ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഗതാഗത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനായി റോഡ് ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.
ആഗോള തലത്തിലെ മാറ്റത്തിന് അനുസരിച്ചാണ് ഗതാഗത നിയമം പരിഷ്കരിച്ചതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ദുബൈയിലെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് പുതിയ നിയമം പാസാക്കിയത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ട്. നിലവിലെ നിയമത്തില്‍ ഇത്തരത്തിലുള്ള വാഹനങ്ങളുടെ സേവനവും ഗതാഗത നിയമ ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നത്.
മനുഷ്യജീനുകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും വിനോദ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് നഗരങ്ങളിൽ ഒന്നായാണ് ദുബൈയെ വിലയിരുത്തുന്നത്.
ഇത് മുൻനിർത്തി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്ക് വ്യാപകമാകുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാരികളുടെ സുരക്ഷയിൽ കൂടുതൽ ഊന്നൽ. ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായി യു.എൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ ഇന്റർനാഷനൽ കോഡ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ടൂറിസ്റ്റിന്റെ തത്ത്വങ്ങൾ നടപ്പിലാക്കുന്നതിനുള്ള യു.എ.ഇയുടെ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകി.
അതോടൊപ്പം പകർച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിസഭ പുറപ്പെടുവിച്ചിട്ടുണ്ട്. പകർച്ച വ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായുള്ള നിയമപരമായ ചട്ടക്കൂടുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് രൂപം നൽകും. ഇമാറാത്തി ജീനോം പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ആറുലക്ഷം സാമ്പിളുകൾ ശേഖരിക്കും.
ജനിതക-പാരമ്പര്യ രോഗങ്ങളുടെ കൃത്യമായ രൂപ രേഖ രൂപപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രോഗത്തിന്റെ സ്വഭാവം, രൂക്ഷത, വ്യാപനം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിരോധം, നിരീക്ഷണം, റിപ്പോർട്ടിങ്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും വ്യാപകമാക്കും. പദ്ധതിയെ സഹായിക്കുന്നതിനായി 1000 മെഡിക്കൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും.
ഇതുകൂടാതെ കള്ളപ്പണം നിയന്ത്രണം, ബ്രിക്സ് അംഗത്വം, സാമ്പത്തിക വളർച്ച, ഡിജിറ്റൽ ഇൻഫർമേഷൻ, ഗതാഗതം, സുസ്ഥിര ഊർജം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.