ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ അജയ് ബാംഗയുടെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നത്. വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കടുത്ത വികസന വെല്ലുവിളികൾ നേരിടാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബാംഗയുടെ നിയമനത്തിലൂടെ ലോക ബാങ്ക് പങ്കുവെച്ചത്.
സാമ്പത്തിക, വികസന മേഖലയിൽ ദീർഘ കാലത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് ബാംഗ. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്വകാര്യ നിക്ഷേപം അടക്കമുള്ളവ അദ്ദേഹം കൊണ്ടു വരുമെന്നാണ് ലോകബാങ്ക് കരുതുന്നത്.
മഹാരാഷ്ട്രയിലെ പുനെയിൽ സിഖ് സമുദായത്തിലാണ് അജയ് ബാംഗ ജനിച്ചത്. പിതാവിന്‍റെ സൈനിക ജോലിയുടെ സ്വഭാവം കാരണം ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒരു കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. ലഫ്റ്റനന്‍റ് ജനറലായ പിതാവ് ഹർഭജൻ സിങ് ബാംഗ 2007ൽ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയായിരുന്നു.
1980ന്‍റെ തുടക്കത്തിൽ ഇന്ത്യയിലെ നെസ് ലെ കമ്പനിയുടെ ഇന്ത്യൻ ഉപകമ്പനിയിൽ ചേർന്നാണ് അജയ് ബാംഗ തന്‍റെ കരിയർ ആരംഭിച്ചത്. 2010 മുതൽ 2021 വരെ ഒരു ദശാബ്ദകാലം പേയ്‌മെന്‍റ് കമ്പനിയായ മാസ്റ്റർ കാർഡിനെ നയിച്ചു. മാസ്റ്റർ കാർഡിന്‍റെ പ്രസിഡന്റ്, സി.ഇ.ഒ പദവികളാണ് വഹിച്ചത്.
ഇതിന് പുറമെ, അമേരിക്കൻ റെഡ്‌ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിലും ജനറൽ അറ്റ്‌ലാന്‍റിക്കിൽ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചു. 2016ൽ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം നൽകി അജയ് ബാംഗയെ ഇന്ത്യ ആദരിച്ചു.
കോർപറേറ്റ് സ്ഥാനങ്ങളെ നയിച്ച പരിചയമുള്ള ആളാണ് അജയ് ബംഗിന്‍റെ സഹോദരൻ. ഹിന്ദുസ്ഥാൻ യുണിലിവറിന്‍റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി സേവനം അനുഷ്ഠിച്ച മൻവീന്ദർ 'വിന്ദി' സിങ് ബാംഗയുടെ ഇളയ സഹോദരനാണ് അജയ് ബംഗ.
മൂന്ന് പതിറ്റാണ്ടിലേറെയായി യുണിലിവറിൽ ജോലി ചെയ്ത മൻവീന്ദർ, നിലവിൽ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ക്ലേട്ടൺ, ഡുബിലിയർ ആൻഡ് റൈസ് എന്നിവയിൽ ഉന്നത പദവിയിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഗ്ലാക്‌സോ സ്മിത്ത് കിൽനെ, തോംസൺ റോയിട്ടേഴ്‌സ്, മാർക്ക്സ് ആൻഡ് സ്പെൻസർ എന്നിവയുടെ ബോർഡുകളിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ ബോർഡിന്റെ ഭാഗവുമാണ് അജയ് ബാംഗയുടെ സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.