ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) ജൂലൈ ഒന്നു മുതൽ നടപ്പാക്കുേമ്പാൾ ഫോൺ വിളിക്ക് ചെലവേറും. ലാൻഡ് ഫോണുകൾക്കും മൊബൈൽ ഫോണുകൾക്കും ഡാറ്റ, ഇൻറർനെറ്റ് സേവനങ്ങൾക്കും ഇത് ബാധകമാണ്. ടെലികോം സേവനങ്ങൾക്ക് നികുതി 18 ശതമാനമായി ജി.എസ്.ടി കൗൺസിൽ നിശ്ചയിച്ചു. നികുതിയും സെസുമായി ഫോൺവിളിക്ക് ആകെ 15 ശതമാനമാണ് ഇപ്പോൾ ഇൗടാക്കുന്നത്.
ശ്രീനഗറിൽ സമ്മേളിച്ച കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ വെള്ളിയാഴ്ച ടെലികോം ഉൾപ്പെടെ വിവിധ സേവന മേഖലകളുടെ ജി.എസ്.ടി നിരക്കുകൾ തരംതിരിച്ചു. ഉൽപന്നങ്ങളുടെ കാര്യത്തിലെന്ന പോലെ 5,12,18,28 എന്നിങ്ങനെ നാലു സ്ലാബുകളിലാണ് സേവനമേഖലയിൽ ജി.എസ്.ടി നികുതി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കും. ടെലികോമിനു പുറമെ ധനകാര്യ സേവന മേഖലയിലും നികുതിനിരക്ക് 18 ശതമാനമാകുമെന്ന് രണ്ടു ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗത്തിനുശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താലേഖകരോട് പറഞ്ഞു.
ട്രെയിൻ യാത്രയിൽ എ.സി ടിക്കറ്റല്ലെങ്കിൽ നികുതിയില്ല. എ.സി ടിക്കറ്റിന് അഞ്ചു ശതമാനം നികുതി. മെട്രോ, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾക്കും ഹജ്ജ് യാത്രാ ടിക്കറ്റുകൾക്കും പൂർണമായി ജി.എസ്.ടി ഇളവ്. ഒാല, ഉബർ തുടങ്ങിയ സർവിസുകൾക്ക് അടക്കം ഗതാഗത സേവനങ്ങൾക്ക് അഞ്ചു ശതമാനമാണ് നികുതി. ഇപ്പോഴത് ആറു ശതമാനമാണ്. സാധാരണക്കാർ കൂടുതലായി യാത്ര ചെയ്യുന്ന ഇേക്കാണമി ക്ലാസ് വിമാന നിരക്കിന് അഞ്ചു ശതമാനം നികുതി. ബിസിനസ് ക്ലാസിന് 12 ശതമാനം.1,000 രൂപവരെ പ്രതിദിന മുറിവാടകയുള്ള ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും ജി.എസ്.ടി ഇല്ല. 1,001 മുതൽ 2,000 വരെയാണെങ്കിൽ 12 ശതമാനം. തുടർന്ന് 5,000 വരെ 18 ശതമാനം. അതിനു മുകളിലാണെങ്കിൽ 28 ശതമാനം. 50 ലക്ഷത്തിൽ താഴെ വരുമാനമുള്ള റസ്റ്റാറൻറുകൾക്ക് അഞ്ചു ശതമാനം. എ.സി അല്ലാത്ത റസ്റ്റാറൻറുകൾക്ക് 12 ശതമാനമാണ് ഭക്ഷണ ബില്ലിൽ ജി.എസ്.ടി. എ.സി റസ്റ്റാറൻറുകൾക്കും മദ്യ ലൈസൻസ് ഉള്ളവക്കും 18 ശതമാനം. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 28 ശതമാനം.
വിനോദ നികുതി സേവന നികുതിയുമായി ലയിപ്പിക്കുന്നതു വഴി സിനിമ ടിക്കറ്റ്, കുതിരപ്പന്തയം, വാതുവെപ്പ് എന്നിവക്കെല്ലാം 28 ശതമാനം നികുതി. സിനിമ ടിക്കറ്റ് നികുതിയിൽ 55 ശതമാനം വരെ കുറയും. എന്നാൽ, ടിക്കറ്റ് നിരക്ക് കുറയില്ല. സംസ്ഥാനങ്ങൾക്ക് പ്രാദേശിക ചാർജുകൾ ചുമത്താൻ അവസരം നൽകിയിരിക്കുന്നതുകൊണ്ടാണിത്. കൽക്കരിക്കും ലോഹ അയിരിനും അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തിയതു വഴി സിമൻറിനും കമ്പിക്കും വില കൂടും. ബ്രാൻഡഡ് വസ്ത്രങ്ങൾക്കും വില ഉയരും. 28 ശതമാനം നികുതി ചുമത്തിയതിനാൽ സാനിട്ടറി സാധനങ്ങൾക്കും വില കൂടും. ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ പോലുള്ള ഇ-കോമേഴ്സ് വ്യാപാരികൾ, വിൽക്കുന്ന സാധനങ്ങൾക്ക് വിതരണക്കാരിൽനിന്ന് ഒരു ശതമാനം ടി.സി.എസ് (സ്രോതസ്സിൽനിന്നുള്ള നികുതി ശേഖരണം) ഇൗടാക്കും. ഫലത്തിൽ അത് ഒാർഡർ നൽകുന്നവർ കൊടുക്കേണ്ടി വരും. ലോട്ടറിക്ക് നികുതി ഇല്ല.
സോഡ കയറ്റിയ പാനീയങ്ങൾക്ക് 12 ശതമാനം സെസ്. പാൻമസാല, ഗുഡ്ക എന്നിവക്ക് 204 ശതമാനം സെസ്. ദുർഗുണ ഉൽപന്നങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവക്ക് 28 ശതമാനം നികുതിക്കു പുറമെ സെസ് ചുമത്തും. പുകയില ഉൽപന്നങ്ങൾക്ക് 71 മുതൽ 204 ശതമാനം വരെയാണ് സെസ്.
65 മില്ലി മീറ്റർ വരെ നീളമുള്ള ഫിൽറ്റർ ഉള്ളതും ഇല്ലാത്തതുമായ സിഗരറ്റുകൾക്ക് അഞ്ചു ശതമാനം സെസ്; ആയിരം സിഗരറ്റിന് 2,126 രൂപ ഇതിനു പുറമെ നൽകണം. സിഗാറുകൾക്ക് 21 ശതമാനവും ആയിരത്തിന് 4,170 രൂപയും ചുമത്തും. ബ്രാൻഡ് ഗുഡ്കക്ക് 72 ശതമാനമാണ് സെസ്. പൈപ്പ് വലിക്കുന്നതിനുള്ള മിശ്രിതങ്ങൾക്ക് 290 ശതമാനം.
സ്വർണം അടക്കം ചുരുക്കം ചിലതിെൻറ നികുതി നിരക്ക് മാത്രമാണ് ഇനി നിശ്ചയിക്കാൻ ബാക്കിയുള്ളത്. സ്വർണത്തിനും വിലപിടിച്ച ലോഹങ്ങൾക്കുമുള്ള നികുതിയുടെ കാര്യം കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജൂൺ മൂന്നിനു നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. ഉൽപന്നങ്ങളുടെ നികുതി നിരക്കാണ് കഴിഞ്ഞദിവസം തീരുമാനിച്ചത്. വെള്ളിയാഴ്ചത്തെ ചർച്ച സേവന നികുതി സംബന്ധിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.