തൃശൂർ: ധനലക്ഷ്മി ബാങ്ക് എം.ഡി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയ വാർഷിക പൊതുയോഗ തീരുമാനത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു വരണമെന്ന് സുനിൽ ഗുർബക്സാനി.
ഓഹരി ഉടമകളിൽ ഒരു ചെറിയ വിഭാഗമാണ് വോട്ട് ചെയ്തത്. അവർ തനിക്കെതിരെ വോട്ട് ചെയ്തത് ആർക്ക് വേണ്ടിയെന്ന് അറിയണം. അതിന് അന്വേഷണം ആവശ്യമാണ്. വാർഷിക പൊതുയോഗത്തിൽ തന്നെ പുറത്താക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നതായി ചില കേന്ദ്രങ്ങളിൽ നിന്ന് സൂചന ഉണ്ടായിരുന്നുവെന്നും സമീപകാലത്ത് ബാങ്കിൽനിന്ന് പുറത്തായ ഒരാൾ ഉൾപ്പെടെ ചില ഘടകങ്ങൾ തന്നെ പുറത്താക്കാൻ ചരട് വലിച്ചിരുന്നതായി സംശയിക്കുന്നുവെന്നും എം.ഡി സ്ഥാനം രാജിവെച്ച ഗുർബക്സാനി 'മാധ്യമ'ത്തോട് പറഞ്ഞു.
ബാങ്കിൽ മുതൽ മുടക്കാൻ താൻ ഉത്തരേന്ത്യൻ ലോബിക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഓഹരിയുടമകൾ ഇന്നേ വരെ അസംതൃപ്തിയോ സൂചനയോ പ്രകടിപ്പിച്ചിട്ടില്ല. ആത്മാഭിമാനത്തിനും അന്തസ്സിനും വില കൽപ്പിക്കുന്നതിനാൽ തീരുമാനം മാനിച്ച് രാജിവെച്ചു. നിക്ഷേപകരും ജീവനക്കാരും റിസർവ് ബാങ്കും ആറ് മാസക്കാലത്തെ തൻറെ പ്രവർത്തനത്തിൽ സന്തുഷ്ടരായിരുന്നു.
കഴിഞ്ഞ ആറ് വർഷത്തെക്കാൾ ഇക്കഴിഞ്ഞ ആറ് മാസം ബാങ്കിന് എത്രമാത്രം ഗുണം ചെയ്തുവെന്ന് കണക്കുകൾ പറഞ്ഞു തരും. ഉത്തരേന്ത്യൻ ലോബി എന്നൊന്നില്ല. ചെലവ് ചുരുക്കലിൻറെ ഭാഗമായി ഉത്തരേന്ത്യയിലെ ലാഭകരമല്ലാത്ത ശാഖകൾ പൂട്ടുകയോ സംയോജിപ്പിക്കുകയോ ആണ് ചെയ്യുന്നത്.
ധനലക്ഷ്മി ബാങ്കിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമകരമായ ദൗത്യം നിർവഹിക്കേണ്ടതുണ്ട്. താൽക്കാലിക പരിഹാരങ്ങൾ ബാങ്കിനെ രക്ഷിക്കില്ല. ചെയർമാൻമാരും എം.ഡിമാരും ഉൾപ്പെടെ ഉന്നത ശ്രേണിയിലെ പലരും ബാങ്ക് വിട്ട് പോകാൻ ഇടയായതിൻറെ കാരണങ്ങളിലേക്കു കൂടി ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന പരിശോധനയാണ് വേണ്ടത് - ഗുർബക്സാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.