മുംബൈ: പ്രതിമാസ തവണകളായി വായ്പ തിരിച്ചടക്കുന്ന വ്യക്തിഗത വായ്പക്കാർക്ക് േഫ്ലാട്ടിങ് നിരക്കിൽനിന്ന് സ്ഥിര പലിശ നിരക്ക് സമ്പ്രദായത്തിലേക്ക് മാറാനോ വായ്പാ കാലാവധി നീട്ടാനോ അനുവദിക്കണമെന്ന് ആർ.ബി.ഐ ബാങ്കുകളോട് നിർദേശിച്ചു. ഉയരുന്ന പലിശനിരക്കിൽനിന്ന് സംരക്ഷണം നൽകുന്നതിനാണ് ഈ നീക്കം.
വർധിച്ചുവരുന്ന പലിശനിരക്ക് കാരണം വായ്പ തിരിച്ചടവ് കാലയളവ് നീളുന്നതായും പ്രതിമാസ തിരിച്ചടവ് തുക വർധിക്കുന്നതായും വ്യക്തിഗത വായ്പയെടുത്ത നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. വായ്പയെടുത്തവരെ അറിയിക്കാതെയും അവരുടെ സമ്മതമില്ലാതെയുമാണ് നിരക്കിലും കാലയളവിലും മാറ്റം വരുത്തിയത്.
ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം ആവിഷ്‍കരിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയത്. അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തുമ്പോൾ ഇ.എം.ഐയിലും തിരിച്ചടവ് കാലയളവിലും സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് വായ്പയെടുക്കുന്ന സമയത്തുതന്നെ ബാങ്കുകൾ ഉപഭോക്താവിനെ അറിയിക്കണം.
മാത്രമല്ല, ഈ രീതിയിൽ ഇ.എം.ഐയിൽ മാറ്റം വരുത്തുമ്പോൾ ഉപഭോക്താവിനെ കൃത്യമായി അറിയിക്കുകയും വേണം. വായ്പ കാലയളവിൽ എത്ര തവണ തിരിച്ചടവ് രീതിയിൽ മാറ്റം വരുത്താൻ കഴിയുമെന്ന കാര്യവും ബാങ്കുകൾ വ്യക്തമാക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.