2016 ഇന്ത്യൻ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം നിരവധി നാടകീയ സംഭവങ്ങളാൽ സമ്പന്നമാണ്. പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കൽ തീരുമാനവും സൈറസ് മിസ്ത്രിയെ ടാറ്റയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതുമെല്ലാം കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളാണ്. ഇതിനൊടപ്പം തന്നെ ഉൽപന്ന സേവന നികുതി ബില്ലും പുതിയ ആദായ നികുതി നിയമവുമെല്ലാം കഴിഞ്ഞ വർഷം സാമ്പത്തിക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയ വിഷയങ്ങളാണ്.
നവംബറിൽ അമേരിക്കൻ പ്രസിഡൻറായി ഡൊണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതും വ്യാപര മേഖലയെ തെല്ലൊന്നുമല്ല ഉലച്ചത്. ഒാഹരി വിപണിയിലും വൻ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല 2016 നവംബറിന് ശേഷം വിപണി വൻ തിരിച്ചടി നേരിടുകയും ചെയ്തു. ഒാഹരി നിക്ഷേപത്തേക്കാൾ കൂടുതൽ സുരക്ഷിതമായ നിക്ഷേപങ്ങൾ ആളുകൾ തേടാൻ തുടങ്ങിയതും 2016ലെ കാഴ്ചകളിലൊന്നാണ്. കേരളത്തിലും വ്യാപാര മേഖലയെ പിടിച്ചുലച്ചത് നോട്ട് പിൻവലിക്കൽ തീരുമാനം തന്നെയായിരുന്നു.
തിരിച്ചടിയായി നോട്ട് പിൻവലിക്കൽ
നവംബർ എട്ടാം തീയതി രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം മുലം ഒാഹരി വിപണിയിലും രാജ്യത്തെ ഉൽപാദന മേഖലയിലും തിരിച്ചടി നേരിട്ടു. പല വ്യവസായ പ്രമുഖർ തീരുമാനത്തെ അനകൂലിച്ച് രംഗത്ത് വന്നെങ്കിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സാമ്പത്തിക മേഖലയിൽ തീരുമാനം പ്രതികൂലമായി ബാധിച്ചു എന്നത് തന്നെയാണ്. വിവിധ കമ്പനികളുടെ മുന്നാംപാദ ലാഭ ഫലം കൂടി പുറത്ത് വന്നാൽ മാത്രമേ ഇന്ത്യൻ കോർപറേറ്റ് മേഖലയെ തീരുമാനം എത്രത്തോളം ബാധിച്ചു എന്നറിയാൻ കഴിയുകയുള്ളു.
സൈറസ് മിസ്ത്രിയുടെ പുറത്താക്കൽ
ഒക്ടോബർ 24നാണ് ഇന്ത്യൻ വ്യവസായ ലോകത്തെ െഞട്ടിച്ച് കൊണ്ട് സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. ടാറ്റ ഗ്രൂപ്പിൽ ടാറ്റയുടെ കുടുംബാധിപത്യം തിരിച്ച് കൊണ്ട് വരുന്നതിെൻറ ഭാഗമായാണ് മിസ്ത്രിയെ പുറത്താക്കിയതെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. തീരുമാനത്തിന് ശേഷം രത്തൻ ടാറ്റയെ താൽകാലിക ചെയർമാൻ ആക്കിയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. പിന്നീട് രത്തൻ ടാറ്റയും സൈറസ് മിസ്ത്രിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വരുന്നതിനും 2016 സാക്ഷിയായി.
ബാങ്കുകളുടെ ലയനം
ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിക്കാനുള്ള തീരുമാനമാണ് ബാങ്കിങ് മേഖലയിലെ പ്രധാന സംഭവം. സ്റ്റേറ്റ് ബാങ്ക് മൈസുരു, സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, മഹിള ബാങ്ക് എന്നിവയെ എസ്.ബി.െഎയിൽ ലയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ, തീരുമാനത്തിനെതിരെ അസോസിയേറ്റ് ബാങ്കുകളുടെ തൊഴിലാളി സംഘടനകളിൽ നിന്ന് വൻ എതിർപ്പുയർന്നിരുന്നു. എന്നാൽ, ആർ.ബി.ഐയുടെ അനുമതിയോടെ 2017ൽ ബാങ്ക് ലയനം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.
സമവായമാകാതെ ജി.എസ്.ടി
ഉൽപന്ന സേവന നികുതിയിൽ ഇതുവരെയായിട്ടും സമവായമുണ്ടാക്കാൻ കേന്ദ്ര സർക്കാറിന് സാധിച്ചിട്ടില്ല. രാജ്യം മുഴുവൻ ഒറ്റ നികുതി എന്ന നിലയിലാണ് ഉൽപന്ന സേവന നികുതി സർക്കാർ അവതരിപ്പിച്ചത്. എന്നാൽ, പല സംസ്ഥാനങ്ങളും വരുമാനം നഷ്ടം ചുണ്ടിക്കാട്ടി നികുതിയെ എതിർത്തതോടെയാണ് കേന്ദ്ര സർക്കാരിറിന് തിരിച്ചടിയുണ്ടായത്. ഉൽപന്ന സേവന നികുതിയുമായി ബന്ധപ്പെട്ട് ജി.എസ്.ടി കൗൺസിൽ രൂപീകരിച്ചെങ്കിലും എതിർപ്പ് മൂലം തീരുമാനം അനന്തമായി നീളുകയാണ്.
