സമൃദ്ധമായ അനുഭവങ്ങളുടെ അച്ചുകൂടത്തിൽ ചെത്തിക്കൂർപ്പിച്ച ആസൂത്രണപാടവും കാലത്തിൻെറ ചൂടും ചൂരുമറിഞ്ഞുള്ള ചുവടുവെപ്പുകളുംകൊണ്ട് ആരോഗ്യമേഖലയിലും സംരംഭകത്വരംഗത്തും തൻെറ ഇടം കൃത്യമായി അടയാളപ്പെടുത്തിയാണ് ഡോ. എം.െഎ. സഹദുള്ളയുടെ പ്രയാണം. ഇ.എസ്.െഎയിലെ ഡോക്ടർ എന്ന നിലയിൽനിന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് അഥവ കിംസ് എന്ന ആരോഗ്യശൃംഖലയുടെ സ്ഥാപകനിലേക്കും അമരക്കാരനിലേക്കുമുള്ള വളർച്ചയുടെ പാതയിൽ കൈമുതലും പാഥേയവുമായുണ്ടായിരുന്നത് ആത്മവിശ്വാസം അടിത്തറയിട്ട ലക്ഷ്യബോധവും പാറപോലെ ഉറച്ച നിശ്ചയദാർഢ്യവും ചിറകുകളുള്ള സ്വപ്നങ്ങളുമായിരുന്നു. ഇതിനിടെ അധ്യാപകനായും മെഡിക്കൽ രംഗത്താണെങ്കിലും പ്രവാസിയായുമുള്ള േവഷപ്പകർച്ചകൾ. ഇന്ത്യൻ യുവത്വത്തിൻെറ ദേശാടന സ്വപ്നങ്ങളിൽ എന്നും സജീവമായിരുന്ന യു.കെയിലും അമേരിക്കയിലുമായി പഠനവും േജാലിയാവശ്യാർഥവുമുള്ള യാത്രകൾ. നാടുകളിൽ നിന്ന് നാടുകളിലേക്കുള്ള പ്രയാണത്തിരക്കുകൾക്കിടയിലും ജന്മനാട്ടിൽ അതിജീവനത്തിെൻറ ജൈവിക വേരുകൾ ബലപ്പെടുത്താൻ മറന്നിരുന്നില്ല. ധനസമ്പാദനത്തിൻെറ പ്രലോഭനങ്ങൾ പലവഴിക്കുമുണ്ടായെങ്കിലും അവയെയെല്ലാം തട്ടിമാറ്റി അറിവുവഴികളിൽ നിലയുറപ്പിക്കാനും വൈദഗ്ധ്യം കരസ്ഥമാക്കാനുമായിരുന്നു ശ്രദ്ധ. കിംസ് ഹെൽത്ത് എന്ന അന്തർദേശീയ ശൃംഖലയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറ്കടർ എന്ന നിലയിൽ സംരംഭകത്വരംഗത്തെ വ്യതിരിക്തതയുടെ സ്വയം സാക്ഷ്യപ്പെടുത്തലായി. നാട്ടുമണ്ണിെൻറ നനവറിഞ്ഞ ബാല്യം മുതൽ വൈദ്യശാസ്ത്ര രംഗത്തെ മരുന്നുമണക്കുന്ന സഞ്ചാരവഴികളിലും സംരംഭകത്വത്തിന് പുതിയ തലവാചകങ്ങൾ എഴുതിച്ചേർത്ത ചുവടുവെപ്പുകളിലുമെല്ലാം അനുഭവങ്ങളുടെ തിരമാലകളുണ്ട്. അതേ കുറിച്ചെല്ലാം ഡോ. എം.െഎ സഹദുള്ള തന്നെ മനസ്സ് തുറക്കുന്നു.
ജന്മസ്ഥലം തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയാണ്. സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. പിതാവ് ഇല്യാസ് കയർ വ്യവസായി ആയിരുന്നു. ഇടത്തരം വ്യവസായമായിരുന്നു പിതാവിേൻറത്. ആലപ്പുഴയിലെല്ലാം വ്യാപാരത്തിനായി പോകുമായിരുന്നു. ജനിച്ചത് പെരുമാതുറയിലാണെങ്കിലും വളർന്നതെല്ലാം മുരുക്കുമ്പുഴയിലാണ്. പെരുമാതുറയിൽ നിന്ന് പിന്നീട് മുരുക്കുമ്പുഴയിലേക്ക് ഞങ്ങൾ താമസം മാറുകയായിരുന്നു. അപ്പോഴും പിതാവ് കയർ ബിസിനസ് തന്നെ തുടർന്നു. ഉമ്മ നേരത്തേ മരിച്ചുപോയി. പിന്നെ ചെറിയമ്മയാണ് ഉണ്ടായിരുന്നത്. മുരുക്കുമ്പുഴയിലെ സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെല്ലാം. സെൻറ് അഗസ്റ്റിൻ ഹൈസ്കൂളിലും പഠിച്ചിട്ടുണ്ട്. തുടർന്ന് ഇൻറർമീഡിയറ്റ് കോളജിൽ ചേർന്നു. പിന്നീട് മാർ ഇവാനിേയാഴ്സ് കോളജിലെത്തി. അവിടെ നിന്ന് എം.ബി.ബി.എസിന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും.
