ദുബൈ: ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ ഹർഗെസിയ പട്ടണത്തിലെ ചെറിയൊരു പെട്ടിക്കടയിൽ ‘കേരളത്തിന്‍റെ ശുദ്ധമായ വെളിച്ചെണ്ണ’ എന്ന തലക്കെട്ടോടെ വിൽക്കാൻ വെച്ചിരിക്കുന്ന വെളിച്ചെണ്ണ കുപ്പിയുടെ ചിത്രം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാളികൾ അത്രയേറെയൊന്നുമില്ലാത്ത, അധികമാളുകൾ കടന്നു ചെല്ലാത്ത, മലയാളി ഉൽപന്നങ്ങൾക്ക് വലിയ സാധ്യതയില്ലാത്ത സോമാലിയയിലെ ഉൾഗ്രാമങ്ങളിൽ പോലും ഒരു മലയാളി ഉൽപന്നം കടന്നുചെന്നിരിക്കുന്നു എന്ന ആശ്ചര്യമായിരുന്നു ആ ചിത്രത്തിന് പിന്നിൽ. മലപ്പുറം എടപ്പാളിൽ ഉദ്പാദിപ്പിച്ചു എന്നെഴുതിയിരിക്കുന്ന ആ വെളിച്ചെണ്ണ കുപ്പിയുടെ മറുവശത്തായി മലയാളിത്വമുള്ള പേരും കാണാം, -‘നെല്ലറ’.
ചെറിയൊരു ഓഫിസിലും രണ്ട് വാഹനത്തിലുമായി തുടങ്ങിയ ‘നെല്ലറ’ ആഫ്രിക്കയിലെ ചെറുഗ്രാമങ്ങളിലേക്ക് പോലും വളർന്ന് പന്തലിക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു ഈ ചിത്രം. താൻ കണ്ട സ്വപ്നങ്ങളേക്കാൾ മുകളിലാണ് നെല്ലറയുടെ പ്രയാണമെന്ന് ബ്രാൻഡിന്‍റെ അമരക്കാരൻ ഷംസുദ്ദീൻ നെല്ലറ പറയുന്നു.
20ഓളം രാജ്യങ്ങളിലായി 300ഓളം ഉൽപന്നങ്ങളുമായി വിരാജിക്കുന്ന നെല്ലറയുടെ കുതിപ്പ് തുടങ്ങിയത് രണ്ട് പതിറ്റാണ്ട് മുൻപാണ്. 1992ൽ സഹോദരി ഭർത്താവ് മൊയ്തുണ്ണിയുടെ ദുബൈ ദേരയിലെ േഫ്ലാർമിൽ ജീവനക്കാരനായാണ് ഷംസുദ്ദീൻ പ്രവാസ ലോകത്തെത്തിയത്. ഹെൽപറായി ജോലി തുടങ്ങിയ അദ്ദേഹം പതിയെ മില്ലിലെ എല്ലാ പണികളും പഠിച്ചെടുത്തു. മില്ലിനോട് ചേർന്ന ഷോപ്പിലെ വിൽപന വളർത്തിയെടുക്കുന്നതിൽ ഷംസുവും വലിയ പങ്ക് വഹിച്ചിരുന്നു. 1998ൽ േഫ്ലാർമിൽ ഏറ്റെടുത്തു. അങ്ങിനെയാണ് സ്വന്തം ബ്രാൻഡിനെ കുറിച്ച് ചിന്തിച്ചത്. 2004 സെപ്റ്റംബറിലെ ഓണക്കാലത്താണ് നെല്ലറ അവതരിച്ചത്. പുട്ടുപൊടിയിലൂടെയായിരുന്നു തുടക്കം. ഇതിന് സ്വീകാര്യത ലഭിച്ചതോടെ മസാലകളും മറ്റു പൊടികളും പുറത്തിറക്കി.
മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. പ്രവാസികളും നാട്ടുകാരും ഏറ്റെടുത്തതോടെ നെല്ലറക്ക് പിന്നീട് കുതിപ്പിന്‍റെ വർഷങ്ങളായിരുന്നു. പത്ത് വർഷം പിന്നിടുന്നതിന് മുൻപ് തന്നെ 300ലേറെ ഉൽപന്നങ്ങൾ രംഗത്തിറക്കി. ഇന്ത്യയിലും യു.എ.ഇയിലും ഫാക്ടറികൾ സ്ഥാപിച്ചു. വെളിച്ചെണ്ണ മുതൽ ഇൻസ്റ്റന്‍റ് പൊറോട്ട വരെ നെല്ലറയിൽ നിന്ന് പുറത്തുവരുന്നു. അച്ചാർ, ജാം, ഗോതമ്പുപൊടി, ചപ്പാത്തി, അപ്പം ബാറ്റർ, ഇടിയപ്പം, ഇഡലിമാവ്... അങ്ങിനെ നീളുന്നു നെല്ലറയുടെ ഉൽപന്നങ്ങൾ. ഇന്ത്യക്കാർക്ക് പുറമെ യു.എ.ഇ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പൈൻസ് ഉൾപെടെയുള്ള രാജ്യക്കാരും നെല്ലറയുടെ ഉപഭോക്തൃ പട്ടികയിലുണ്ട്. ജി.സി.സിയിൽ ചുവടുറപ്പിച്ച ശേഷമാണ് മറ്റ് വിദേശരാജ്യങ്ങളിലേക്ക് കടന്നത്. അങ്ങിനെയാണ് ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സൊമാലിയ, കെനിയ, ഇത്യോപ്യ എന്നിവിടങ്ങളിലേക്ക് പോലും എത്തിപ്പെട്ടത്. അമേരിക്കയിലും യൂറോപ്പിലും ആസ്ട്രേലിയയിലുമെല്ലാം നെല്ലറയെ കാണാം.
ലോകത്തിന്‍റെ എല്ലാഭാഗത്തേക്കും നെല്ലറ വ്യാപിക്കുമ്പോൾ സന്തോഷമുണ്ടെന്ന് ഷംസുദ്ദീൻ പറയുന്നു. മലയാളിത്വമുള്ള പേരിൽ ലോകത്തെമ്പാടും വ്യാപിക്കുന്നതിൽ ആത്മാഭിമാനമുണ്ട്. ജി.സി.സിയിലും മറ്റ് രാജ്യങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെല്ലറക്ക് പുറമെ ഫാഷൻ മേഖലയിലും ഷംസുദ്ദീൻ കൈവെച്ചിട്ടുണ്ട്. 2008ൽ തുടങ്ങിയ അഡ്രസ് എന്ന ബ്രാൻഡ് യുവത്വത്തിനിടയിൽ സുപരിചിതമാണ്. ബംഗളൂരുവിൽ നിന്ന് തയാറാക്കി ദുബൈയിൽ എത്തിച്ച് തുടങ്ങിയ ബ്രാൻഡിന് ഇപ്പോൾ വിവിധ രാജ്യങ്ങളിലായി 40ഓളം ഔട്ട്ലെറ്റുകളുണ്ട്. നെല്ലറയുടെ രുചിപ്പെരുമായുമായി യു.എ.ഇയിൽ റസ്റ്റാറന്‍റ് ശൃംഖലയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.