ദുബൈ: ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ നീക്കം ആരംഭിച്ചു. യൂണൈറ്റഡ് അറബ് എമിറേറ്റ്സ് സെൻട്രൽ ബാങ്കാണ് ഖത്തറുമായി ബന്ധം പുലർത്തുന്ന 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയത്. യു.എ.ഇ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം ആണ് വാർത്ത പുറത്തുവിട്ടത്.
സൗദി അറേബ്യയുടെ നിർദേശാനുസരണമാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്. ബഹറൈനും ഈജിപ്റ്റും യു.എ.ഇയുടെ പാത പിൻതുടരുമെന്നാണ് റിപ്പോർട്ടുകൾ. യെമനിലും ലിബിയയിലുമുള്ള വേരുകളുള്ള ഒൻപത് സംഘടനകളെയും ചില വ്യക്തികളെയും ഈ രാജ്യങ്ങൾ നേരത്തേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഖത്തറുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമായിരുന്നു ആരോപണം. എന്നാൽ ഖത്തർ ഈ ആരോപണം നിഷേധിച്ചു.
എത്രയും പെട്ടെന്ന് ഈ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സമ്പാദ്യങ്ങൾ എന്നിവയെല്ലാം മരവിപ്പിക്കാനും ഇവരെ കരമ്പട്ടികയിൽ പെടുത്താനുമാണ് യു.എ.ഇ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിൽ രണ്ട് മാസങ്ങളായി നിലനിൽക്കുന്ന ശീതസമരം ഉടനെയൊന്നും പരിഹിരക്കപ്പെടില്ലെന്നാണ് പുതിയ നടപടിയിലൂടെ മനസ്സിലാകുന്നത്. പ്രശ്നം പരിഹരിക്കാൻ കുവൈത്തും അമേരിക്കയും ശ്രമം നടത്തിവരികയാണ്.
'ഞങ്ങൾക്ക് ഖത്തർ ഇല്ലാതെ തന്നെ പ്രയാണം തുടരേണ്ടതുണ്ട് ' എന്നാണ് യു.എ.ഇ വിദേശകാര്യ മന്ത്രി അൻവർ ഗർഗശ് ഇതേക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.