ആ ആഗ്രഹം കുഞ്ഞുന്നാളിലേ മനസ്സിൽ കുടുങ്ങിയതാണ്
കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ വീട്ടിൽ അന്നേ തന്നെവലിയ ശ്രദ്ധയുണ്ടായിരുന്നു. വിശേഷിച്ചും വാപ്പയും വാപ്പയുടെ സഹോദരനുമെല്ലാം. പിതാവിെൻറ സഹോദരൻ തഹസിൽദാറായിരുന്നു. സഹോദരിയുടെ മകൻ ഡോക്ടറും. ആർമിയിലൊക്കെ ഇദ്ദേഹം ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഡോക്ടറാവുക എന്ന ആഗ്രഹം കുഞ്ഞിലേ തന്നെ എെൻറ മനസ്സിലുമുണ്ടായി. സ്കൂളിലൊക്കെ പഠിക്കുേമ്പാൾ തന്നെ ഡോക്ടറാകണമെന്ന കാര്യം തീരുമാനിച്ചുറച്ച പോെലയായിരുന്നു. ഇദ്ദേഹത്തെ കാണുേമ്പാഴെല്ലാം ഇൗ ആഗ്രഹം കൂടുതൽ ശക്തിയാർജ്ജിച്ചു വന്നു. മെഡിക്കൽ രംഗത്തേക്ക് കടന്നുവരവിന് തന്നെ കാരണമായത് ഇൗ സ്വപ്നവും ആഗ്രഹവുമാണ്.
കഴക്കൂട്ടത്തെ റെയിൽവേ ക്രോസിങ്ങിന് നിർണായകമായ ഒരു കഥപറയാനുണ്ട്. ട്രെയിനുകൾക്ക് മാത്രമല്ല, ജീവിതത്തിെൻറ തന്നെ ട്രാക്ക് മാറാൻ ഇൗ ക്രോസിങ് സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ പറയുക. അന്ന് പ്രീ യൂനിവേഴ്സിറ്റിയാണ്. പ്രീ യൂനിവേഴ്സിറ്റി കഴിഞ്ഞ ഞാൻ എൻജിനീയറിങ്ങിനും മെഡിസിനും അപേക്ഷ നൽകി. അന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന് നല്ല മത്സരമാണ്. ഒരു എൻട്രൻസ് എക്സാമും ഇല്ലാത്ത കാലമാണന്ന്. നീറ്റ് എക്സാം പോലുള്ളതൊന്നുമില്ല. പ്രീയൂനിവേഴ്സിറ്റിയുടെ മാർക്കിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം. എല്ലാവർക്കും മെഡിസിന്ചേരാൻ താൽപര്യമുണ്ട്. മെഡിസിന് കിട്ടിയില്ലെങ്കിൽ എൻജിനീയറിങ്ങിന് പോവും. എൻജിനീറിയിങ്ങിന് കിട്ടിയില്ലെങ്കിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമെടുത്ത് സിവിൽ സർവിസിലേക്ക് തിരിയുന്നവരുമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ എം.ബി.എക്ക് ചേർന്ന് സംരംഭകത്വത്തിലേക്ക് തിരിയാനുളള താൽപര്യമുള്ളവരൊക്കെ അന്ന് കുറവാണ്.
അപേക്ഷ കൊടുത്തിരുന്നെങ്കിലും എനിക്ക് ആദ്യം കിട്ടിയത് എൻജിനീയറിങ്ങിനാണ്. മെഡിസിന് കിട്ടുമോ ഇല്ലയോ എന്നറിയില്ല. അതുകൊണ്ടു പിന്നെ കാത്തിരിക്കാനുമാകില്ല. തിരുവനന്തപുരം സി.ഇ.ടിയിലാണ് എൻജിനീയറിങ്ങിന് ചേരേണ്ടത്. എന്തായാലും േജായിൻ ചെയ്യാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സി.ഇ.ടിയിലേക്ക് പോകാനായി രാവിലെതന്നെ ട്രെയിനിൽ കയറി. എല്ലാം തീരുമാനിച്ചുറച്ചാണ് പോക്ക്. യാത്രക്കിടെ ഒരു സുഹൃത്ത് അടുത്ത് വന്ന് 'മെഡിക്കൽ ലിസ്റ്റ് വന്നിട്ടുണ്ട്, തനിക്ക് സീറ്റുണ്ട് എന്നറിയിച്ചു. ഭയങ്കര സന്തോഷം തോന്നി.
ഇനി എന്തായാലും എൻജിനീയറിങ്ങിന് ചേരേണ്ടതില്ലെന്ന് അപ്പോ തന്നെ തീരുമാനിച്ചു. കഴക്കൂട്ടത്തിന് മുമ്പ് െട്രയിനുകൾ ക്രോസിങ്ങിനായി നിർത്തിയിടുന്ന ഒരു സ്ഥലമുണ്ട്. കരിയറിെലയും ജീവിതത്തിലെയും നിർണായക വഴിത്തിരിവായാണ് ഇൗ ക്രോസിങ്ങിനെ ഞാൻ അടയാളപ്പെടുത്തുന്നത്. എൻജിനീയറങ്ങിന് േചരാനായി വണ്ടി കയറിയ ഞാൻ ഇൗ ക്രോസിങ്ങിൽ ട്രെയിൻ നിർത്തിയപ്പോൾ വണ്ടിയിറങ്ങി മുരുക്കുമ്പുഴയിലേക്ക് മടങ്ങുകയായിരുന്നു. ഫീസ് കൊണ്ട് കൊടുത്തുകഴിഞ്ഞാൽ തിരിച്ചുകിട്ടാൻ വലിയ പാടാണ്. പിന്നീട് കിട്ടുമായിരിക്കും. എങ്കിലും എന്ന് കിട്ടുമെന്ന് പറയാനാവില്ല. മെഡിസിൻ ചേരാൻ പിന്നെ വേറെ കാശ് കണ്ടെത്തണം. പിതാവിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും ബോധ്യം വന്നു. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിസിന് ചേരുന്നത്. മാതൃകയായി മുന്നിലുണ്ടായിരുന്നത് നേരത്തേ പറഞ്ഞ കസിനാണ്. ട്രെയിനിൽ എന്നോട് വിവരം പറഞ്ഞ സുഹൃത്ത് എൻജിനീയറിങ്ങിന് എെൻറാപ്പം ജോയിൻചെയ്യാൻ വന്നയാളാണ്. അദ്ദേഹം എൻജിനീയറിങ്ങിന് തന്നെ ജോയിൻ ചെയ്തു.
