ന്യൂഡൽഹി: കറൻസി നിരോധനം ദോഷഫലം ഉളവാക്കിയിട്ടില്ലെന്ന് കാണിക്കാൻ കേന്ദ്ര സ്ഥിതി വിവരക്കണക്ക് ഏജൻസിക്കുമേൽ (സി.എസ്.ഒ) മോദി സർക്കാർ സമ്മർദം ചെലുത്തിയെന്നും ഒാരോ പാദത്തിലും പുറത്തുവിടുന്ന മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) കണക്ക് വിശ്വസിക്കരുതെന്നും ബി.ജെ.പി േനതാവ് സുബ്രമണ്യൻ സ്വാമി. പണം കൊടുത്താൽ എന്ത് റിപ്പോർട്ടും തരുന്ന മൂഡിസും ഫിച്ചസും പോലുള്ള അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളെ വിശ്വസിക്കരുതെന്നും ബി.ജെ.പിയുടെ രാജ്യസഭ എം.പികൂടിയായ സ്വാമി ആവശ്യപ്പെട്ടു.
കറൻസി നിരോധനത്തിന്മേൽ പുറത്തുവിടേണ്ട സ്ഥിതി വിവരക്കണക്ക് സംബന്ധിച്ച് അവർക്കുമേൽ സമ്മർദമുണ്ടായിരുന്നു. അതുകൊണ്ടാണ് സമ്പദ്ഘടനയിൽ കറൻസി നിരോധനം ഒരു പ്രത്യാഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന തരത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ സ്ഥിതിവിവരക്കണക്ക് അവർ പുറത്തുവിട്ടത്.
തെൻറ പിതാവ് സ്ഥാപിച്ച സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഒാർഗനൈസേഷൻ (സി.എസ്.ഒ) താൻ ഇൗയിടെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കൊപ്പം സന്ദർശിച്ചിരുന്നുവെന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് അഹ്മദാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സുബ്രമണ്യൻ സ്വാമി പറഞ്ഞു. സി.എസ്.ഒയിലെ ഉദ്യോഗസ്ഥനെ ഗൗഡ വിളിച്ചിരുന്നു.
2016 നവംബറിലാണ് കറൻസി നിരോധനം ഏർപ്പെടുത്തിയതെന്നിരിക്കെ അതിെൻറ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് 2017 ഫെബ്രുവരി ഒന്നിെല സാമ്പത്തിക സർവേ റിപ്പോർട്ട് എങ്ങനെ പുറത്തുവിടാൻ കഴിയുമെന്ന് താൻ സി.എസ്.ഒ ഉദ്യോഗസ്ഥരോട് ചോദിച്ചു. കാരണം അതിനും മൂന്നാഴ്ച മുമ്പ് അത് പ്രസിൽ അച്ചടിക്കാൻ കൊടുക്കേണ്ടി വരുമല്ലോ. അപ്പോൾ ജനുവരി ആദ്യവാരത്തിൽ ഒരു റിപ്പോർട്ടുണ്ടാക്കി സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയുമെന്നും ഉദ്യോഗസ്ഥനോട് ചോദിച്ചു. താൻ ഒരു സ്ഥിതിവിവരക്കണക്ക് തരാൻ നിർബന്ധിതനായിരുന്നുവെന്നും അല്ലാതെ താനെന്തു ചെയ്യുമെന്നുമായിരുന്നു ഉദ്യോഗസ്ഥെൻറ ചോദ്യമെന്നും അതിനാൽ ഒാരോ പാദത്തിലും ഇൗ തരത്തിൽ പുറത്തുവിടുന്ന ജി.ഡി.പി വളർച്ചയുടെ സ്ഥിതി വിവരക്കണക്ക് വിശ്വസിക്കരുതെന്നും സ്വാമി പറഞ്ഞു.
ഇന്ത്യയുടെ റേറ്റിങ് കഴിഞ്ഞ 13 വർഷത്തേതിൽ ഏറ്റവും മികച്ചതാണെന്ന മൂഡിസ് റിപ്പോർട്ട് ഒരുമാസം മുമ്പാണ് പുറത്തുവിട്ടത്. ബി.ജെ.പി അത് ആഘോഷിക്കുന്നതിനിടയിൽ പാർട്ടി നേതാവ് അതിെൻറ വിശ്വാസ്യതയും ചോദ്യംചെയ്തു. അതിനുശേഷം 2018 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഉൽപാദനം നേരത്തേ പറഞ്ഞതുപോലെ 6.9 ഉണ്ടാകില്ലെന്നും 6.7 ആയിരിക്കുമെന്നും ഫിച്ച് റേറ്റിങ്സും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.