‘റദ്ദാക്കലില്‍’ വിരണ്ട് റീട്ടെയില്‍ മേഖല

ഇന്ത്യന്‍ ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും തട്ടിപ്പുകാര്‍ പണം ചോര്‍ത്തിയെന്ന് വ്യക്തമായതോടെ ബാങ്കുകള്‍ കൂട്ടമായി ഡെബിറ്റ് കാര്‍ഡുകള്‍ റദ്ദ് ചെയ്തു. 32 ലക്ഷത്തോളം കാര്‍ഡുകളാണ് ഇങ്ങനെ റദ്ദ് ചെയ്തത്. അതോടെ ‘പണി’ കിട്ടിയത് വ്യാപാര മേഖലക്കാണ്. കാര്‍ഡ് റദ്ദ് ചെയ്തതിനുശേഷമുള്ള ദിവസങ്ങളില്‍ മൊത്തത്തില്‍ വിറ്റുവരവില്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. ദീപാവലി പോലുള്ള ആഘോഷ സീസണ്‍ ആയതിനാല്‍ നഗരങ്ങളിലെ വ്യാപാരികള്‍ മികച്ച കച്ചവടം പ്രതീക്ഷിച്ചിരിക്കെയാണ് ഈ തിരിച്ചടി.
രാജ്യത്ത്  കറന്‍സി കൈമാറ്റ തോത് കുറക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഇതിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളും തുടങ്ങിയിരുന്നു. കള്ളനോട്ടും കള്ളപ്പണവും കുറയും, ഉപയോഗിക്കുന്ന പണത്തിന് കൃത്യമായി കണക്കുണ്ടാകും, സര്‍ക്കാറിന് കൃത്യമായി നികുതി കിട്ടും, അതുവഴി രാജ്യം വികസിക്കും എന്നിങ്ങനെയൊക്കെയായിരുന്നു സര്‍ക്കാര്‍ കാരണങ്ങള്‍ നിരത്തിയിരുന്നത്. ഇത് വിശ്വസിച്ച് ഇടത്തരക്കാരില്‍ നല്ളൊരു വിഭാഗം വാങ്ങലുകള്‍ ‘കാര്‍ഡ്’ വഴിയാക്കി. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമൊക്കെയായി ഉപഭോക്താക്കള്‍ എത്താന്‍ തുടങ്ങിയതോടെ കച്ചവടം പോകാതിരിക്കാന്‍ ചെറുകിട കടകളിലടക്കം കാര്‍ഡ് സ്വീകരിക്കുന്നതിന് സംവിധാനങ്ങളും ഒരുക്കി.
ഇതോടെ അടുത്ത കാലത്തായി കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാപാരത്തില്‍ 20 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായാണ് കണക്ക്. ഇതില്‍തന്നെ രണ്ട് വിഭാഗമുണ്ട്. ഒന്ന് പണം കൊണ്ടുനടക്കാന്‍ മടിയുള്ളവരും അതേസമയം നിയന്ത്രിച്ച് ചെലവ് നടത്താന്‍ ആഗ്രഹിക്കുന്നവരും. രണ്ട് ഒന്നരമാസം വരെയുള്ള തിരിച്ചടവ് കാലാവധിയെന്ന ആകര്‍ഷണ വലയത്തില്‍പെട്ട് പണം റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍. നേരത്തേ ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡിനെ മറികടന്നിരുന്നെങ്കില്‍ ഇപ്പോള്‍ തിരിച്ചാണ് കാര്യങ്ങള്‍. ഇക്കഴിഞ്ഞ ദസറ വേളയില്‍ ദേശീയാടിസ്ഥാനത്തില്‍തന്നെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡിനെ മറികടന്നതായാണ് കണക്ക്. ആഘോഷവേളയില്‍ കാര്‍ഡ് ഉപയോഗിച്ച് നടന്ന  വ്യാപാരത്തില്‍ 53 ശതമാനവും ഡെബിറ്റ് കാര്‍ഡ് വഴിയാണ് നടന്നത്. ക്രെഡിറ്റ് കാര്‍ഡ് വിഹിതം 43 ശതമാനം മാത്രമായിരുന്നു. അതേസമയം, ചെലവഴിച്ച പണത്തിന്‍െറ കണക്ക് നോക്കിയാല്‍ കാര്‍ഡ് വഴി ചെലവഴിച്ചതില്‍ 52 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. രാജ്യത്ത് മൊത്തം 60 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 20 കോടിയോളം പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജനയുടെ ഭാഗമായി അനുവദിച്ച അക്കൗണ്ടുകളിലാണ്. ഈ കാര്‍ഡുകള്‍ സാധാരണഗതിയില്‍ ഷോപ്പിങ് രംഗത്തേക്ക് എത്താറില്ല. വിവരം ചോര്‍ന്നതായി സംശയിക്കുന്ന കാര്‍ഡുകള്‍ റദ്ദാക്കി പകരം കാര്‍ഡ് അനുവദിക്കാനാണ് ബാങ്കുകളുടെ നീക്കം. കാര്‍ഡ് റദ്ദാക്കിയ വിവരമറിഞ്ഞ് ബാങ്ക് ശാഖകളിലത്തെുന്നവരില്‍നിന്ന് പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നുണ്ട്. പുതിയ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പ്രത്യേക ചാര്‍ജ് ഒഴിവാക്കിക്കൊടുക്കാമെന്നാണ് വാഗ്ദാനം. എന്നാല്‍, നടപടി പൂര്‍ത്തിയാക്കി ഇടപാടുകാരന്‍െറ കൈയില്‍ കാര്‍ഡ് എത്താന്‍ രണ്ടാഴ്ചയെടുക്കും. അതുവരെ ആളുകള്‍ പണം എടുക്കാനും കൊണ്ടുനടക്കാനും മടിച്ച് ഷോപ്പിങ് അത്യാവശ്യത്തിന് മാത്രമാക്കിയാല്‍ ഈച്ചയെ ആട്ടി ഇരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് വ്യാപാരമേഖല.

 

Tags:    
News Summary - card cancellation cause concern in retail sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.