അന്ന് വളരെ കുറച്ച് മെഡിക്കൽ കോളജുകളേയുള്ളൂ. എന്തായാലും തിരുവനന്തപുരത്ത് തന്നെ സീറ്റ് കിട്ടിയത് വലിയ ഭാഗ്യമായി. 120 വിദ്യാർഥികളെയാണ് അന്ന് ഒരു ബാച്ചിൽ എടുക്കുക. രസകരമായിരുന്നു മെഡിക്കൽ കോളജിെല പഠനകാലയളവ്. അന്നത്തെ ഒരു അനാട്ടമി ക്ലാസ് ഇന്നും ഒാർക്കുന്നു. മൃതശരീരം മുന്നിൽ വെച്ചാണ് പ്രാക്ടിക്കൽ ക്ലാസ്. മൃതദേഹം വ്യവച്ഛേദിച്ച് പരിേശാധിക്കുകയൊക്കെ വേണം. ഇതിനിടെ നല്ല ടൈം കോട്ടുമെല്ലാം ധരിച്ച ഒരാൾ വന്ന് ''വെൽക്കം ആൾ ഒാഫ് യു...' എന്നൊക്കെ ഉപചാരവാക്കുകളോടെ ഞങ്ങളെയെല്ലാം സ്വാഗതം ചെയ്തു. ഇംഗ്ലീഷിലായിരുന്നു സംസാരം. അദ്ദേഹമായിരിക്കും പ്രഫസർ എന്നാണ് ഞങ്ങളെല്ലാം കരുതിയത്. പിന്നീട് ഞങ്ങൾ മൃതശരീരത്തിലെ പഠനത്തിേലക്ക് തിരിച്ചു. ഒരു ടേബിളിൽ എട്ടു പേരാണുണ്ടാവുക. ഒരാള് തലയാണെങ്കിൽ മറ്റു രണ്ടു പേർ വീതം കൈകളും കാലുകളും പരിശോധിക്കും.
ഇതിനിടെ പൊക്കം കുറഞ്ഞ കഷണ്ടിയുള്ള ഒരാൾ അതിലെയും ഇതിലെയുമൊക്കെ പോകുന്നുണ്ട്. കോട്ടും ധരിച്ചിട്ടുണ്ട്. ആരാണെന്ന് ആർക്കും അറിയില്ല. സംശയം ചോദിക്കാൻ അദ്ദേഹത്തെ വിളിക്കണമെന്നായി ചിലർ. ''വേണ്ട, സെക്യൂരിറ്റിക്കാരനോ മറ്റോ ആയിരിക്കും'' പരസ്പരം പറഞ്ഞു. ആരും കാര്യമായി മൈൻഡ് ചെയ്തതുതില്ല. മൃതദേഹ പഠനമൊക്കെ കഴിഞ്ഞ് വൈകുന്നേരമായി. എല്ലാവരും ക്ലാസിൽ ഇരിക്കുകയാണ്. അേപ്പാഴുണ്ട് നേരത്തേ കണ്ട പൊക്കം കുറഞ്ഞ കഷണ്ടിയായ മനുഷ്യൻ ക്ലാസിൽ കടന്നു വന്ന് പ്ലാറ്റ്േഫാമിലേക്ക് കയറുന്നു. അയാൾക്കെന്താ ഇവിടെ കാര്യം. എല്ലാവരും പരസ്പരം ചോദിച്ചു. സംശയമുനകൾ ഉയരുന്നതിനു മുന്നേ തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി..'' ഞാൻ ഡോ.പണ്ടാല. പ്രഫസറും ഹെഡ് ഒാഫ് ദി ഡിപാർട്ട്മെൻറുമാണ്'' ഇതു കേട്ട ഞങ്ങളാകെ അമ്പരന്നു. എല്ലാവരും എന്തു ചെയ്യണമെന്നറിയാതായി അൽപനേരം. ശരിക്കും മെഡിക്കൽ കോളജ് കാലയളവിലെ രസകരമായ അനുഭവമായി ഇന്നും ഇൗ സംഭവം ഒാർക്കാറുണ്ട്.
