തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെയും ജനങ്ങളുടെ നടുവൊടിച്ച് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ പ്രീമിയം പെട്രോളിന് 100 കടന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലും തിരുവനന്തപുരത്തെ പാറശ്ശാലയിലുമാണ് പെട്രോൾ വില സെഞ്ച്വറിയടിച്ചത്. ബത്തേരിയിൽ 100 രൂപ 24 പൈസയായിരിക്കുകയാണ്. പാറശ്ശാലയിൽ 101 രൂപ 14 പൈസയാണ് പ്രീമിയം പെട്രോളിന് നൽകേണ്ടത്.
തിരുവനന്തപുരത്ത് സാധാരണ പെട്രോൾ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി.
ഈ മാസം ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ വർഷം ഇതുവരെ 44 തവണയാണ് വില കൂട്ടിയത്. എന്നാൽ വെറും നാല് തവണ മാത്രമാണ് വില കുറച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് മാത്രമാണ് വിലക്കയറ്റം ഇല്ലാതിരുന്നത്.
ഞായറാഴ്ച സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വർധിച്ചിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറിയടിച്ചത്. ശേഷം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.