കോഴിക്കോട്: ചരക്ക് സേവന നികുതി നിയമം നടപ്പായതോെട സംസ്ഥാനത്തെ മിക്ക ചെറുകിട വ്യവസായ യൂനിറ്റുകളുടെയും നില പരുങ്ങലിൽ. ജി.എസ്.പ്രാബല്യത്തിൽ വന്ന് രണ്ടു മാസം പിന്നിട്ടിട്ടും ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. അടച്ചുപൂട്ടലിെൻറ വക്കിലാണ് പലരും. ചെറുകിട വ്യവസായ യൂനിറ്റുകളിൽ പകുതിയിലധികം കച്ചവടം കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
75 ലക്ഷം രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്കാണ് ജി.എസ്.ടി കൂടുതൽ പ്രതികൂലമാവുന്നത്. മുമ്പ് ലഭിച്ച നികുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലാതായതോടെ കോർപറേറ്റുകളോടാണ് മത്സരിക്കേണ്ടിവരുന്നത്. വർധിക്കുന്ന ഉൽപാദനച്ചെലവ്, മത്സരക്ഷമതക്കുള്ള സാഹചര്യം എന്നിവ തിരിച്ചടിയാവുകയാണ്. ചെറുകിട- ഇടത്തരം സംരംഭകർക്കും കോർപറേറ്റുകൾക്കും ഒരേ ഉൽപന്നങ്ങൾക്ക് ഒരേ നികുതി വരുന്നതാണ് പ്രശ്നം.
മുമ്പ് അഞ്ചു ശതമാനം നികുതി നൽകിയിരുന്ന പല ഉൽപന്നങ്ങൾക്കും ജി.എസ്.ടിയിൽ ഉയർന്ന നിരക്കായ 18 ശതമാനത്തിലും 28 ശതമാനത്തിലുമെത്തിയിരിക്കുകയാണ്. പെയിൻറ്, സിമൻറ്കൊണ്ടുള്ള ജനൽ, ഹോളോബ്രിക്സ്, പ്ലൈവുഡ്, പ്ലാസ്റ്റിക്, മെഷിനറി തുടങ്ങിയ മിക്ക മേഖലകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
പ്ലാസ്റ്റിക് നിർമാണ യൂനിറ്റുകളുടെ വ്യാപാരത്തിലും വലിയ കുറവാണുണ്ടായത്. ഏതാനും ചില പ്ലാസ്റ്റിക് ഇനങ്ങള്‍ മാത്രം 12 ശതമാനത്തിനു താഴെയുള്ള നിരക്കില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഭൂരിഭാഗം ഇനങ്ങളെയും 18 ശതമാനം നികുതിയുെട പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ മൊത്തത്തിലുള്ള നികുതി വര്‍ധന ആയിരക്കണക്കിനു വരുന്ന ചെറുകിട-ഇടത്തരം പ്ലാസ്റ്റിക് വ്യവസായികളെ ബാധിച്ചിട്ടുണ്ട്.
അച്ചാർ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങി പാക്ക് ചെയ്തു വരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ജി.എസ്.ടി വഴി വില കൂടിയത് ഇൗ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അസംസ്കൃത വസ്തുക്കൾക്ക് വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വർധിക്കുകയാണുണ്ടായതെന്നും ചെറുകിട വ്യവസായ മേഖല വലിയ ഭീഷണി നേരിടുകയാണെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് ദാമോദർ പറഞ്ഞു. രാജ്യത്തുള്ളത് മൂന്നുകോടിയിലേറെ ചെറുകിട, ഇടത്തരം സംരംഭകരാണ്. വ്യവസായിക ഉൽപാദനത്തിെൻറ 50 ശതമാനവും കയറ്റുമതിയുടെ 42 ശതമാനവും സംഭാവന ചെയ്യുന്ന മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.