സഹധർമിണി േഡാ. സുഹ്റയെയും കണ്ടുമുട്ടിയത് മെഡിക്കൽ കോളജിൽ വെച്ചാണ്. സുഹ്റ എെൻ ക്ലാസ്മേറ്റായിരുന്നു. കോഴ്സ് കഴിഞ്ഞതിന് ശേഷമായിരുന്നു വിവാഹം. മെഡിക്കൽ കോളജ് പഠനകാലം എന്തുകൊണ്ടും സംഭവബഹുലമായിരുന്നു. എം.ബി.ബി.എസിന് ശേഷം ഒരു വർഷം ഫോറൻസിക് മെഡിസിൻ കോഴ്സ് ചെയ്തു. പ്രമുഖ േഫാറൻസിക് സർജനായിരുന്ന ഡോ. ഉമാദത്തൻ എെൻറ ക്ലാസ് മേറ്റായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് ഫോറൻസിക് മെഡിസിന് ജോയിൻ ചെയ്തത്.
പഠന ശേഷം അധികം വൈകാതെ തന്നെ സർക്കാർ സർവിസിേലക്ക് പ്രേവശിച്ചു. പ്രൈമറി ഹെൽത്ത് കെയറിലാണ് ആദ്യം കിട്ടിയത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള പള്ളിക്കലിലെ ഇ.എസ്.െഎ ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. അന്നൊരു 'പള്ളിക്കൽ' ബസുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ബസിലായിരുന്നു പള്ളിക്കലിലേക്കും തിരിച്ചുമുള്ള യാത്ര. വൈകുന്നേരം ഇറങ്ങാൻ ആറു വരെയൊക്കെയാകും. കശുവണ്ടി തൊഴിലാളികളൊക്കെ ഏറെയുള്ള മേഖലയാണിത്. എല്ലാ മരുന്നുകളും അവിടെയുണ്ടായിരുന്നു. ഏതാണ്ട് മൂന്നു നാല് മാസക്കാലം മാത്രമേ അവിടെ േജാലി ചെയ്തുള്ളൂവെങ്കിലും ഏറെ ഇഷ്ടമുള്ള സേവനകാലമായിരുന്നു പള്ളിക്കലിലേത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു നിയമനം. മൂന്നു വർഷം അവിടെ ജോലി ചെയ്തു. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ഡിക്ക് ചേർന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷം പിന്നീട് കോഴിക്കോട്ടേക്കു തന്നെ പോസ്റ്റിങ് കിട്ടി. ശമ്പളമൊക്കെ വളരെ കുറവായിരുന്നെങ്കിലും അതൊരു നല്ല സമയമായിരുന്നു. 550 രൂപയാണ് അന്നൊക്കെ മാസശമ്പളം. മാവൂർ റയോൺസിൽ സുഹൃത്തായ ഒരു ഡോക്ടറുണ്ടായിരുന്നു. അദ്ദേഹത്തെ കാണാൻപോകാറുണ്ടായിരുന്നു. അകത്തേക്ക് കടക്കണമെങ്കിൽ ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാരെൻറ മുന്നിലെ ബുക്കിൽ പേരെല്ലാം എഴുതിവെക്കണം. എെൻറ ശമ്പളക്കുറളവ് പരാമർശിക്കാനാകണം '' ഇവിടെ ഗേറ്റിൽ നിൽക്കുന്നയാൾക്ക് നിന്നെക്കാൾ ശമ്പളുമുണ്ടെന്ന്'' സുഹൃത്ത് തമാശ പറയാറുണ്ടായിരുന്നു. മാവൂർ റയോൺസ് അന്ന് നല്ല ശമ്പളം കൊടുക്കുന്ന കമ്പനിയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാർ നല്ല സ്വാതന്ത്ര്യം അനുവദിച്ച് നൽകിയിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ വേഗത്തിൽ പഠിക്കാനായി. എം.ഡി പഠനം വിജയകരമായി പൂർത്തീകരിക്കാൻ ഇത് ഏറെ സഹായിക്കുകയും ചെയ്തു. ഇത്തരത്തിൽ നാലര വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യാനായി. മികച്ച അടിസ്ഥാന സൗകര്യമെല്ലാമുള്ള മെഡിക്കൽ കോളജാണ് കോഴിക്കോട്ടേത്. ഡോക്ടർമാരും രോഗികളുമായുള്ള ബന്ധമായാലും സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദമായാലും വളരെ ഉൗഷ്മളമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ മറക്കാനാകാത്ത സുവർണകാലമായിരുന്നു കോഴിക്കോട് സമ്മാനിച്ചത്.
ലണ്ടനിലെ രണ്ടു കൊല്ലം
സൂപ്പർ സ്പെഷാലിറ്റി തുടങ്ങിയ സമയമാണന്ന്. അങ്ങനെയാണ്എൻഡോക്രൈനോളജിയിൽ സ്പെഷലൈസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. ഡൽഹിയിലേ അന്ന് പഠനസൗകര്യമുള്ളൂ. സീറ്റുകളാകെട്ട വളരെ കുറവും. രണ്ടും കൽപിച്ച് അപേക്ഷിച്ചു. എന്തായാലും അവിടെ അഡ്മിഷനും കിട്ടി. അങ്ങനെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഡൽഹിയിലേക്ക് വണ്ടി കയറാനിരിക്കവെയാണ് യു.കെയിലേക്ക് പോകാനുള്ള അവസരം മുന്നിലെത്തിയത്. അന്ന് എൻ.ഒ.സി എന്ന് പറയും. അതോടെ 'പോകണോ വേണ്ടേ എന്ന നിലയിൽ' ആകെ ആശയക്കുഴപ്പമായി. നേരത്തേ അമേരിക്കയിൽ പോകാനും അവസരം കിട്ടിയിരുന്നു. പക്ഷേ, അമേരിക്കയിൽ പോവേണ്ടതില്ലെന്നായിരുന്നു പിതാവിെൻറ അഭിപ്രായം. തിരിച്ചുവരാനുമെല്ലാം വലിയ പാടായിരിക്കുമെന്നതാണ് കാരണമായി പറഞ്ഞത്. പക്ഷേ, യു.കെ പോകുന്നതിന് അനുവാദം തന്നു. അന്നൊക്കെ സാധാരണ ആളുകൾ യു.കെയിൽ പഠനാർഥം പോയി വരുന്നുണ്ട്. അങ്ങനെയാണ് ഇംഗ്ലണ്ടിലേക്ക് േപാകാൻ വഴിതുറക്കുന്നത്. രണ്ടു വർഷം അവിടെ പഠനവും ജോലിയുമായി കഴിഞ്ഞു.
