പള്ളിക്കലിലും എള്ള് വിളയും

നെല്ല് കൊയ്‌തെടുത്ത വയലില്‍ എള്ള് കൃഷി ചെയ്ത് രാമചന്ദ്രന്‍. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇളംപള്ളില്‍ പ്ലാവിള തെക്കേതില്‍ വിമുക്ത ഭടന്‍ ആര്‍. രാമചന്ദ്രനാണ് 65 സെന്റില്‍ എള്ള് വിളയിച്ചത്. പത്തനംതിട്ട ജില്ലയില്‍ എള്ള് കൃഷി അപൂര്‍വമാണ്. പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി. എള്ളിന്റെ ഔഷധഗുണം നന്നായറിയാവുന്ന രാമചന്ദ്രന്‍ മറ്റുള്ളവരിലും അതിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കാനാണ് കൃഷി തുടങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എള്ള് വിതച്ചത്. വയലില്‍ ചേറാടി നെല്ല് കൊയ്‌തെടുത്ത് കുറച്ചു ദിവസം വെള്ളമയം വറ്റാനായി കാത്തു. തുടന്ന് കോഴികാഷ്ടം വിതറി ട്രാക്ടര്‍ കൊണ്ട് ഉഴുതുമറിച്ചു. വീണ്ടും ഒന്നു കൂടി പൂട്ടിയതിനു ശേഷമാണ് എള്ള് വിതച്ചത്. ഇപ്പോള്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന ചെടികള്‍ പൂത്ത് എള്ള് വിളഞ്ഞു നില്‍ക്കുകയാണ്. മെയ് മാസം കൊയ്ത്തു നടത്താന്‍ കഴിയുമെന്ന് രാമചന്ദ്രന്‍ 'മാധ്യമ'ത്തോടു പറഞ്ഞു.


2020ല്‍ പരീക്ഷണാര്‍ഥമാണ് എള്ള് കൃഷി തുടങ്ങിയത്. കടയില്‍ നിന്ന് എള്ള് വാങ്ങി വിതക്കുകയായിരുന്നു. കിളിര്‍ക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ഇളംപള്ളില്‍-തെങ്ങമം പാതയരികിലാണ് എള്ള് വിളഞ്ഞ് നില്‍ക്കുന്നത്. എള്ള്് വിളഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൗതുക കാഴ്ച്ചയായി. കറുപ്പും ചുവപ്പും ഇടകലര്‍ന്ന എള്ളാണ് ഈ കൃഷിയിടത്തിലുള്ളത്്.

ഇത്തവണ കഴിഞ്ഞ തവണത്തെ വിത്താണ് ഉപയോഗിച്ചത്. നെല്ല് കൊയ്യുന്നതുപോലെ എള്ളുചെടി അറുത്തെടുത്ത് കറ്റകളാക്കി മൂന്ന്-നാല് ദിവസം വെയിലത്തിടുമ്പോള്‍ എള്ള് പൊട്ടിവരും. ഇത് കുടഞ്ഞ് പൊഴിച്ചെടുത്ത് ടാര്‍പാളിനില്‍ നിരത്തി ഉണക്കും. കഴിഞ്ഞ തവണ 55 കിലോ എള്ള് ലഭിച്ചു. കിലോക്ക് 225 രൂപക്കാണ് വിറ്റത്. 10 കി.ഗ്രാം എള്ള് ആട്ടിയാല്‍ നാല് കി.ഗ്രാം എള്ളെണ്ണ (നല്ലെണ്ണ) ലഭിക്കുമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ശുദ്ധമായ എള്ളെണ്ണ ഒരു കിലോക്ക് 800 രൂപ വരെ വില യുണ്ട്. സ്വന്തമായി നാലേക്കര്‍ കൃഷി സ്ഥലം ആണ് രാമചന്ദ്രനുള്ളത്. ഇതില്‍ 650 ചേന, 120 ഏത്തവാഴ, 800 ചീനിയും കൃഷി ചെയ്യുന്നു. 18 വര്‍ഷം രാജ്യസേവനത്തിനു ശേഷം നാട്ടിലെത്തി രാമചന്ദ്രന്‍ കൃഷിയിലേക്കു തിരിയുകയായിരുന്നു.

Tags:    
News Summary - seasame farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.