കൽപറ്റ: മണ്ണിന്റെ മനസ്സറിഞ്ഞ് പീസ് വില്ലേജിലെ കുടുംബാംഗങ്ങൾ പച്ചക്കറി കൃഷി നടത്തിയപ്പോൾ, മണ്ണ് തിരിച്ചുനൽകിയത് നൂറുമേനി. പരിചിതമായ അഭയകേന്ദ്രങ്ങളിൽനിന്ന് പീസ് വില്ലേജിനെ സവിശേഷമാക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഇവിടത്തെ പച്ചക്കറി കൃഷി. അടഞ്ഞ കെട്ടിടങ്ങൾക്കകത്ത് ആളുകളെ തളച്ചിടാതെ, കുടുംബാംഗങ്ങൾക്ക് സാധ്യമാകുന്നത്ര സ്വാഭാവിക ജീവിതം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
പരമാവധി വിഷരഹിതമായ പച്ചക്കറികൾ കഴിക്കാനും ഇത് വഴിയൊരുക്കുന്നു. മുഖ്യകവാടം കടന്ന് മുന്നോട്ടുനടക്കുമ്പോൾ, വലതുവശത്ത് പച്ചപിടിച്ചുനിൽക്കുന്ന പച്ചക്കറിത്തോട്ടം. ഭംഗിയായി സംവിധാനിച്ച തോട്ടത്തിൽ വഴുതിന, പച്ചമുളക്, പയർ, വെണ്ട, കാപ്സിക്കം, ചീര തുടങ്ങിയവ വിളഞ്ഞുനിൽക്കുന്നു. പിന്നെയും മുന്നോട്ടുനടന്നാൽ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിനപ്പുറം വേറെയും കൃഷികൾ. വാഴ, കപ്പ, കാബേജ്, കുമ്പളം തുടങ്ങിയവയാണ് അവിടെ സമൃദ്ധമായി വളരുന്നത്.
ആരോരുമില്ലാത്ത മനുഷ്യജന്മങ്ങൾക്ക് ആശയും ആനന്ദവും പകർന്നുകൊടുത്ത് പരിചാരകരും സാരഥികളും. മനുഷ്യസ്നേഹത്തിെൻറയും കരുതലിെൻറയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് അഞ്ചു വർഷമായി, പീസ് വില്ലേജ് എന്ന വയനാട്ടിലെ സ്നേഹവീട്. പീസ് വില്ലേജ് എന്ന ആശയം മനസ്സിൽ രൂപംകൊള്ളുമ്പോൾ തന്നെ, വിശാലമായ പൂന്തോട്ടവും കൃഷികളും അതിെൻറ ഭാഗമായി വിഭാവനം ചെയ്തിരുന്നു. 2018ൽ, പിണങ്ങോട് പുഴക്കരികിലെ പുതിയ കാമ്പസിൽ പീസ് വില്ലേജ് പ്രവർത്തനം ആരംഭിച്ചതുമുതൽ ചെറിയ രൂപത്തിൽ കൃഷി പരീക്ഷിച്ചുതുടങ്ങിയിരുന്നു.
2019-20ലെ കൃഷി കുറച്ചുകൂടി മെച്ചപ്പെട്ടതായിരുന്നു. പീസ് വില്ലേജ് കുടുംബാംഗം രാമുവേട്ടെൻറ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. തുടർ മാസങ്ങളിലും വിളവ് ലഭിച്ചു. ഇതിൽനിന്ന് ആവേശമുൾക്കൊണ്ട്, 2020ൽ കൃഷി കൂടുതൽ വിപുലപ്പെടുത്തി. ട്രസ്റ്റ് അംഗം നാസർ മാസ്റ്റർക്കായിരുന്നു മുഖ്യ ചുമതല.
പീസ് വില്ലേജിലെ മണ്ണ് ഈ പരിശ്രമത്തിന് മനസ്സറിഞ്ഞ് ഫലം നൽകി. ഇത്തവണ നൂറുമേനിയാണ് വിളഞ്ഞത്. പീസ് വില്ലേജിലെ 85ഓളം കുടുംബാംഗങ്ങൾക്ക് ആവശ്യമായ പച്ചക്കറികളിൽ നല്ലൊരു പങ്കും ഈ തോട്ടങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കാനായി. പീസ് വില്ലേജ് സ്വയംപര്യാപ്തതയിലേക്ക് ചുവടുവെക്കുന്നതിെൻറ അടയാളങ്ങൾ കൂടിയാണ് ഈ പച്ചക്കറിത്തോട്ടങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.