കൈതച്ചക്കകർഷകർക്കിത് മധുരമൂറും കാലം. ഒരു പതിറ്റാണ്ടിനിടയിലെ റെക്കോഡ് വിലയാണ് കർഷകർക്ക് ആശ്വാസമേകുന്നത്. കയറിയും ഇറങ്ങിയും പലപ്പോഴും നിനച്ചിരിക്കാതെ കർഷകനെ കണ്ണീര് കുടിപ്പിക്കുന്ന പൈനാപ്പിൾ വില ഇക്കുറി ജൂൺ വരെയെങ്കിലും ഉയർന്ന് തന്നെ നിൽക്കുമെന്നാണ് പ്രതീക്ഷ.
നവംബർ -ഡിസംബർ മാസങ്ങളിലെ വിലത്തകർച്ച സകല പ്രതീക്ഷയും തകർത്ത കർഷകർക്ക് പുതുജീവനേകുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റം. ചൂടേറിയതും ഉത്തരേന്ത്യയിലെ ഉത്സവകാലവുമെല്ലാം ഗുണകരമായിട്ടുണ്ട്. ഇത്തവണ കാലംതെറ്റി പെയ്യുന്ന മഴയും കൈതച്ചക്കകൃഷിക്ക് അനുകൂല ഘടകമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000 ഏക്കറിലാണ് കൈതച്ചക്ക കൃഷി. മൗറിഷ്യസ് ഇനത്തിൽപെടുന്ന ചെടികളാണ് നടുന്നത്. ആണ്ടിലൊരിക്കലാണ് വിളവെടുപ്പ്. ഒരു ചെടിയിൽനിന്ന് ഒരുവട്ടം വിളവെടുത്ത് കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളക്കുന്ന തൈയിൽനിന്നാകും വിളവെടുപ്പ്. ഇങ്ങനെ പരമാവധി മൂന്ന് വർഷംവരെ വിളവെടുക്കും. 1.400 കിലോ മുതലുള്ള ഫലമാണ് ഒരു ചെടിയിൽ നിന്ന് ലഭിക്കുന്നത്. ഇപ്രകാരം പതിനായിരം ഏക്കറിൽനിന്ന് 14,000 കിലോ കൈതച്ചക്കമുതൽ ലഭിക്കും. പഴുത്തത്, പാകമായത്, പച്ച എന്നിങ്ങനെയാണ് ഇതിന്റെ വിപണനം. മൂന്നിനും വ്യത്യസ്ത വിലയാണ്.
മലയാളികളടക്കമുള്ളവരുടെ തീൻമേശകളിലെ പ്രധാന ഫലങ്ങളിലൊന്നാണ് കൈതച്ചക്ക. രുചിയും മധുരവും കൂടുതലായതിനാൽ കേരള പൈനാപ്പിൾ പ്രത്യേകിച്ച്, വാഴക്കുളം പൈനാപ്പിളിന് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയാണ്.എന്നാൽ, കേരളത്തിനകത്തും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാത്രമായി ഇതിന്റെ വിപണനം ഒതുങ്ങി.ഉൽപാദിപ്പിക്കുന്ന ഫലത്തിന്റെ അര ശതമാനംപോലും കയറ്റുമതി ചെയ്യുന്നില്ല. പഴം ഏറെ ദിവസം അഴുകാതിരിക്കില്ല എന്നതാണ് പ്രധാന തടസ്സം.
കർഷകരെ ഏകോപിപ്പിച്ച് മുന്നിൽ നിന്ന് നയിക്കുന്നത് രണ്ട് സംഘടനകളാണ്. പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ, ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയാണവ. കൃഷിയിറക്കൽ മുതൽ വിളവെടുപ്പ് വിലനിർണയംവരെ ഇവരുടെ ഇടപെടലുണ്ട്.
ഓരോ ദിവസവും രാവിലെ കൈതച്ചക്ക വില വെബ് സൈറ്റിലിടുന്നതോടൊപ്പം ഗ്രോവേഴ്സ് അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലും അപ്ഡേറ്റ് ചെയ്യും. കഴിഞ്ഞ 10 വർഷത്തെ വിലയും അതത് ദിവസത്തെ വിലയും തമ്മിൽ താരതമ്യവുമുണ്ടാകും. സ്വന്തമായി 300 ഏക്കറിൽ കൃഷിയിറക്കുന്ന ബേബി ജോണാണ് ഗ്രോവേഴ്സ് അസോസിയേഷനെ നയിക്കുന്നത്.
കഴിഞ്ഞ 38 വർഷമായി പൈനാപ്പിൾ കൃഷിയാണിദ്ദേഹത്തിന്റെ ജീവിതം. കർഷകനാശ്വാസമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമതയോടെ സർക്കാർതലത്തിൽ നടപ്പാക്കണം എന്ന് ബേബി ജോൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.