പാലക്കാട്: ചരക്കുസേവന നികുതി നടപ്പാക്കിയ ശേഷം സംസ്ഥാനത്തേക്കുള്ള ബിരിയാണി അരിയുടെ വരവിൽ കുറവ്. രജിസ്ട്രേഡ് ബ്രാൻഡഡ് അരിക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് വരവിനെ ബാധിച്ചത്. ജി.എസ്.ടി നടപ്പാക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പാലക്കാട് അരി വിപണിയിലേക്ക് ബിരിയാണി അരി എത്തുന്നതിൽ കുറവുണ്ടായതായി മൊത്തവ്യാപാരികൾ പറഞ്ഞു. വരുംനാളുകളിൽ ലഭ്യതയിൽ കുറവുണ്ടാകും. നികുതി സംബന്ധമായ ആശയക്കുഴപ്പം നീങ്ങിയാൽ അടുത്ത ആഴ്ചയോടെ വിപണി പഴയപടിയാകുമെങ്കിലും ബ്രാൻഡഡ് അരി വിലയിൽ വർധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
മലബാർ, റോയൽകുക്ക് തുടങ്ങിയ ബ്രാൻഡുകളുടേതാണ് പാലക്കാട് മാർക്കറ്റിലേക്ക് കൂടുതൽ എത്തുന്ന ബിരിയാണി അരി. ജി.എസ്.ടിക്ക് മുമ്പ് 73 രൂപയാണ് ഒരു കിലോ ബിരിയാണി അരിയുടെ ശരാശരി വില. ഇനി നാല് മുതൽ ആറുരൂപ വരെ വർധനവുണ്ടാകും. സാധാരണ ബ്രാൻഡഡ് അരിക്ക് 1.50 മുതൽ രണ്ട് രൂപ വരെയും വർധിക്കും.
തമിഴ്നാട്, ആന്ധ്രപ്രദേശ്, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ബ്രാൻഡഡ് അരി എത്തുന്നത്. ആപ്പിൾ, അധിപൻ, ഫോവേ, നൂർജഹാൻ, കണ്ണൻ കതിർ, ഗായത്രി തുടങ്ങിയ ബ്രാൻഡഡ് അരികളാണ് പാലക്കാട് അരി വിപണിയിലേക്ക് പ്രധാനമായി എത്തുന്നത്. ജി.എസ്.ടി നടപ്പാക്കുന്നതോടെ അരി വില കുറയുമെന്നാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും സംസ്ഥാനത്ത് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് ബ്രാൻഡഡ് കമ്പനികളുടേതായതിനാൽ അരിവില വർധിക്കും. സാധാരണ ബ്രാൻഡഡ് അരിയുടെ വരവിൽ കുറവുണ്ടെങ്കിലും അത്ര പ്രകടമല്ല. പല അരിമില്ലുകളും ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.