കൊച്ചി: ജനങ്ങൾക്ക് ആശ്വാസമേകാനെന്ന പേരിൽ കേന്ദ്രസർക്കാർ കുറച്ച ഇന്ധനവില അതിവേഗം തിരിച്ചുകയറുന്നു. ഡീസലിനും പെട്രോളിനും രണ്ടര രൂപ വീതമാണ് ഇൗ മാസം അഞ്ചുമുതൽ കുറഞ്ഞത്. എന്നാൽ, 10 ദിവസംകൊണ്ട് ഡീസലിന് 2.55 രൂപ കൂടി. പെട്രോളിന് 1.25 രൂപയും. ഇതോടെ, വില കുറച്ചതിെൻറ ആനുകൂല്യം ഫലത്തിൽ ഇല്ലാതായി.
ഇൗ മാസം നാലിനാണ് കേന്ദ്രസർക്കാർ വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതവും എണ്ണക്കമ്പനികൾ ഒരുരൂപ വീതവും കുറച്ചതോടെയാണ് രണ്ടിെൻറയും വില രണ്ടര രൂപ വീതം കുറഞ്ഞത്. എന്നാൽ, ഡീസൽ വില 10 ദിവസം കൂടി ഇൗ കുറവിനെ മറികടന്നു. ഞായറാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് 20 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 86.08 രൂപയിലും ഡീസൽ വില 80.66 രൂപയിലുമെത്തി.
ഒാരോ മാസവും പാചകവാതക വില കുത്തനെ ഉയർത്തുന്നതും ഉപഭോക്താക്കളെ വലക്കുന്നു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 1500 രൂപക്ക് മുകളിലെത്തി. ഗാർഹികാവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറിന് ഉപഭോക്താവ് ഒക്ടോബർ ഒന്നുമുതൽ 900 രൂപയോളമാണ് നൽകുന്നത്. ഇതിൽ 376 രൂപ സബ്സിഡിയായി അക്കൗണ്ടിലെത്തുമെന്ന് എണ്ണക്കമ്പനികൾ പറയുന്നു.
പ്രദേശത്തിനനുസരിച്ച് സിലിണ്ടർ വിലയിലും നേരിയ ഏറ്റക്കുറച്ചിലുണ്ടാകും. പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നശിച്ച കുടുംബങ്ങളെയും ഹോട്ടലുകളെയും പാചകവാതക വിലവർധന കാര്യമായി ബാധിച്ചിട്ടുണ്ട്. ഇടത്തരം, ചെറുകിട ഹോട്ടലുകൾ വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഉടമകൾ പറയുന്നു.
പ്രതിഷേധം മുറുകിയപ്പോൾ കൊട്ടിഗ്ഘോഷിച്ച് വില കുറച്ച കേന്ദ്രം ഇതിന് പിന്നാലെ പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർത്താൻ എണ്ണക്കമ്പനികൾക്ക് മൗനാനുവാദം നൽകിയിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച നേരിയ കുറവിലൂടെ ഉണ്ടായെന്നുപറയുന്ന നഷ്ടം ഇൗ മാസംതന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.