ലണ്ടിനിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിെടയാണ് അമേരിക്കൻ കമ്പനിയായ സൗദി അരാംകോയിലെ ജോലി സാധ്യതയെ കുറിച്ച് അറിയുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരു ബന്ധു വഴിയാണ് ജോലിയവസരമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഒട്ടും താമസിയാതെ തന്നെ അപേക്ഷിച്ചു. അപ്പോഴതാ മറ്റൊരു പ്രശ്നം. ഇൻറർവ്യൂ മുംബൈയിൽ വെച്ചാണ്. ലണ്ടനിൽ നിന്ന് നേരെ ഇൻറർവ്യൂവിന് മുംെബെയിലേക്ക് വരണം. ഇന്നത്തെപ്പോലെയല്ല, ഭീമമായ യാത്ര ചെലവാണന്ന്. 350 പൗണ്ട് വേണം. ഇതറിഞ്ഞപ്പോൾ തന്നെ മനസ്സ് മടുത്തു. ഇൻറർവ്യൂവിൽ പാസായില്ലെങ്കിൽ കാശും പോവും, തിരിച്ച് ലണ്ടനിലേക്ക് പോകാനുമാകില്ല. ഇൗ സാഹചര്യങ്ങൾ മുന്നിൽ വെച്ച് ഇൻറർവ്യൂ ഇല്ലാതെ ജോലി കിട്ടുമെങ്കിൽ വരാമെന്നായി ഞാൻ. എന്നാൽ, ഇൻറർവ്യൂ ഇല്ലാതെ എടുക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്തായാലും യു.കെയിലെ എക്സ്പീരിയൻസ് ഉണ്ടായതു കൊണ്ടാവണം അഭിമുഖം ഇല്ലാതെ തന്നെ അവസാനം സൗദി അരാംകോയിൽ ജോലി കിട്ടി. ഇംഗ്ലണ്ടിൽ നിന്നുതന്നെ മെഡിക്കലൊക്കെ കഴിഞ്ഞിരുന്നു. നേരിട്ട് സൗദിയിലേക്ക് ചെല്ലാനും അരാംകോ അറിയിച്ചിരുന്നു. നാട്ടിൽ വന്ന ശേഷം പോകാനായിരുന്നു എെൻറ പ്ലാൻ. ഇത് അവരെ അറിയിക്കുകയും ചെയ്തു. നാട്ടിലെത്തി പിതാവിനോട് കാര്യമൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ സന്തോഷമായി. നേരത്തേ കോഴിക്കോട് ജോലി ചെയ്യുേമ്പാൾ തന്നെ യു.എ.ഇയിൽ നിന്ന് നിരവധി ജോലി അവസരങ്ങൾ ലഭിച്ചിരുന്നു. യു.എ.ഇയിൽ പോയി പ്രാക്ടിസ് ചെയ്താൽ വലിയ കാഷൊക്കെ കിട്ടും. പക്ഷേ, പഠിക്കാനൊന്നും പിന്നെ അവസരം കിട്ടില്ല. അതുകൊണ്ട് ബോധപൂർവം തന്നെ അത്തരം അവസരങ്ങളെ സ്നേഹബുദ്ധ്യാ നിരസ്സിക്കുകയായിരുന്നു. അത് നല്ല പോളിസിയായിരുന്നുവെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ഇക്കാര്യങ്ങളെല്ലൊം പുതിയ തലമുറയിലുള്ളവരോടും ഞാനിപ്പോഴും പറയാറുണ്ട്. നാട്ടിൽ വേരുകളുണ്ടാക്കിയാൽ വിദേശത്ത് ചേക്കേറിയാലുംഎന്തെങ്കിലും പ്രതിസന്ധിയുണ്ടാകുേമ്പാൾ നാട്ടിലേക്ക് തിരിച്ചുവരാമെന്ന ഉറപ്പും ആത്മവിശ്വാസവുമുണ്ടാകും.
