അരൂർ: മലയാളികളുടെ പ്രിയ ഗാനമാണ് കാട്ടുതുളസി എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജും വയലാർ രാമവർമയും ചേർന്നൊരുക്കി എസ്. ജാനകി ആലപിച്ച 'സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ...' എന്ന ഗാനം. എന്നാൽ, ആലപ്പുഴ അരൂർ സ്വദേശിയായ റിട്ട. പ്രിൻസിപ്പൽ നന്ദകുമാറിന് സൂര്യകാന്തി തന്നെയൊരു സ്വപ്നമാണ്. ഒരു പരീക്ഷണത്തിന്റെ പ്രതീക്ഷാനിർഭരമായ ഫലമാണ്.
അരൂർ പഞ്ചായത്ത് നാലാം വാർഡിൽ കൃഷ്ണകൃപയിൽ നന്ദകുമാറിന്റെ മൂന്നു സെന്റ് പുരയിടത്തിൽ നിറഞ്ഞുനിൽക്കുന്നത് നൂറുകണക്കിന് സൂര്യകാന്തി പൂക്കൾ. അരൂരിലെ ചൊരിമണലിൽ സൂര്യകാന്തി കൃഷി വിജയിക്കുമോ എന്നറിയാൻ കൃഷിഭവൻ ഏൽപിച്ചതാണ് നന്ദകുമാറിനെ പുഷ്പകൃഷി.
വയലാർ കൃഷിഭവനിൽനിന്ന് സൂര്യകാന്തിയുടെ വിത്തുകൾ നന്ദകുമാറിന് നൽകി. ഫലമറിയാൻ കാത്തിരുന്നത് വെറുതെയായില്ല. രണ്ടുമാസം കഴിഞ്ഞപ്പോൾ മുറ്റം നിറയെ പൂക്കൾ. ഉണക്കിയ വിത്ത് എടുത്ത് അരൂർ കൃഷിഭവനിൽ എത്തിക്കാനാണ് ലക്ഷ്യമെന്ന് നന്ദകുമാർ പറഞ്ഞു. അരൂരിലെ മറ്റു കർഷകർക്കും വിത്തുകൊടുത്ത് കൃഷി പരീക്ഷിക്കണം.
തുറവൂർ ടി.ഡി ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച പ്രിൻസിപ്പലാണ് നന്ദകുമാർ. പച്ചക്കറി കൃഷിയിൽ നേട്ടങ്ങൾ കൊയ്യുന്ന നന്ദകുമാർ വിവിധ കൃഷികളിൽ പരിശീലനവും നൽകുന്നുണ്ട്. നല്ല ചൂടുള്ള കാലാവസ്ഥയിൽ സൂര്യകാന്തി കൃഷി ചെയ്യുകയാണ് ഉത്തമം. വിത്തു വിതക്കുന്നത് ഡിസംബറിൽ ആകാം. തുടക്കത്തിൽ ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും അടങ്ങിയ അടിവളം നന്നായി ചെയ്യണം.
സൂര്യകാന്തി വിത്തുകൾ പ്ലാസ്റ്റിക് ട്രേയിൽ പാകി, മുളപ്പിച്ച് കൃഷിയിടത്തിൽ നടുകയാണ് വേണ്ടത്. രണ്ടുമാസത്തിനിടെ സൂര്യകാന്തി പൂക്കൾ വിരിഞ്ഞ് പൂന്തോട്ടം നിറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.