സൂര്യ, ജയ എന്നിവര്‍ വിവാഹിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.