കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാര്യം പ്രഖ്യാപിച്ചു; ഇനി ഒരു ലോക് ഡൗൺ താങ്ങാനുള്ള ശേഷി സമ്പദ് വ്യവസ്ഥക്ക് ഇല്ലെന്ന്. രാജ്യവ്യാപകമായി ഒരു ലോക്ഡൗൺ കൂടി വരുമെന്ന ആശങ്കക്ക് അതോടെ വിരാമമായി. എന്നാൽ, കോവിഡ് രണ്ടാം തരംഗം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്ക ബാക്കിയാണ്. മേയ് അവസാനം വരെയെങ്കിലും അതിജാഗ്രത പുലർത്തിയില്ലെങ്കിൽ സമ്പദ് രംഗം കനത്ത ആഘാതം നേരിടേണ്ടിവരുമെന്ന കാര്യത്തിൽ റേറ്റിങ് ഏജൻസികൾ എല്ലാം ഒരേ അഭിപ്രായത്തിലാണ്.
കഴിഞ്ഞ ധനകാര്യ വർഷത്തിൽ 120 ദിവസത്തോളം നീണ്ട അടച്ചുപൂട്ടലിനും ആറു മാസത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും ശേഷം രാജ്യം തിരിച്ചുവരവിെൻറ സൂചനകൾ കാണിച്ചിരുന്നു. ഭക്ഷ്യധാന്യ ഉൽപാദനം 303 ദശലക്ഷം ടൺ ആയി ഉയർന്നതും തൊഴിൽദിനങ്ങൾ 384 കോടിയായി ഉയർന്നതുമെല്ലാം പ്രതീക്ഷ നൽകുകയും ചെയ്തു. ഇതോടെ, 2021 - 22 ധനകാര്യ വർഷത്തിൽ രാജ്യം 10.1 ശതമാനം സാമ്പത്തിക വളർച്ച നേടും എന്ന പ്രതീക്ഷ വരെ ഉയർന്നു. ഈ പ്രതീക്ഷകളുടെ കടക്കൽ കത്തി വെക്കുന്നതാണ് രണ്ടാം തരംഗം എന്നാണ് ആശങ്ക.
ലോക് ഡൗണിന് ശേഷം രാജ്യം അതിവേഗം തിരിച്ചുവരുകയാണെന്നും പ്രതീക്ഷിച്ചതിലും വേഗത്തിൽ സാമ്പത്തിക രംഗം ഉണരുകയാണെന്നുമുള്ള പ്രഖ്യാപനങ്ങൾ അമിത പ്രതീക്ഷയിൽ നിന്നുള്ളതാണ് എന്നാണ് സാമ്പത്തിക വിദഗ്ധർ സർക്കാറിന് മുന്നറിയിപ്പ് നൽകിയത്. ഇന്ധന ഉപയോഗം കുത്തനെ ഇടിഞ്ഞതും തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള ജനങ്ങളുടെ കുത്തൊഴുക്കും അപായസൂചനയായി കാണണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയിലെ പെട്രോളിയം ഉൽപന്ന ഉപഭോഗം 9.1 ശതമാനം ഇടിഞ്ഞു. 2019 - 20 സാമ്പത്തിക വർഷത്തിൽ 214.12 ദശലക്ഷം ടണ്ണായിരുന്നു പെട്രോളിയം ഉൽപന്ന ഉപഭോഗം. കഴിഞ്ഞ സാമ്പത്തിക വർഷം 194.3 ദശലക്ഷം ടണ്ണായി കുറഞ്ഞു. 1998 -99 സാമ്പത്തികവർഷത്തിനുശേഷം ഇത്രയേറെ കുറയുന്നത് ഇതാദ്യമാണ്.
