കോഴിക്കോട്: ഹോട്ടൽ, വ്യാപാര മേഖലയിലെന്നപോലെ ഔഷധവിപണിയിലും ആശയക്കുഴപ്പത്തിെൻറ ജി.എസ്.ടി ദിനങ്ങൾ. രാജ്യത്തെങ്ങും ഏകീകൃത നികുതി നിലവിൽവന്ന ജൂലൈ ഒന്നു മുതൽ ഒൗഷധവിപണനത്തിലും ജി.എസ്.ടി വരുമെന്നായിരുന്നു ധാരണയെങ്കിലും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഉപഭോക്താക്കൾക്ക് പരമാവധി ഉയർന്ന വിലയിലാണ് (എം.ആർ.പി) മരുന്നുകൾ നൽകുന്നതെങ്കിലും ഇത് മൊത്തവ്യാപാരികൾക്കും ചില്ലറവ്യാപാരികൾക്കും വരുത്തിവെക്കുന്ന നഷ്ടം ചില്ലറയല്ല. ചില്ലറവ്യാപാരികൾക്ക് എട്ടു ശതമാനവും മൊത്തവ്യാപാരികൾക്ക് ആറു ശതമാനവും നഷ്ടമാണ് ജി.എസ്.ടിയിലൂടെ നിലവിൽ നേരിടുന്നത്.
ഇതിനിടയിൽ ഒൗഷധവിപണിയിൽ ജി.എസ്.ടി നടപ്പാക്കാൻ ആഗസ്റ്റ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന തരത്തിൽ അറിയിപ്പുകളും പുറത്തുവരുന്നുണ്ട്. ഇത് സ്ഥിരീകരിക്കാത്തതും ആശയക്കുഴപ്പം കൂടാൻ കാരണമാവുന്നു.ജൂൺ 27ന് ജി.എസ്.ടി അടിസ്ഥാനത്തിൽ പുതുക്കിനിശ്ചയിച്ച 761 മരുന്നുകളുടെ പട്ടികയും 30ന് 814 മരുന്നുകളുടെ പട്ടികയും ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ‘ജി.എസ്.ടിയുടെ കീഴിൽ വരുന്നത്’ എന്ന സീലടിച്ചാണ് ബില്ല് നൽകുന്നതെങ്കിലും ജി.എസ്.ടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കഴിയില്ല. സെപ്റ്റംബർ അഞ്ചിനാണ് ജി.എസ്.ടി നികുതി ഈടാക്കിയതു സംബന്ധിച്ച വിവരങ്ങൾ സർക്കാറിന് സമർപ്പിക്കേണ്ടത്.
ഇതിനിടയിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ധനമന്ത്രിയും വാണിജ്യ നികുതി വകുപ്പും ഇക്കാര്യത്തിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഡ്രഗ്സ് കൺട്രോളർ തങ്ങളുടെ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക ഡ്രഗ്സ് കൺട്രോളർക്കാണ്. പലതവണ അദ്ദേഹവുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഒാൾകേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹനൻ പറയുന്നു.
മൊത്തവ്യാപാരികൾക്ക് തിരിച്ചുകൊടുക്കേണ്ട സ്ഥിതി
കോഴിക്കോട്: ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട സീസണിൽ ജി.എസ്.ടി പ്രതിസന്ധിമൂലം പലർക്കും വ്യാപാരം കുറഞ്ഞു. പനിക്കാലം മുന്നിൽക്കണ്ട് വൻതോതിൽ ശേഖരിച്ച മരുന്നുകൾ മൊത്തവ്യാപാരികൾക്ക് തിരിച്ചുകൊടുക്കുന്ന സാഹചര്യമാണ് നിലവിലെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. സ്വകാര്യ ആശുപത്രികളിലാണ് ഇത്തരമൊരു സാഹചര്യമുള്ളത്. ജൂൺ 30 വരെ ഉൽപാദിപ്പിച്ചതും വിപണിയിലെത്തിയതുമായ മരുന്നുകൾ നിലവിലുള്ള എം.ആർ.പിയിലും കുറഞ്ഞ വിലയിലേ നൽകാനാവൂ. എന്നാൽ, ജി.എസ്.ടി തുക സർക്കാറിന് നൽകുകയും വേണം. ഇത് ചില്ലറവ്യാപാരികൾക്ക് എട്ടു മുതൽ 13 ശതമാനം വരെ നഷ്ടം വരുത്തുന്നതിനാൽ പലരും പല മരുന്നുകളും വിറ്റഴിക്കാതെ മാറ്റിവെക്കുകയാണ്. ഫാർമസികളിൽ ചില ഘട്ടത്തിൽ ഉപഭോക്താവിനെ ജി.എസ്.ടി നിരക്ക് പറഞ്ഞു മനസ്സിലാക്കിയാണ് ബില്ലടിക്കുന്നത്.
നിലവിൽ മൂന്നു മാസമായി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിനായ ടെറ്റനസ് ടോക്സോയിഡ് (ടി.ടി) വിപണിയിൽ ലഭ്യമല്ല. ഇതിെൻറ നിർമാണച്ചെലവും മറ്റനുബന്ധ ചെലവുകളും കണക്കിലെടുത്ത് കമ്പനികൾ ഉൽപാദനം കുറച്ചതാണ് ഇതിനു കാരണം. ജി.എസ്.ടിയിലൂടെ മരുന്നുകൾക്ക് വില കുറയുമ്പോൾ മറ്റു പല ഔഷധങ്ങളുടെയും ഉൽപാദനത്തിെൻറ തോത് കുറയുമോ എന്ന ആശങ്കയും ചില്ലറവ്യാപാര മേഖലയിലുണ്ട്. ഇതോടൊപ്പം ജി.എസ്.ടി പട്ടികയിൽ വരാത്ത മരുന്നുകൾക്ക് മൂന്നു മുതൽ ഏഴു ശതമാനം വരെ വില കൂടാനും സാധ്യതയുണ്ട്. എന്നാൽ, ഇവ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പല മരുന്നുകളും മൊത്തവ്യാപാരികൾക്ക് തിരിച്ചുകൊടുത്ത് എം.ആർ.പി മാറ്റി ലേബൽ ചെയ്യാനൊരുങ്ങുകയാണ് തങ്ങളെന്ന് കേരള ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രേംജി വയനാട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.