ഹേഗ്: സുരക്ഷയില്ലാതെ യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങൾ യു.എസിലേക്ക് കൈമാറ്റം ചെയ്ത കേസിൽ ടാക്സി സേവന കമ്പനിയായ ഊബറിന് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ രൂപ) പിഴ. ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി(ഡി.പി.എ)യാണ് പിഴ ചുമത്തിയത്.
ടാക്സി ലൈസൻസുകൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, പേയ്മെൻറ് വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, ഡ്രൈവർമാരുടെ മെഡിക്കൽ ഡാറ്റ എന്നിവയുൾപ്പെടെ നിർണായക വിവരങ്ങൾ ഊബർ ശേഖരിച്ചതായി ഡി.പി.എ പറഞ്ഞു.
വ്യക്തിവിവരങ്ങൾ സംരക്ഷിക്കാൻ സാങ്കേതികമായോ മറ്റോ നടപടി സ്വീകരിക്കാതെ രണ്ട് വർഷത്തിലേറെയായി തുടരുന്ന ഡേറ്റ കൈമാറ്റം യൂറോപ്യൻ യൂനിയന്റെ പൊതുവിവര സംരക്ഷണ നിയമങ്ങളുടെ (ജി.ഡി.പി.ആർ) ലംഘനമാണെന്ന് അതോറിറ്റി ചെയർമാൻ അലീഡ് വൂൾഫ്സെൻ ചൂണ്ടിക്കാട്ടി. ഡേറ്റ കൈമാറ്റം ചെയ്യാൻ യു.എസും യൂറോപ്യൻ കമീഷനും ചേർന്ന് രൂപകൽപന ചെയ്ത പ്രൈവസി ഷീൽഡ് ചട്ടം അസാധുവാണെന്ന് 2020ൽ യൂറോപ്യൻ യൂനിയൻ കോടതി വിധിച്ചിരുന്നു.
എന്നാൽ, തീരുമാനം തെറ്റാണെന്നും നീതിക്ക് നിരക്കാത്തതാണെന്നും അപ്പീൽ നൽകുമെന്നും ഊബർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.