25 വർഷക്കാലം ഒരു റിയൽ പ്രവാസിയായിരുന്നു. പ്രവാസി അവാർെഡല്ലാം തുടങ്ങുന്നതിന് മുമ്പാണിത്. ജനറൽ മെഡിസിനിൽ ഡോക്ടറായാണ് അരാംകോയിൽ ജോയിൻ ചെയ്തത്. ജൂനിയർ ഡോക്ടറായായിരുന്നു നിയമനം. പിന്നീട് സീനിയർ ഫിസിഷ്യൻ എന്ന തസ്തികയിലേക്ക് പ്രമോഷൻ കിട്ടി. അഡ്മിനിസ്ട്രേറ്റിവ് തസ്തിക കൂടിയാണത്. തുടർന്ന് ഇേൻറണിസ്റ്റായി, പിന്നീട് റീജ്യനിെൻറ മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും. ഇതിനിടയിൽ ഒരു എം.ഡിയും എടുത്തു. വലിയ അനുഭവസമ്പത്ത് ഇക്കാലയളവിൽ ആർജ്ജിക്കാനായി എന്നതാണ് എടുത്തുപറയേണ്ട നേട്ടം. പൂർണമായും അമേരിക്കൻ സിസ്റ്റമായിരുന്നു അരാംകോയിൽ. അതുകൊണ്ടുതന്നെ യു.എസിൽ വർക് ചെയ്യുന്ന അനുഭവമായിരുന്നു. യു.െകയിൽ രണ്ടു വർഷം ജോലി ചെയ്തതുകൊണ്ട് ഇംഗ്ലണ്ട് എന്താണെന്നും അവിടെയുള്ള ജീവിതരീതി എന്താണെന്നും മനസ്സിലാക്കാനായി. അരാംകോയിെല സർവിസിനിടെ കമ്പനി തന്നെ അമേരിക്കയിലെ പല ആശുപത്രികളിലേക്കും അയച്ചിരുന്നു. അങ്ങനെ അമേരിക്കൻ ജീവിത സാഹചര്യങ്ങളെയും അടുത്തുനിന്നുതന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അരാംകോയിൽ ജോലി നോക്കുന്നതിടെയാണ് പിതാവ് സുഖമില്ലാതാകുന്നത്. അങ്ങനെ രണ്ടു വട്ടം നാട്ടിൽ വന്നു പോയി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പിതാവിനെ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടെ രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. കുറച്ച് നല്ല ആശുപത്രിയുണ്ടായിരുന്നെങ്കിൽ പിതാവിന് കുറച്ചുകൂടി ചികിത്സ നൽകാമായിരുന്നില്ലേ എന്ന ചിന്ത അന്നു തന്നെ മനസ്സിലുണ്ടായിരുന്നു. തിരികെ വന്നിട്ട് നാട്ടിൽ ആശുപത്രി ആരംഭിക്കാനുള്ള പ്രധാന പ്രചോദകങ്ങളിലൊന്ന് ഇതായിരുന്നു.
അരാംകോയിലെ ജോലിക്ക് ശേഷം അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇമിഗ്രേഷനെല്ലാം റെഡിയാക്കി. ഇതിനിടയിലാണ് നാട്ടിലേക്ക് മടങ്ങിയാലോ എന്ന ചിന്ത മനസ്സിലുണ്ടാകുന്നത്. നീണ്ട ആലോചനകൾക്കുശേഷം ഒടുവിൽ നാട്ടിലേക്ക് വന്നാൽ കുറച്ച് കാര്യങ്ങൾ ചെയ്യാമെന്ന് തീരുമാനിച്ചുറച്ചു. ഡോ. വിജയരാഘവൻ അന്ന് ദുബൈയിൽ ജോലി ചെയ്യുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചേ അദ്ദേഹവുമായി അടുത്ത പരിചയമുണ്ടായിരുന്നു. സൗദിയിൽ ജോലി ചെയ്യുേമ്പാൾ തന്നെ കുടംബസമേതം അദ്ദേഹത്തെ സന്ദർശിക്കുകയും സൗഹൃദബന്ധം ഉൗട്ടിയുറപ്പിക്കുയുമെല്ലാം ചെയ്യുമായിരുന്നു. അദ്ദേഹവും നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുകയാണ്. എന്തായാലും എെൻറ മനസ്സിലുള്ള ആശുപത്രി എന്ന ആശയം അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ 'നമുക്ക് ഒരുമിച്ച് തുടങ്ങാം' എന്നതിലേക്ക് കാര്യങ്ങെളത്തി. സഹോദരങ്ങളായ ഇ.എം നജീബും ഇഖ്ബാലും ആശയത്തിന് പിന്തുണ നൽകി ഒപ്പം നിന്നു. അങ്ങനെയാണ് കിംസ് എന്ന ആശയത്തിലേക്ക് എത്തുന്നത്.
അന്ന് ഇവിടെ (ഇപ്പോൾ തിരുവനന്തപുരം കിംസ് സ്ഥിതി ചെയ്യുന്ന സ്്ഥലം ) മുഴുവൻ ചതുപ്പാണ്. ആശുപത്രി തുടങ്ങാനൊക്കെ പദ്ധതിയിടുന്നതിന് ആറേഴ് വർഷം മുമ്പ്, ബ്രൂണെയിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുമായി ഇൗ ഭാഗത്ത് ഭൂമിയെ കുറിച്ചും സ്ഥലം വാങ്ങുന്നതിനെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. അന്ന് വന്ന് സ്ഥലവും കണ്ടിരുന്നു. കുമാരപുരത്ത് നിന്ന് കാറിലായിരുന്നു യാത്ര. വന്ന് നോക്കുേമ്പാഴുണ്ട്, ഇവിടെ മുഴുവൻ വെള്ളം. മാത്രമല്ല പായലും കെട്ടിക്കിടക്കുന്നു. വളരെ തുച്ഛമായ വിലക്ക് അന്ന് ഭൂമി കിട്ടുമായിരുന്നു. പക്ഷേ, സ്ഥലത്തിെൻറ സ്ഥിതി കണ്ടപ്പോൾ മനസ്സ് മടുത്തു. ബുദ്ധിമോശമെന്ന് പറയാം, സ്ഥലം വാങ്ങൽ ഉപേക്ഷിക്കുകയായിരുന്നു. അന്ന് ഒരു 25 ഏക്കാർ വാങ്ങിയിരുന്നെങ്കിൽ ഇന്ന് ഒരു മെഡിക്കൽ കോളജ് പോലെയാകുമായിരുന്നു ഇവിടം. പിന്നീട് പലരും ഇവിടെ വന്ന് സ്ഥലം വാങ്ങി. അന്ന് വാങ്ങാത്തതിൽ പിന്നീടെനിക്ക് വിഷമം തോന്നിയിരുന്നു.
