ന്യൂഡൽഹി: വെടിനിർത്തൽ പ്രതീതി ജനിപ്പിച്ചാണ് കഴിഞ്ഞ ദിവസത്തെ ബോർഡ് യോഗം പിരിഞ്ഞതെങ്കിലും റിസർവ് ബാങ്ക് സർക്കാറിെൻറ വരുതിയിലേക്ക്. സ്വയംഭരണ സ്വാതന്ത്ര്യമുള്ള റിസർവ് ബാങ്കിനെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള മോദിസർക്കാറിെൻറ നടപടികൾ മുന്നോട്ട്.
ബാങ്കിെൻറ പ്രവർത്തനത്തിൽ നിയന്ത്രണ കേന്ദ്രമായി ബോർഡിനെ മാറ്റാനുള്ള ശ്രമത്തിൽ സർക്കാർ വിജയിച്ചു. ബോർഡിൽ സർക്കാർ തിരുകിയ അംഗങ്ങൾ മുഖേന സർക്കാറിെൻറ താൽപര്യം നടപ്പാകുന്നതാണ് കാഴ്ച. ഇതുവരെ റിസർവ് ബാങ്ക് ഗവർണർക്കും െഡപ്യൂട്ടി ഗവർണർമാർക്കുമായിരുന്നു നിയന്ത്രണം. ബോർഡിന് ഉപദേശക റോൾ മാത്രമായിരുന്നു.
എന്നാൽ, ഇനി ബോർഡിന് ജോലി കൂടുകയാണ്. കേന്ദ്രസർക്കാറിെൻറ നിർദേശങ്ങൾ അടിച്ചേൽപിക്കുന്ന വേദിയുമാവും ബോർഡ്. 18 ഡയറക്ടർമാരിൽ 13 പേരും പുറത്തുനിന്നുള്ളവരാണ്. എസ്. ഗുരുമൂർത്തി അടക്കം വ്യക്തമായ ബി.ജെ.പി രാഷ്ട്രീയമുള്ളവരും അതിലുണ്ട്.
ധനനയ നിർണയം, ബാങ്കിങ് മേഖല നിയന്ത്രണം എന്നീ ചുമതലകളാണ് റിസർവ് ബാങ്കിന് പ്രധാനമായും ഉള്ളത്. എന്നാൽ, ഇപ്പോൾ സർക്കാറിെൻറയും റിസർവ് ബാങ്കിെൻറയും മൂന്നു വീതം പ്രതിനിധികളുമായി ധനനയ സമിതി കൂടിയാലോചന നടത്തണം. ഇത് പലിശ നിരക്കുകൾ നിർണയിക്കുന്നതിന് റിസർവ് ബാങ്കിനുണ്ടായിരുന്ന പരമാധികാരം നഷ്ടമാക്കി.
ബോർഡിെൻറ ഉപദേശപ്രകാരം ചെറുകിട ബിസിനസുകാർക്കായി പദ്ധതി പുനരാവിഷ്ക്കരിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ബോർഡിെൻറ നിർദേശമാണത്. മുൻകാലത്തെപ്പോലെ ബാങ്ക് സ്വന്തംനിലക്ക് തീരുമാനിക്കുകയല്ല ചെയ്തത്. മൂലധന ശേഷി ചോർന്നുപോയ ബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാൻ പാകത്തിൽ മൂലധന ചട്ടങ്ങളിൽ ഇളവു വരുത്താനുള്ള തീരുമാനവും ബോർഡ് യോഗം വഴി സർക്കാർ നടപ്പാക്കി. റിസർവ് ബാങ്കിന് എത്ര കരുതൽ ശേഖരം സൂക്ഷിക്കണമെന്നു പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് റിസർവ് ബാങ്കിൽനിന്ന് സർക്കാറിന് ഉടനടി നേടേണ്ടിയിരുന്നത്. ഒന്ന്, ബാങ്കിെൻറ പക്കലുള്ള കരുതൽ ശേഖരം സമ്പദ്രംഗത്ത് ഉണർവ് പകരാനുള്ള ജനപ്രിയ പദ്ധതികൾക്കായി വിട്ടുകിട്ടണം. രണ്ട്, മൂലധനാടിത്തറ ദുർബലമായ 11 പൊതുമേഖലാ ബാങ്കുകൾക്ക് വായ്പ നൽകാനുള്ള വ്യവസ്ഥകളിൽ ഉദാരത നൽകണം. മൂന്ന്, പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിധി പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾക്ക് പച്ചക്കൊടി കാട്ടുകയാണ് ബോർഡ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.