തിരിച്ചടിയായി ട്രംപിെൻറ വിജയം
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമേരിക്കൻ പ്രസിഡൻറായി ഡൊൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യൻ വ്യാവസായിക ലോകത്തെ സംബന്ധിച്ചടുത്തോളം നിർണായകമായ വിഷയമായിരുന്നു. വ്യവസായ ലോകത്തിന് ട്രംപിനെക്കാളേറെ ഹിലരിയോടായിരുന്നു താൽപര്യം. അമേരിക്കക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ട്രംപിെൻറ വ്യവസായ നയം രാജ്യത്തെ വ്യവസായ ലോകത്തിന് തിരിച്ചടിയാവുമെന്നതാണ് അപ്രിയത്തിനുള്ള കാരണം. എച്ച്1-ബി വിസയുടെ കാര്യത്തിലടക്കം ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ ഐ.ടി മേഖലക്കും നിർണായകമാണ്.
ആദായ നികുതി ബിൽ
നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ആദായ നികുതി ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം കണക്കിൽപ്പെടാതെ നിക്ഷേപിച്ച പണം വെളിപ്പെടുത്തിയാൽ 50 ശതമാനം പിഴയൊടുക്കി ബാക്കി പണം സ്വന്തമാക്കാം. എന്നാൽ, ഇതിൽ 25 ശതമാനം മാത്രമെ വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭ്യമാവും. ബാക്കി വരുന്ന 25 ശതമാനം തുക പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോചനയെന്ന പദ്ധതിക്കായി നാലു വർഷം ഉപയോഗിക്കും. നാലു വർഷത്തിന് ശേഷമേ ഈ പണം അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാവും. ബില്ലിന്‍റെ അവതരണവേളയിൽ നോട്ട് പിൻവലിക്കലിനെ കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും സർക്കാർ വഴങ്ങിയില്ല.
സഹകരണ ബാങ്ക് പ്രതിസന്ധി
കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ ബാങ്കുകളിൽ നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പ്രതിസന്ധിയാണ് കഴിഞ്ഞ വർഷം കേരള സമ്പദ്വ്യവസ്ഥയിലെ പ്രധാന സംഭവം. നോട്ട് പിൻവലിച്ചപ്പോൾ പഴയ നോട്ടുകൾ മാറ്റി നൽകാനോ മറ്റ് ഇടപാടുകൾ നടത്താനോ കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകളെ അനുവദിച്ചില്ല. തീരുമാനം നടപ്പിലായതിന് ശേഷം സഹകരണ ബാങ്കുകൾക്ക് ആഴ്ചയിൽ വിതരണം ചെയ്യാൻ കഴിയുമായിരുന്ന തുക 24,000 രൂപയാണ്. സഹകരണ ബാങ്കുകളിൽ കെ.വൈ.സി നിബന്ധനകൾ പാലിക്കില്ലെന്ന് ആരോപിച്ചായിരുന്നു പണമിടപാടുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പടുത്തിയത്.
സമിശ്രം ഒാഹരി വിപണി
ഒാഹരി വിപണിയിൽ കഴിഞ്ഞ വർഷം സമിശ്ര പ്രതികരണമായിരുന്നു. 2015 വർഷാവസാനം 26,000 പോയിൻറിന് താഴെയായിരുന്നു ബോംബൈ സൂചിക സെൻസെക്സ് വ്യാപാരം നടത്തിയിരുന്നത്. 2016 ഫെബ്രുവരിയിൽ ഇത് 22,000 പോയിൻറിന് താഴെ പോയി. പിന്നീട് ബോംബെ സൂചിക പല മാസങ്ങളിലും മുന്നേറിയെങ്കിലും നോട്ട് പിൻവലിക്കൽ തീരുമാനം മൂലം 2016 അവസാന വർഷങ്ങളിൽ വിപണിയിൽ നഷ്ടമുണ്ടായി. നിഫ്റ്റിയിലും സ്ഥിതി വ്യത്സതമല്ല പല ഘട്ടങ്ങളിലും മുൻ വർഷങ്ങളെക്കാൾ നിഫ്റ്റി നേട്ടമുണ്ടാക്കിയെങ്കിലും വർഷാവസാനത്തെ സർക്കാറിന്‍റെ നോട്ട് പിൻവലിക്കൽ തീരുമാനം ദേശീയ സൂചിക നിഫ്റ്റിക്കും തിരിച്ചടിയാവുകയായിരുന്നു.
ചിത്ര രാമകൃഷ്ണെൻറ രാജി
എൻ.എസ്.ഇയുടെ തലപ്പത്ത് നിന്നുള്ള ചിത്ര രാമകൃഷ്ണെൻറ രാജിയായിരുന്നു പോയ വർഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന്. തന്റെ അധികാര കാലാവധിയിൽ 15 മാസം പൂർത്തിയാകാനിരിക്കെയാണ് ചിത്ര രാമകൃഷ്ണൻ എൻ.എസ്.ഇയുടെ സി.ഇ.ഒ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് എൻ.എസ്.ഇ നൽകുന്ന വിശദീകരണം. എൻ.എസ്.ഇയുടെ ആദ്യ വനിത മേധാവിയാണ് ചിത്ര രാമകൃഷ്ണൻ.
കേന്ദ്ര ബജറ്റ്
ഫെബ്രുവരി 28നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേന്ദ്ര സർക്കാർ ബജറ്റ് സഭയിൽ അവതരിപ്പിച്ചത്. 3.9 ശതമാനത്തിന്റെ കമ്മി ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് .ഗ്രാമീണ മേഖല, സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് ബജറ്റ് പ്രധാനമായും ഊന്നൽ നൽകിയത്. രാജ്യത്തിന്റെ അഭ്യന്തര ഉൽപാദന വളർച്ച ഉയർത്താനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടായിരുന്നു. എന്നാൽ, കോർപറേറ്റ് ടാക്സ്, വിദേശ നിക്ഷേപം എന്നീ മേഖലയിലെ ഇളവുകൾ ബജറ്റിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി.
തയാറാക്കിയത്: വിഷ്ണു ജെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.