റാഞ്ചി: വിപണിയിലെ മാന്ദ്യം ഉരുക്ക് നിർമാണ മേഖലയിലെ കമ്പനികളെയും വാഹന-സ്പെയർപാർട്സ് നിർമാതാക്കളെയും ഗുരുതര പ്രതിസന്ധിയിലാക്കി. ഝാർഖണ്ഡിലെ വ്യവസായ മേഖലയായ ജാംഷഡ്പൂരിലും പരിസരങ്ങളിലുമായി 30 ഉരുക്ക് നിർമാണ കമ്പനികൾ അടച്ചുപൂട്ടിയപ്പോൾ രാജ്യത്തെ വൻകിട സ്വകാര്യ വാഹന നിർമാതാവായ ടാറ്റ മോട്ടോഴ്സിെൻറ ഇവിടെയുള്ള പ്ലാൻറ് അടച്ചും തുറന്നുമാണ് പ്രവർത്തിക്കുന്നത്.
മാസത്തിൽ 15 ദിവസമാണ് ടാറ്റയുടെ പ്ലാൻറ് പ്രവർത്തിക്കുന്നത്. കഴിഞ്ഞയാഴ്ച വ്യാഴം മുതൽ ശനി വരെ പ്രവർത്തിച്ചില്ല. ഞായർ അവധി. താൽകാലിക ജീവനക്കാരെ വീട്ടിൽതന്നെ ഇരുത്തുകയാണ് കമ്പനി ചെയ്യുന്നത്. സ്ഥിരം ജീവനക്കാർക്ക് മാത്രമാണ് ജോലിക്ക് കയറാൻ അനുമതി. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് പ്രവർത്തനം ഇടക്കു നിർത്തിയത്.
ഒരാഴ്ച പ്രവർത്തിച്ചാൽ നൽകാവുന്ന ഓർഡർ മാത്രമേ ആഗസ്റ്റിൽ ടാറ്റയുടെ കൈവശമുള്ളൂ. ഇതുമൂലം ടാറ്റയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 1000ത്തോളം ചെറുതും വലുതുമായ കമ്പനികളും അടച്ചുപൂട്ടലിെൻറ വക്കിലാണ്.
വൈദ്യുതി നിരക്കിൽ കുത്തനെയുണ്ടായ വർധനയാണ് ഫർണസുകൾ പ്രവർത്തിക്കുന്ന ഉരുക്ക് കമ്പനികൾക്ക് വിനയായതെന്ന് ആദിത്യപുർ വ്യവസായ മേഖല അസോസിയേഷൻ പ്രസിഡൻറ് ഇന്ദർ അഗർവാൾ പറഞ്ഞു. 30 കമ്പനികളാണ് ഇതുമൂലം പ്രവർത്തനം നിർത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചക്കുശേഷം മാത്രം 12 കമ്പനികൾ ഷട്ടറിട്ടു. കഴിഞ്ഞ ഏപ്രിലിനുശേഷം വൈദ്യുതി നിരക്കിൽ 38 ശതമാനം വർധനയാണ് സംസ്ഥാന സർക്കാർ വരുത്തിയത്.
ജാംഷഡ്പുർ, ആദിത്യപുർ, ധൽഭുംഗർ എന്നിവിടങ്ങളിലെ ആയിരത്തോളം കമ്പനികളെ സാമ്പത്തിക മാന്ദ്യവും വൈദ്യുതി നിരക്ക് വർധനയും ബാധിച്ചതായി ചെറുകിട വ്യവസായ സംഘടന അധ്യക്ഷൻ രൂപേഷ് കത്തിയാർ പറഞ്ഞു. നേരിട്ടും അല്ലാതെയുമുള്ള 30,000 പേർക്കാണ് ഇതുകാരണം ജോലി നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.