തൃശൂർ: ഇന്ധനവില വർധന നേരിടാനാവാതെ ബസുടമകൾ സർവിസ് നിർത്തുന്നു. അറ്റകുറ്റപ്പണിക്കെന്ന പേരിൽ ബസുകൾ ഷെഡിൽ കയറ്റിയിടാനാണ് തീരുമാനം. അതിനായി ജി.ഫോം സമർപ്പിക്കും. അങ്ങനെ ചെയ്താൽ റോഡ് നികുതിയൊഴിവാകും. സെപ്റ്റംബർ 30 മുതൽ പെർമിറ്റുകൾ നിലനിർത്തി ബസുകൾ കയറ്റിയിടും.
മറ്റ് ജോലികളിൽ നോക്കിക്കൊള്ളാൻ തൊഴിലാളികൾക്ക് ഉടമകൾ നിർദേശം നൽകിയിട്ടുണ്ട്. തീരുമാനം പരസ്യമായാൽ വൻ എതിർപ്പിനിടയാക്കുമെന്നതിനാൽ ഓരോരുത്തരും സ്വകാര്യമായി ചെയ്യണമെന്നാണ് ബസുടമകളുടെ സംഘടനയുടെ നിർദേശം. 15 ാം തീയതി ശനിയാഴ്ച വരെ സംസ്ഥാനത്തെ ആർ.ടി.ഓഫിസുകളിൽ നിന്ന് ജി.ഫോം വാങ്ങിയത് 1632 പേരാണ്. റോഡ് നികുതിയൊഴിവാക്കി നൽകുന്നതിനുള്ളതാണ് ജി.ഫോം. 30 വരേക്ക് സമയമുള്ളതിനാൽ എണ്ണം കൂടാനാണ് സാധ്യത. ഇക്കഴിഞ്ഞ മാർച്ചിൽ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ, ദിനേനയുയരുന്ന ഇന്ധനവില പ്രതിസന്ധിയിലാക്കുകയാണെന്നും ചിലവ് മുട്ടുന്നില്ലെന്നുമാണ് ബസുടമകൾ പറയുന്നത്. പ്രളയത്തിൽ തകർന്ന കേരളത്തിൽ നിരക്ക് വർധന ആവശ്യപ്പെട്ടാൽ വലിയ ജനകീയ എതിർപ്പിന് ഇടയാക്കുമെന്നതിനാലാണ്ണ് ബസ് കയറ്റിയിടാൻ ഉടമകൾ തീരുമാനിച്ചത്.
രണ്ടര വർഷത്തിനിടയിൽ ഡീസൽ വിലയിൽ 60 ശതമാനത്തിെൻറ വർധനവാണുണ്ടായത്. 2016ൽ ലിറ്ററിന് 48 രൂപയുണ്ടായിരുന്ന ഡീസലിന് ഇപ്പോൾ 78 രൂപയാണ്. 2016ൽ 80 ലിറ്റർ ഡീസലിന് 3840 രൂപയാണ് ചെലവിട്ടിരുന്നതെങ്കിൽ, ഇപ്പോൾ 7000 ൽ അധികമായി. മാത്രവുമല്ല. ഇന്ധനത്തിെൻറ ഗുണനിലവാരവും മാറി. ഒായിൽ അടക്കമുള്ള അനുബന്ധ ചെലവുകൾ വേറെ. 30,000 രൂപയാണ് മൂന്ന് മാസത്തേക്ക് റോഡ് നികുതി. പുതിയ ബസുകൾക്കാണെങ്കിൽ ഇത് 35000--36,000 വരെയാണ്. കുറഞ്ഞത് 20 ശതമാനമെങ്കിലും ബസുകൾ നിരത്തു വിടുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നീങ്ങുന്ന സംസ്ഥാനത്തിന് നികുതിയിനത്തിൽ ലഭിക്കേണ്ട കോടികൾ നഷ്ടമുണ്ടാക്കുന്നതാണ് ബസുടമകളുടെ തീരുമാനം.
ഇതോടൊപ്പം സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ, ഇതര സംസ്ഥാനക്കാർ, സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരും വലയും. ഇന്ധനവില വർധനവിനെതിരെ സ്വന്തം പക്ഷത്ത് നിന്നു തന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും മഹാരാഷ്ട്ര, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലും വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ബസുടമകൾ. അതുകൊണ്ടാണ് പെർമിറ്റ് റദ്ദാക്കാതെ ബസ് കയറ്റിയിടാനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.