എമിറേറ്റ്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വ്യോമയാന വ്യവസായത്തിലെ പുതുമകൾ പരിചയപ്പെടുത്തുന്ന ‘ഫോർസാടെക്ക്’ മേളയിൽ ശ്രദ്ധനേടി മലയാളികളുടെ സ്ട്ടാർട്ടപ്പ്. ദുബൈയിൽ പ്രവാസികളായ കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നമിൽ മുഹമ്മദും പയ്യോളി സ്വദേശിയായ ഷാഹിൽ അബ്ദുല്ലയും വികസിപ്പിച്ച ‘ഹോളിടൂർ’(www.Holitoor.com) എന്ന സ്റ്റാർട്ടപ്പാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ ആകർഷിച്ചത്.
അവധിദിനങ്ങൾ ആഘോഷിക്കുന്നവർക്ക് കൃത്യമായ ആസൂത്രണത്തിന് സഹായിക്കുന്ന വെബ്സൈറ്റാണ് ‘ഹോളിടൂർ’. യു.എ.ഇയിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളും ഏത് രൂപത്തിലുള്ള അവധിദിനങ്ങളാണെന്നുമുള്ള വിവരങ്ങൾ നൽകിയാൽ, ചെയ്യാൻ സാധിക്കുന്ന പ്രവൃത്തികൾ വെബ്സൈറ്റ് നിർദേശിക്കും. സന്ദർശകർക്ക് യാത്ര പ്ലാനുകൾ കൃത്യപ്പെടുത്താനും ബുക്കിങ് പൂർത്തിയാക്കാനും ഇതുവഴി സാധിക്കും. ഹണിമൂൺ, കുടുംബത്തോടൊപ്പമുള്ള അവധിയാത്ര, ആഡംബര വിനോദയാത്ര, ബജറ്റ് ഹോളിഡേ യാത്ര എന്നിങ്ങനെ വിവിധ രൂപത്തിൽ യാത്ര ആസൂത്രണം ചെയ്യാൻ വെബ്സൈറ്റ് വഴി സാധിക്കും.
സന്ദർശകർക്ക് യു.എ.ഇ സന്ദർശനം എളുപ്പമാക്കുകയും ഒരിടത്ത് എല്ലാ വിവരങ്ങളും ലഭ്യമാക്കുകയുമാണ് ‘ഹോളിടൂർ’ ചെയ്യുന്നതെന്ന് നമിലും ഷാഹിലും ‘ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ യു.എ.ഇയിലെ സ്ഥലങ്ങൾ മാത്രമാണ് വെബ്സൈറ്റിൽ ഉള്ളതെങ്കിലും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ആഗോള രാജ്യങ്ങളെങ്കിലും ഇതിൽ ചേർക്കാനാണ് ആഗ്രഹിക്കുന്നതെന്നും, കേരളമടക്കം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളും ഉൾപ്പെടുത്തുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ദുബൈ സർക്കാറിന് കീഴിലെ ‘ദുബൈ ടൂറിസ’വുമായും എമിറേറ്റ്സ് എയർലൈനുമായും നിലവിൽ വെബ്സൈറ്റ് സഹകരിക്കുന്നുണ്ട്. ഭാവിയിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രാലയങ്ങളുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് വികസിപ്പിക്കാനാണ് ഇരുവരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.