ആറേഴ് വർഷം കഴിഞ്ഞ് അന്ന് പറഞ്ഞതിെൻറ പത്ത് മടങ്ങ് കാഷ് കൊടുത്താണ് പല ഘട്ടങ്ങളിലായി ഇപ്പോൾ കിംസ് നിൽകുന്ന സ്ഥലം വാങ്ങിയത്. അന്നും ചതുപ്പ് തന്നെയാണ്. ആശുപത്രി സംരംഭത്തിൽ നിക്ഷേപമിറക്കാനായി പലരും വന്നെങ്കിലും ചതുപ്പ് നിലം കാണുന്നതോടെ ഭംഗിവാക്കും പറഞ്ഞ് പോയതല്ലാതെ അധികപേരും താൽപര്യം കാണിച്ചതുമില്ല. മറ്റ് ചിലർ കഴക്കൂട്ടത്ത് ആശുപത്രി തുടങ്ങാനാണ് നിർദേശിച്ചത്. എന്തായാലും ഇവിടെ തന്നെ തുടങ്ങാമെന്ന് ഉറപ്പിക്കുകയായിരുന്നു. തുടക്കത്തിൽ രണ്ടരയേക്കറായിരുന്നു വാങ്ങിയത്.
പലവട്ടം ആലോചനകളിലൂടെയാണ് കിംസ് എന്ന ആശയത്തിന് മൂർത്തമായ രൂപം കാണുന്നത്. അങ്ങനെ 1996 ചിങ്ങം ഒന്നിന് ആശുപത്രി തുടങ്ങാനുള്ള പ്രഖ്യാപനം നടന്നു. തറക്കല്ലിട്ടത്ത് അന്നത്തെ കേരള ഗവർണർ സുഖ്ദേവ് സിങ് കാങ്ങ് ആണ്. 'ഗവർണർ കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങളിത് പൂർത്തീകരിച്ചാൽ ഞാൻ തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്യാമെന്നും' അദ്ദേഹം വാക്ക് തന്നിരുന്നു, എന്തായാലും സമയപരിധിക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയായി. അദ്ദേഹം തന്നെ ഉദ്ഘാടകനായും എത്തി. താൻ തറക്കല്ലുമിട്ട് ഉദ്ഘാടനവും നടത്തുന്ന ആദ്യത്തെ സംരംഭമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പരാമർശിക്കാനും മറന്നിരുന്നില്ല. ചതുപ്പ് നിലമായതിനാൽ 24 മീറ്റർ ആഴത്തിൽ വരെ പൈലിങ് നടത്തിയാണ് കെട്ടിടം കെട്ടാനായത്. നിർമാണമെല്ലാം പൂർത്തിയായി 2002 ജനുവരി ഒന്നിനാണ് ഉദ്ഘാടനം നടന്നത്. ഇൗ സമയത്താണ് സൗദിയിലെ ജോലി അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് മടങ്ങിയെത്തിത്. ഡിസംബർ 31 ന് ബഹ്റൈനിൽനിന്ന് വിമാനത്തിൽ നാട്ടിലേക്ക് വരുന്നത് ഇപ്പോഴും ഒാർക്കുന്നു. അന്ന് കാര്യമായി ഉറങ്ങിയതുപോലുമില്ല. രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങി, വീട്ടിൽ പോയി കുളിച്ചശേഷം നേരെ ഉദ്ഘാടന സ്ഥലത്തേക്കെത്തുകയായിരുന്നു.
250 കിടക്കകേളാടെയാണ് ആശുപത്രി തുടങ്ങിയത്. രണ്ട് വർഷത്തിനുള്ളിൽ തന്നെ ഇവിടെ കിടക്കകൾ തികയാതായി. അങ്ങനെയാണ് കെട്ടിടത്തിന് മുകളിൽ 200 കിടക്കകൾക്കുള്ള സൗകര്യം കൂടി കെട്ടി ഉയർത്തിയത്. ആദ്യത്തേത് ആറ് നിലയായിരുന്നു പിന്നെ നാല് നിലകൂടി കെട്ടി. അന്നൊന്നും ആശുപത്രിക്ക് ബാങ്കുകളൊന്നും വായ്പ തരില്ല. തിരിച്ച് കിട്ടില്ലെന്നതായിരുന്നു വാദം. ഹഡ്കോയാണ് ആദ്യമായി വായ്പ അനുവദിച്ചത്.
