ലണ്ടൻ: ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലാണെങ്കിലും ഋഷി സുനകിന്റെ പൂർവികർ ഇന്ത്യക്കാരാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്മാർ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചവരാണ് (ഇപ്പോൾ പാകിസ്താനിൽ).
കിഴക്കൻ ആഫ്രിക്കയിലെത്തിയ കുടുംബം1960കളിലാണ് യു.കെയിലേക്കു കുടിയേറിയത്. തുറമുഖനഗരമായ സതാംപ്ടണിൽ യഷ്‌വീർ സുനകിന്റെയും ഉഷ സുനകിന്റെയും മകനായാണ് ജനനം. അമ്മ ഫാർമസിസ്റ്റും പിതാവ് ഡോക്ടറുമായിരുന്നു. പിതാവ് കെനിയയിലും മാതാവ് താൻസനിയയിലുമാണ് ജനിച്ചത്.
മൂന്നു മക്കളിൽ മൂത്തയാളാണ് ഋഷി. ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫഡിലുമായിരുന്നു പഠനം. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പിൽ മൂന്നു വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫഡിൽനിന്ന് എം.ബി.എ നേടി.
അവിടെവെച്ചാണ് ഐ.ടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ഇന്ത്യൻ കോടീശ്വരൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ പരിചയപ്പെടുന്നത്. ആ പരിചയം 2009ൽ വിവാഹത്തിലെത്തി. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്- കൃഷ്ണയും അനൗഷ്കയും. ഇൻഫോസിസിന്റെ ലാഭവിഹിതമായി ലഭിച്ച തുകക്ക് അക്ഷത മൂർത്തി ബ്രിട്ടനിൽ നികുതിയടച്ചില്ലെന്ന വാർത്ത വിവാദമായിരുന്നു.
സുനക് ഗോൾഡ്‌മാൻ സാക്‌സിലും രണ്ട് ഹെഡ്ജ് ഫണ്ടുകളിലും ജോലി ചെയ്തിട്ടുണ്ട്. യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽനിന്നാണ് 2015ൽ സുനക് പാർലമെന്റ് അംഗമായത്. ഭഗവദ്ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. 2020 ഫെബ്രുവരിയിൽ ബോറിസ് ജോൺസൻ മന്ത്രിസഭയിൽ ബ്രിട്ടനിലെ ഏറ്റവും പ്രധാന പദവികളിലൊന്നായ ധനമന്ത്രിയായി നിയമിതനായി.
ഇക്കാലയളവിൽ ഡൗണിങ് സ്ട്രീറ്റിലെ തന്റെ വസതിയിൽ അദ്ദേഹം ദീപാവലി ആഘോഷിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ധനമന്ത്രി എന്ന നിലയിലുള്ള സുനകിന്റെ പ്രവർത്തനമായിരിക്കും ഒരുപക്ഷേ അദ്ദേഹത്തെ പ്രധാനമന്ത്രിപദം വരെ എത്തിച്ചത്.
രാജ്യവ്യാപക ലോക്ഡൗണിന്റെ കാലത്ത്, ദശലക്ഷക്കണക്കിന് പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ധനമന്ത്രി തയാറാക്കിയ സാമ്പത്തികരക്ഷാ പാക്കേജ് ഫലംകണ്ടു. ഋഷി സുനകിന്റെ ആസ്തി 700 ദശലക്ഷം പൗണ്ടാണെന്നാണ് (ഏകദേശം 6620 കോടി രൂപ) കണക്കാക്കുന്നത്. പ്രധാനമന്ത്രിസ്ഥാനത്തിനായുള്ള പ്രചാരണവേളയിൽ, ഋഷി സുനകിന്റെ ആഡംബര വസതികളും ആഡംബര ജീവിതവും വിമർശിക്കപ്പെട്ടിരുന്നു.
•2015: യോർക്ക്ഷെയറിലെ റിച്മണ്ടിൽനിന്ന് കൺസർവേറ്റീവ് എം.പിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടു.
