മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ടതിന് പിന്നാലെ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള സർചാർജിലും, കമ്പനികളിലെ പൊതുഓഹരി പങ്കാളിത്ത വിഷയത്തിലും പുനരാലോചന നടത്താനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദേശം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മോദി നിർദേശം നൽകി.
ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം ഉയർത്താനുള്ള തീരുമാനം തൽക്കാലത്തേക്ക് കേന്ദ്രസർക്കാർ നടപ്പാക്കില്ലെന്നാണ് സൂചന. ഇതിന് പുറമേ ധനികർക്ക് ഏർപ്പെടുത്തിയ സർചാർജ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് തിരിച്ചടിയാകാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നാണ് സൂചന.
ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി വർധിപ്പിക്കാനായിരുന്നു ബജറ്റ് തീരുമാനം. ഇതിന് പുറമേ രണ്ട് മുതൽ അഞ്ച് കോടി വരെ വരുമാനമുള്ളവർക്ക് മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ഏഴ് ശതമാനവും സർചാർജ് ഏർപ്പെടുത്താനുള്ള തീരുമാനവും ബജറ്റിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയിൽ ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്ത് നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകർക്ക് അധിക സർചാർജ് ബാധകമാവും. ഇതുമൂലം വൻ തോതിൽ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.