ന്യൂഡൽഹി: നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടിെൻറ കണക്ക് ഒടുവിൽ റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ നവംബർ എട്ടിന് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. കള്ളപ്പണം, കള്ളനോട്ട് എന്നിവ തടയാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൻ നീക്കത്തിനൊടുവിൽ, ബാങ്കുകളിലേക്ക് തിരിച്ചെത്താതെ പോയത് ഒരുശതമാനം നോട്ടുകൾ മാത്രം. അസാധുവാക്കൽ നടപടിയിലൂടെ ലാഭം 16,000 കോടി രൂപ. പുതിയ നോട്ടുകൾ അച്ചടിക്കാൻ ചെലവിട്ടത് 21,000 കോടി.
നോട്ട് അസാധുവാക്കൽ പരാജയത്തിലാണ് കലാശിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിസർവ് ബാങ്ക് കണക്കുകൾ. കള്ളപ്പണവും കള്ളനോട്ടും തടയാൻ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ സാധിച്ചില്ലെന്ന് മാത്രമല്ല, വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതിലൂടെ സാധുവായി മാറുകയും ചെയ്തു. ഇപ്പോൾ വിപണിയിലുള്ള കറൻസി നോട്ടിൽ പകുതിയും (50.2 ശതമാനം) 2000 രൂപയുടേതാണെന്ന വിവരവും റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബർ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ 15.28 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തി. സാമ്പത്തിക വിനിമയം മാസങ്ങളോളം പാടേ തകരാറിലാക്കുകയും എ.ടി.എമ്മുകളുടെ പ്രവർത്തനം നിശ്ചലമാക്കുകയും ചെയ്ത അസാധുവാക്കൽ നടപടി കഴിഞ്ഞിട്ട് ഒമ്പത് മാസമായെങ്കിലും കറൻസി വിതരണം പഴയപടിയിലാക്കാൻ സാധിച്ചിട്ടില്ല. വിപണിയിൽ വിതരണത്തിലുള്ള നോട്ടുകൾ അഞ്ചിലൊന്നുകണ്ട് (20.2 ശതമാനം) കുറഞ്ഞതായും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
1000 രൂപയുടെ 632.6 കോടി നോട്ടുകളിൽ 8.9 കോടി മാത്രമാണ് ബാങ്കിൽ തിരിച്ചെത്താതിരുന്നത്. 1000 രൂപ നോട്ടുകളുടെ 1.4 ശതമാനം മാത്രമാണിത്. പഴയതും പുതിയതുമായി 500 രൂപയുടെ 588.2 കോടി നോട്ടുകളാണ് 2017 മാർച്ച് 31 വരെ പ്രചാരത്തിലുള്ളത്. 2016 മാർച്ച് 31ന് 1570.7 കോടി 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കാൻ ശിപാർശ ചെയ്ത സാമ്പത്തിക വിദഗ്ധർക്ക് നൊബേൽ പുരസ്കാരം നൽകണമെന്നാണ് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പ്രതികരിച്ചത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഏർപ്പാടായിരുന്നോ നോട്ട് അസാധുവാക്കൽ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.