ന്യൂഡൽഹി: എ.സി െറസ്റ്റാറൻറുകളിൽ ഭക്ഷണത്തിന് ജി.എസ്.ടി 18 ശതമാനമുള്ളത് 12 ആയി കുറക്കാൻ ശിപാർശ. ചരക്കുസേവന നികുതി സംവിധാനം കൂടുതൽ ജനകീയമാക്കാൻ രൂപംനൽകിയ മന്ത്രിതല സമിതി യോഗമാണ് ശീതീകരിച്ച ഹോട്ടലുകൾക്ക് മറ്റുള്ളവയേക്കാൾ ഉയർന്ന നിരക്ക് വേണ്ടെന്നുവെക്കാൻ നിർദേശിച്ചത്. 7500 രൂപക്കു മുകളിൽ മുറിവാടകയുള്ള ഹോട്ടലുകൾക്ക് ജി.എസ്.ടി 18 ശതമാനമാക്കാനും അസം ധനമന്ത്രി ഹിമന്ത ബിശ്വാസ് ശർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.
ഒരു കോടിയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയ കോമ്പസിഷൻ സംവിധാനത്തിൽ ഭാഗഭാക്കായ ചെറുകിട വ്യവസായികൾക്കും െറസ്റ്റാറൻറുകൾക്കും നികുതിനിരക്ക് ഒരു ശതമാനമായി ചുരുക്കാനും നിർദേശമുണ്ട്. ചെറുകിട വ്യവസായികൾക്ക് ജി.എസ്.ടി രണ്ടു ശതമാനവും െറസ്റ്റാറൻറുകൾക്ക് അഞ്ചു ശതമാനവുമായിരുന്നതാണ് ഒരു ശതമാനമായി ലഘൂകരിക്കുന്നത്. വ്യാപാരികൾക്ക് നിലവിലുള്ള ഒരു ശതമാനം നികുതി രണ്ടായി വിഭജിക്കാനും സമിതി നിർദേശിച്ചു. ഇതുപ്രകാരം ജി.എസ്.ടിക്ക് പുറത്തുള്ള വസ്തുക്കൾകൂടി പരിഗണിച്ച് മൊത്തം വിറ്റുവരവിന് നികുതി ഒടുക്കുന്നുവെങ്കിൽ 0.5 ശതമാനം നൽകിയാൽ മതി. ജി.എസ്.ടിയുള്ളവയുടെ മാത്രം വിറ്റുവരവ് പരിഗണിക്കുന്നുവെങ്കിൽ ഒരു ശതമാനംതന്നെ നികുതി നൽകണം.
ചെറുകിട നികുതിദായകർക്ക് നടപടിക്രമം ലഘൂകരിക്കാനായി ഏർപ്പെടുത്തിയതാണ് കോമ്പസിഷൻ സംവിധാനം. മൊത്തം ഒരു കോടി സ്ഥാപനങ്ങളാണ് ചരക്കു സേവന നികുതിക്ക് കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. സാധാരണ നികുതിദായകൻ ഒാരോ മാസവും വിശദമായ രേഖകൾ സൂക്ഷിക്കുകയും നികുതി ഒടുക്കുകയും വേണ്ടിടത്ത് കോമ്പസിഷൻ സംവിധാനത്തിൽ മൂന്നു മാസത്തിലൊരിക്കൽ നൽകിയാൽ മതി. വിശദമായ രേഖകൾ സൂക്ഷിക്കുകയും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.