ഇതോടൊപ്പം തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷനിൽ വൻകുതിപ്പ് ഉണ്ടായതും. താഴെതട്ടിലുള്ള തൊഴിൽമേഖലയിൽ വൻതോതിൽ തൊഴിൽനഷ്ടം ഉണ്ടായതോടെയാണ് ജനം തൊഴിലുറപ്പുപദ്ധതിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് കോടിയിലേറെ ആളുകൾകൂടി ദാരിദ്ര്യ രേഖയുടെ താഴേക്ക് പോയി എന്ന കണക്കും ഇതിനിടെ പുറത്തു വന്നു. ഈ യാഥാർഥ്യങ്ങൾ നിലനിൽക്കെയാണ് രാജ്യം സാമ്പത്തികമായി കുതിക്കുന്നു എന്ന് ധനമന്ത്രിയും ധനമന്ത്രാലയവും ഒരേപോലെ പ്രഖ്യാപിച്ചു കൊണ്ടിരുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് രാജ്യ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികൾ വൻതോതിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെത്തുടർന്ന് ഇവർ വീണ്ടും തിരിച്ചെത്തിയെങ്കിലും രണ്ടാം തരംഗ ഭീതിയിൽ തിരിച്ചൊഴുക്കിെൻറ സൂചനകളാണ് വീണ്ടും ഉയരുന്നത്.
ഗുജറാത്തിലെ അഹ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ നിന്ന് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്താൻ വരെ റെയിൽവേ നിർബന്ധിതമായിരിക്കുകയാണ്. മഹാരാഷ്ട്ര രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും ഏർപ്പെടുത്തിക്കഴിഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ പകുതി മുതൽ മേയ് അവസാനം വരെ സ്ഥിതി കൂടുതൽ രൂക്ഷമാകും എന്ന മുന്നറിയിപ്പുകളും വന്നുകഴിഞ്ഞു.
രണ്ടാം തരംഗം രൂക്ഷമായാൽ ഇതിനകം തുടങ്ങിവെച്ച ഓഹരി വിറ്റഴിക്കലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര ധന മന്ത്രാലയം. ഈ സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപന ഓഹരി വിറ്റഴിക്കൽ വഴി 1.75 ലക്ഷം കോടി രൂപ വരുമാനം സമാഹരിക്കാം എന്നാണ് കേന്ദ്ര സർക്കാർ കണക്ക് കൂട്ടുന്നത്. എൽ.ഐ.സിയുടെ ഓഹരി വിറ്റഴിക്കൽ വഴി ലക്ഷം കോടി രൂപയും ബി.പി.സി.എൽ ഓഹരി വിറ്റഴിക്കൽ വഴി 80,000 കോടി രൂപയും വരെ സമാഹരിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര ധനമന്ത്രി.
കഴിഞ്ഞ സാമ്പത്തിക വർഷം 2.10 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിക്കൽ വഴി സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രതീക്ഷകൾ തകർത്തു. 32835 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. ഈ സാമ്പത്തിക വർഷവും വിറ്റഴിക്കൽ കോവിഡ് കാരണം മുടങ്ങുമോ എന്ന വേവലാതിയിലാണ് കേന്ദ്ര ധനമന്ത്രാലയം.
രണ്ടാം തരംഗം ശക്തമാകുന്നതോടെ കിട്ടാക്കടങ്ങൾ പെരുകും എന്ന ആശങ്കയിലാണ് ബാങ്കിങ് മേഖല. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ബാങ്കുകൾ വ്യവസായ വായ്പകൾ കൊടുത്തിരിക്കുന്നതിൽ 45 ശതമാനവും ഈ സംസ്ഥാനങ്ങളിലാണുതാനും. ഈ സാഹചര്യത്തിൽ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങളിലെ വായ്പകളുടെ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയിലാണ് ബാങ്ക് മേധാവികൾ.
ഇത് ബാങ്കിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ഇനി ഒരു വായ്പാ മോറട്ടോറിയം പ്രായോഗികമല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിത നിരക്ക് വെട്ടിക്കുറച്ച് ആഗോള ധനകാര്യ സ്ഥാപനമായ നൊമൂറ. കോവിഡും കുറഞ്ഞ ചില്ലറ വിലപ്പെരുപ്പവും സമ്മർദത്തിലാക്കുന്ന പശ്ചാത്തലത്തിൽ നേരത്തെ 12.4 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്ന മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) നടപ്പു സാമ്പത്തിക വർഷം 11.5 ശതമാനം വളർച്ചയെ കൈവരിക്കുവെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ഇേന്താനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ രണ്ടാം വരവ് ബാധിക്കും. ഫിലിപ്പീൻസിൽ ജി.ഡി.പി വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്ന 6.8 ശതമാനത്തിൽനിന്ന് 5.4 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.