മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശൂർ: പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് കുടുംബങ്ങളെ മാറ്റിയത്. തഹസിൽദാർ ജയശ്രി, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫീസർ മഹേശ്വരി, കൈനൂർ വില്ലേജ് ഓഫീസർ ദീപ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലൂർ സി ഐ ബെന്നി ജേക്കബ്, എസ് ഐ അനുദാസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്.
സ്ഥലത്ത് നിന്ന് ബന്ധു വീടുകളിലേക്കോ വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്കോ രണ്ട് മണിക്കൂറിനകം മാറാനാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനിടെ ചില വീട്ടുകാർ സ്ഥലത്ത് നിന്ന് ഒഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കൂടാതെ കൈനൂർ കോക്കാത്ത് കോളനിയിലെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.