കൊച്ചി: പൊന്നാനി സ്വദേശി ടി.പി. സുബിന് കോഫൗണ്ടറായ മൾട്ടീവോവൻ എന്ന സ്റ്റാർട്ടപ്പിനെ യു.എസ് ആസ്ഥാനമായ എ.ഐ സ്ക്വയേഡ് കമ്പനി ഏറ്റെടുത്തു. മെഷീൻ ലേണിങ് മോഡൽ ഡേറ്റ കൈമാറ്റം എളുപ്പമാകുന്ന ഓപൺ സോഴ്സ് പ്ലാറ്റ്ഫോമാണ് കമ്പനിയുടേത്. 2023ൽ ആരംഭിച്ച മൾട്ടീവോവൻ ബംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഏറ്റെടുക്കലോടെ എ.ഐ രംഗത്തെ സാന്നിധ്യം ശക്തമാക്കാൻ എ.ഐ സ്ക്വയേഡിന് സാധിക്കും.
ഇടപാടിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം എ.ഐ സ്ക്വയേർഡ് ഓഹരികളും പണവും അടങ്ങുന്നതാണ് ഇടപാട്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം റേസർ പേ, ട്രൂകോളർ കമ്പനികളിൽ ജോലി ചെയ്തശേഷമാണ് മൾട്ടീവോവൻ എന്ന സംരംഭത്തിന് സുബിൻ തുടക്കംകുറിച്ചത്. സുഹൃത്തുക്കളായ പശ്ചിമ ബംഗാൾ സ്വദേശി സുജോയ് ഗോലാൻ, കർണാടക സ്വദേശി നാഗേന്ദ്ര ധനകീർത്തി എന്നിവരാണ് മറ്റു കമ്പനി സ്ഥാപകർ.
ഫൗണ്ടിങ് എൻജിനീയർമാരായി സുബിന്റെ കോളജ് സുഹൃത്തുക്കളായ മലപ്പുറം ചമ്രവട്ടം സ്വദേശി വി.പി. അഫ്താബ്, കണ്ണൂർ സ്വദേശി കാർത്തിക് ശിവദാസ് എന്നിവരുമുണ്ട്. നാലുമാസം മുമ്പ് ഏകദേശം ഒമ്പതുകോടിയുടെ മൂലധന ഫണ്ടിങ് കമ്പനി നേടിയിരുന്നു. സ്ഥാപകരും മുഴുവൻ ജീവനക്കാരും എ.ഐ സ്ക്വയേഡിന്റെ ഭാഗമാകും. ഇടപാടിന്റെ ഭാഗമായി എ.ഐ സ്ക്വയേഡിന്റെ എൻജിനീയറിങ് വിഭാഗം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.