മസ്കത്ത്: ജി.സി.സിയിലെ മുൻനിര സംയോജിത ആരോഗ്യപരിപാലന ദാതാവായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എഫ്.ഇസഡ്.സിയുടെ ഭാഗമായ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ആസ്റ്റർ സ്ട്രോക്ക് യൂനിറ്റ്, ആസ്റ്റർ അർജന്റ് കെയർ 24X7 പ്രോഗ്രാം എന്നിവ ആരംഭിച്ചു. ഗൂബ്രയിലുള്ള ആശുപത്രിയിലെ ഈ പുതിയ സൗകര്യങ്ങളോടെ, മേഖലാ ആരോഗ്യപരിപാലന സേവനം ഉയർത്താൻ ആസ്റ്ററിന് സാധിച്ചു. ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് യു.എ.ഇ, ഒമാൻ, ബഹ്റൈൻ ഗ്രൂപ് സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഹോസ്പിറ്റൽസ് ക്ലിനിക്സ് ഒമാൻ സി.ഇ.ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ വാസ്കുലാർ ന്യൂറോളജിസ്റ്റ് ആൻഡ് ന്യൂറോ എൻഡോ വാസ്കുലാർ സർജൻ ഡോ.അലി അൽ ബലൂഷി എന്നിർ സംബന്ധിച്ചു.
പ്രത്യേക സ്ട്രോക്ക് യൂനിറ്റ് പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് അംഗീകാരം ലഭിക്കുന്ന മേഖലയിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ഇതോടെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മാറി. വാസ്കുലാർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോ വാസ്കുലാർ സർജനുമായ ഡോ. അലി അൽ ബലൂഷിയാണ് ഈ യൂനിറ്റിന് മേൽനോട്ടം വഹിക്കുക. ബി.ഇ ഫാസ്റ്റ് അഥവാ, ബാലൻസ്, ഐസ്, ഫേസ്, ആംസ്, സ്പീച്ച്, ടൈം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് യൂനിറ്റ് പ്രവർത്തിക്കുക. അതിവിദഗ്ധരായ ഡോക്ടർമാരും മെഡിക്കൽ പ്രഫഷനലുകളുമാണ് ഇവിടെ ജീവനക്കാരായിട്ടുള്ളത്. വിവിധ തരത്തിലുള്ള അടിയന്തര ചികിത്സകൾ മുഴുസമയവും നൽകാൻ പര്യാപ്തമാണ് ഈ യൂനിറ്റ്. വേഗത്തിലുള്ള പരിശോധന, സ്റ്റബിലൈസേഷൻ, ജീവൻരക്ഷാ ഇടപെടലുകൾ, ആശുപത്രിയിലെ എല്ലാ വകുപ്പുകളുമായുള്ള നിരന്തര ഏകോപനം എന്നിവയെല്ലാമുണ്ടാകും. ഇതിലൂടെ സംയോജിത ചികിത്സ നൽകാൻ സാധിക്കും.
ഈ നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തിയതിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിനെ ഡോ. അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി അഭിനന്ദിച്ചു. നൂതന മെഡിക്കൽ സാങ്കേതികവിദ്യകളിലും രോഗീകേന്ദ്രീകൃത പരിചരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു, ആരോഗ്യപരിരക്ഷ മികവിൽ പുതിയ ഉയരം താണ്ടിയിരിക്കുകയാണ് ഞങ്ങൾ. സ്ട്രോക്ക് രോഗികളെ സംബന്ധിച്ചിടത്തോളം സമയം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ മിനിറ്റും കടന്നുപോകുന്നത് പ്രധാനപ്പെട്ട മസ്തിഷ്ക കോശങ്ങൾ നഷ്ടപ്പെടുന്നതിലാണ് കലാശിക്കുക. ഈ കോശങ്ങൾ പരിരക്ഷിച്ച് ജീവൻ രക്ഷിക്കാനും രോഗമുക്തി കാര്യക്ഷമമാക്കാനും യോജിച്ച ചികിത്സ പ്രധാനപ്പെട്ടതാണ്.
ഇക്കാരണത്താലാണ് സ്ട്രോക്ക് അർജന്റ് കെയർ 24X7 യൂനിറ്റുകൾ തുടങ്ങുന്നതെന്നും ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു.സ്ട്രോക്ക് ചികിത്സയിലും അടിയന്തര ന്യൂറോളജി സഹായത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒമാന്റെ നൂതന പ്രയാണത്തെയാണ് ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിലെ സ്ട്രോക്ക് യൂനിറ്റ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഡോ. അലി അൽ ബലൂഷി പറഞ്ഞു. സ്ട്രോക്ക് യൂനിറ്റ് സ്ഥാപിക്കുന്ന ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായതിൽ ഞങ്ങൾ ഏറെ സന്തോഷത്തിലാണെന്നും അർജന്റ് കെയർ 24X7 പ്രോഗ്രാം തുടങ്ങിയതിലും ചാരിതാർഥ്യമുണ്ടെന്നും ശൈലേഷ് ഗുണ്ടു പറഞ്ഞു. ആസ്റ്റർ അർജന്റ് കെയർ 24X7 ഉദ്ഘാടനത്തിന്റെ ഭാഗമായി മസ്കത്ത് ഇന്റർസിറ്റി ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.