വാഷിങ്ടൺ: യു.എസ്-ൈചന വ്യാപാര യുദ്ധം കൂടുതൽ ശക്തമാക്കി ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 30,0000 കോടി ഡോളർ മൂല്യം വരുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് സെപ്തംബർ ഒന്ന് മുതൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്താനാണ് യു.എസ് തീരുമാനം. അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളിൽ കനത്ത ഇടിവുണ്ടായി.
സ്മാർട്ട്ഫോൺ മുതൽ തുണിത്തരങ്ങൾ വരെയുള്ള എതാണ്ട് എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും അധിക തീരുവ ബാധകമാവും. ചൈനീസ് പ്രസിഡൻറ് ഷീ ജിങ് പിങ്ങിന് വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ താൽപര്യം ഉണ്ടെങ്കിലും അദ്ദേഹത്തിൻെറ നടപടികൾ ഒട്ടും വേഗത്തിലല്ലെന്ന് അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിന് ശേഷം ട്രംപ് പ്രതികരിച്ചു.
250 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഈ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ബാധകമാവില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അധിക തീരുവ ഏർപ്പെടുത്തിയ നടപടി വ്യാപാര യുദ്ധം പരിഹരിക്കുന്നതിനുള്ള ശരിയായ വഴിയല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.