അമേരിക്കൻ-ബ്രീട്ടിഷ് മെഡിക്കൽ സംവിധാനങ്ങളിലെ നല്ല വശങ്ങൾ സ്വാംശീകരിച്ചാണ് ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത്. ആശുപത്രി വളർച്ചയുടെ പ്രധാന കാരണം നമ്മുടെ ഡോക്ടർമാർ തന്നെയാണ്. പിന്നീടുള്ളത് കൂട്ടായ പരിശ്രമവും. വളരെ വേഗം തന്നെ കിംസിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത ആർജ്ജിക്കാനായി. ''പറയുന്നതേ ചെയ്യാവൂ, ചെയ്യുന്നതേ പറയാവൂ'' എന്ന ആശയത്തിലൂന്നിയാണ് പ്രവർത്തനം. ഇതാണ് ജനങ്ങൾക്കിടയിലെ വിശ്വാസ്യതക്കുള്ള കാരണം. ഗുണമേന്മയുള്ള ചികിത്സയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്കും തയാറുമല്ല. സംവിധാനത്തിെൻറയും ഡോക്ടർമാരുടെ ഗവേേണഴ്സിെൻറയും വിജയമാണ് വേഗത്തിലുള്ള വളർച്ചക്ക് കാരണമായത്. ആശുപത്രി വന്നതോടെ ഇൗ മേഖലയൊന്നാകെ വികസിച്ചു. ഇതിനിടെ നഴ്സിങ് കോളജും ആരംഭിച്ചു. മകൻ ഡോ. ഷെരീഫ് ബഹ്റൈൻ കേന്ദ്രീകരിച്ച് കിംസിെൻറ സി.ഇ.ഒ ആയി പ്രവർത്തിക്കുന്നു. രണ്ടാമത്തെയാൾ സമെർ സഹദുല്ല കിംസിെൻറ മാനേജരായും പ്രവർത്തിക്കുന്നു.
തിരുവനന്തപുരത്തെ വിജയം നൽകിയ ആത്മവിശ്വാസമാണ് മറ്റിടങ്ങളിലേക്ക് കൂടി നീങ്ങാൻ പ്രചോദനവും പ്രേരണയുമായത്. 900 കിടക്കകളാണ് ഇപ്പോൾ തിരുവനന്തപുരം കിംസിലുള്ളത്. ഇതിന് പുറമേ കിംസ് കൊല്ലം, കിംസ് കോട്ടയം, മലപ്പുറം പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫ എന്നിവയാണ് കേരളത്തിലെ കിംസ് ശാഖകൾ.
2006 ൽ ബഹ്റൈനിൽ കിംസ് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ ആരംഭിച്ചു. കേരളത്തിന് പുറത്തെ ആദ്യ സംരംഭമായിരുന്നു. പിന്നീട് രണ്ടാമതൊരു ആശുപത്രി കൂടി ബഹ്റൈനിൽ ആരംഭിച്ചു. ഇതിന് പുറമേ ബഹ്റൈനിൽ തന്നെ അഞ്ച് മെഡിക്കൽ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിക്ക് സമാന്യം സൗകര്യങ്ങളുള്ള രണ്ട് മെഡിക്കൽ സെൻററുകൾ സൗദിയിലും ആരംഭിച്ചു. ജുബൈനിലും റിയാദിലുമാണ് ഇവ പ്രവർത്തിക്കുന്നത്.
മിഡിൽ ഇൗസ്റ്റിലെ രണ്ടാമത്തെ കിംസ് ആശുപത്രിയാണ് ഒാമനിലെ കിംസ് ഒമാൻ. ഇതിനു ശേഷമാണ് ബഹ്റൈനിലെ രണ്ടാമത്തെ ആശുപത്രി സ്ഥാപിക്കുന്നത്. ഇതിനു പുറമേ വിമാനത്താവളത്തിലേതുൾപ്പെടെ നാല് ക്ലിനിക്കുകൾ ഒമാനിലുണ്ട്. ദുബൈയിലും ഖത്തറിലും ക്ലിനിക്കുകളുണ്ട്. ബഹ്റൈൻ, ദുബൈ, ഒമാൻ എന്നിവിടങ്ങളിൽ ലേബാറട്ടറി ഡയഗ്നോസിസിെൻറ വലിയ ശൃംഖലയും പ്രവർത്തിക്കുന്നു. അമേരിക്കൽ അക്രഡിറ്റഡ് ലാബുകളാണെല്ലാം. കേരളത്തിൽ തിരുവനന്തപുരം കവടിയാറിലും കമലേശ്വരത്തും മെഡിക്കൽ സെൻററുകൾ ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങലിൽ ഒരെണ്ണം ആരംഭിക്കാനിരിക്കുന്നു. ഇനിയുള്ള കാലത്ത് മെഡിക്കൽ സെൻററുകൾ വലിയ പ്രാധാന്യം കൈവരുമെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ മെഡിക്കൽ സെൻററുകൾ തുടങ്ങാനുള്ള ആശയമുണ്ട്.
ഡോക്ടർ എന്ന നിലയിൽ ആരോഗ്യമേഖലയിലെയും മാനേജ്മെൻറ് രംഗത്തെയും അനുഭവങ്ങൾ ഉൾപ്പെടുത്തി വൈറ്റൽ സൈൻസ് എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട്. ആത്മകഥയൊന്നുമല്ല. സംരംഭകത്വത്തിന് പ്രായപരിധിയില്ലെന്ന കാര്യം സ്വന്തം അനുഭവങ്ങളിലൂടെ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കാരണം, 50 വയസ്സ് കഴിഞ്ഞശേഷം സംരംഭകത്വത്തിലേക്ക് കടന്നുവന്നയാളാണ് ഞാൻ. ആരോഗ്യരംഗത്ത് മാനേജ്മെൻറിന് എത്രത്തോളം റോൾ ഉണ്ട് എന്നതും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.
ചിത്രം: പി. ബിജു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.