•2016: ബ്രെക്സിറ്റ് അനുകൂലി എന്നനിലയിൽ നടത്തിയ പ്രചാരണങ്ങൾ പാർട്ടിയിൽ സുനകിന്റെ വളർച്ചക്ക് സഹായകരമായി.
•2018: തെരേസ മേ മന്ത്രിസഭയിൽ മന്ത്രി. മന്ത്രിസഭയിലെ മൂന്നാം സ്ഥാനക്കാരൻ.
•ജൂലൈ 2019: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസണെ സുനക് പിന്തുണച്ചു. അതുകൊണ്ട് ഗുണമുണ്ടായി. ചാൻസലർ സാജിദ് ജാവിദിന്റെ കീഴിൽ ട്രഷറി മന്ത്രിയായി നിയമിതനായി.
•ഫെബ്രുവരി 2020: അധികാരതർക്കത്തെ തുടർന്ന് ജാവിദ് രാജിവെച്ചപ്പോൾ സുനകിന് ചാൻസലറായി സ്ഥാനക്കയറ്റം. ഉയർന്ന പദവിയിലെത്തുന്ന ഇന്ത്യൻ വംശജനായ ആദ്യമന്ത്രി
•ഏപ്രിൽ 2020: കോവിഡ് പ്രതിസന്ധികാലത്ത് സുനക് സ്വീകരിച്ച നടപടികൾ വ്യവസായലോകത്തിന് അനുഗ്രഹമായി. സുനകിന് വ്യാപക പ്രശംസ.
•2021: കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസ് ജോൺസന്റെ പിൻഗാമിയെന്ന നിലയിൽ ഋഷി സുനക് സ്ഥാനമുറപ്പിക്കുന്നു.
•2022 ഫെബ്രുവരി: 2020 ജൂണിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ബോറിസ് ജോൺസന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തു എന്ന സുനകിന്റെ വെളിപ്പെടുത്തൽ വിവാദമായി
•ഏപ്രിൽ 2022: ഭാര്യ അക്ഷത മൂർത്തി ഇൻഫോസിസിൽനിന്നുള്ള വരുമാനത്തിന് ബ്രിട്ടനിൽ നികുതി നൽകുന്നില്ല എന്ന വാർത്തയും പത്രങ്ങളിൽ പ്രധാന തലക്കെട്ടായി.
•ജൂലൈ 2022: തന്റെ മുൻ മേധാവി സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറിയായതിന് തൊട്ടുപിന്നാലെ ഋഷി സുനക് ചാൻസലർ സ്ഥാനം രാജിവെച്ചു.
•ജൂലൈ എട്ട്: ബോറിസ് ജോൺസന്റെ പിൻഗാമിയായി യു.കെ പ്രധാനമന്ത്രിയാകാനുള്ള ശ്രമം സുനക് ആരംഭിച്ചു.
•ജൂലൈ 20: ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിന്റെ അവസാനപാദത്തിൽ ലിസ് ട്രസിന്റെ എതിരാളിയാകാനുള്ള യോഗ്യതനേടി.
•സെപ്റ്റംബർ രണ്ട്: ഋഷി സുനകും ലിസ് ട്രസും തമ്മിലുള്ള മത്സരത്തിൽ വോട്ടെടുപ്പ് അവസാനിച്ചു.
•സെപ്റ്റംബർ അഞ്ച്: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ ട്രസ് സുനകിനെ പരാജയപ്പെടുത്തി.
•ഒക്ടോബർ 14: സാമ്പത്തികപ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ലിസ് ട്രസ്, ചാൻസലർ സ്ഥാനത്തുനിന്ന് (ധനമന്ത്രി) ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കുന്നു
•ഒക്ടോബർ 20: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ്ട്രസ് രാജിവെക്കുന്നു
•ഒക്ടോബർ 24: അടുത്ത പ്രധാനമന്ത്രിയാകാനുള്ള കൺസർവേറ്റീവ് പാർട്ടി മത്സരത്തിൽ സുനക് വിജയിക്കുന്നു
•ഒക്ടോബർ 25: പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.