പഴയങ്ങാടി: മൂന്നരപതിറ്റാണ്ടായി മണ്ണിൽ തൊട്ടാണ് കൊയക്കീൽ ഷാജിയുടെ ഒാരോ ദിനവും തുടങ്ങുന്നത്. കാളപൂട്ടി വയലുകൾ ഉഴുന്ന കർഷകെൻറ ചിത്രം പലയിടത്തും ഓർമയായെങ്കിലും മാടായി പഞ്ചായത്തിലെ വെങ്ങരയിലെത്തിയാൽ ഇത് നേരിൽ കാണാം. 35 വർഷം മുമ്പ് തുടങ്ങിയ കാളപൂട്ട് ഇന്നും തുടരുന്നു. ട്രില്ലറുകളുൾപ്പെടെ നിലമുഴാൻ ആധുനിക ഉപകരണങ്ങൾ ഏറെ വന്നെങ്കിലും ആളുകൾ ഇപ്പോഴും ഷാജിയെ തേടിയെത്തും. മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം പഞ്ചായത്തുകളിലെ വയലുകളിൽ മിക്കവയും ഉഴുന്നത് ഷാജിയാണ്. 12ാം വയസ്സിൽ വയലുമായി തുടങ്ങിയ ചങ്ങാത്തത്തിന് 47ലും ഇഴമുറിഞ്ഞിട്ടില്ല.
അമ്മയുടെ അച്ഛെൻറ ശിക്ഷണത്തിലാണ് കാളപൂട്ടിൽ ഹരിശ്രീ കുറിക്കുന്നത്. മാടായി ഗവ. ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി കഴിഞ്ഞതോടെ കാളപൂട്ട് സ്ഥിരമായി. ഷാജിയുടെ ഓഹോ ...... ഹോ വിളികൾക്കനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നടക്കുന്ന അനുസരണയുള്ള കാളകളും ചന്തമുള്ള കാഴ്ചയാണ്. ഉഴുതുമറിക്കുന്ന കണ്ടങ്ങൾക്ക് അനുസരിച്ചാണ് കൂലി. പത്ത് വയൽകണ്ടം ഉഴുതാൽ 1500 രൂപ ലഭിക്കും. 32 മുതൽ 40 വരെ വയലുകൾ ഒറ്റ ദിവസം ഉഴുതതൊക്കെ ഷാജിയുടെ തൊഴിലനുഭവങ്ങളാണ്. രാവിലെ ആറിന് വയലിലിറങ്ങിയാൽ 11 മണിയോടെ നിർത്തുന്നതാണ് പതിവ്.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് നെൽകൃഷിക്കുള്ള കാളപൂട്ട് നടക്കുക. മൂന്നുമുതൽ മൂന്നര ലക്ഷം രൂപ വരെ വിലയുള്ള രണ്ടു കാളകളും സ്വന്തമായുണ്ട്. കർണാടകയിലെ ചുഞ്ചന പേട്ടയിൽനിന്നാണ് ഇവയെ കൊണ്ടുവരുന്നത്. വാഹനത്തിലാണ് ഇേപ്പാൾ കാളകളെ കൊണ്ടു വരുന്നതെങ്കിലും പണ്ട് മൈസൂരുവിൽനിന്ന് തെളിച്ച് കാൽനടയായി കാളകളെ കൊണ്ടുവന്നത് ഷാജി ഓർക്കുന്നു. നല്ല ക്ഷീരകർഷകൻ കൂടിയാണ് ഇദ്ദേഹം. ജഴ്സി, എച്ച്.എഫ് സിന്ധി, സിസ് ബ്രൗൺ തുടങ്ങി 10 പശുക്കൾ ഷാജിക്ക് സ്വന്തം. ഇവയിൽ നിന്ന് ദിവസം 110 ലിറ്റർ വരെ പാൽ ശേഖരിക്കാൻ കഴിയുന്നു. പാൽകറക്കുന്നതിനും പരിചരിക്കുന്നതിനും ഭാര്യ ദെർമ്മൽ ഗീതയുടെ സഹായമുണ്ട്.
അച്ഛനും അമ്മയുടെ അച്ഛനും നാല് അമ്മാവൻമാരും കാളപൂട്ടുകാരായ കുടുംബത്തിൽ തവര കൃഷ്ണൻ-ജാനകി ദമ്പതികളുടെ രണ്ടാമനായാണ് ഷാജിയുടെ ജനനം. രണ്ട് ആൺമക്കളാണ് ഷാജിക്കുള്ളത്. അരുൺ മെഡിക്കൽ ഇലക്ട്രോണിക്സ് വിഭാഗത്തിലും മിഥുൻ ഓട്ടോമൊബൈലിലും ബംഗളൂരുവിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.