പാലായിൽ കനത്ത നാശനഷ്ടം
പാലാ: പാലായുടെ വിവിധ മേഖലകളിൽ ഉണ്ടായ ശക്തമായ കാറ്റിൽ വൻ നാശം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റ് പടിഞ്ഞാറ്റിൻകര, പാളയം മേഖലയിൽ വൻ നാശം സൃഷ്ടിച്ചു. നിരവധി വൻമരങ്ങൾ നിലംപൊത്തി. റബ്ബർ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ വൻ നാശം വിതച്ചാണ് ചുഴലിക്കാറ്റ് കടന്നു പോയത്. വാഴ, തെങ്ങ്, ആഞ്ഞിലി, പ്ലാവ് ഉൾപ്പെടെയുള്ളവ പിഴുതെറിയപ്പെട്ടു. ഒട്ടേറെ വീടുകൾക്കു മുകളിൽ മരങ്ങൾ വീണു കിടക്കുകയാണ്.
വള്ളിച്ചിറയിൽ വൻ വൃക്ഷങ്ങൾ കടപുഴകി വീണു പാലാ- വൈക്കം റൂട്ടിൽ ഗതാഗതം നിലച്ചു. ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ കാറ്റിൽ മേലമ്പാറ ഭാഗത്തും കനത്ത നാശം സംഭവിച്ചു. നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിച്ചിക്കപ്പെട്ടു. അഡ്വ രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള അനപ്പുര പൂർണമായും തകർന്നെങ്കിലും ബ്രഹ്മദത്തൻ എന്ന ആന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.
മഴയും ചില സമയങ്ങളിൽ കാറ്റും തുടരുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല. എന്നാൽ കാലാവസ്ഥ ഈ നിലയിൽ തുടരുകയും മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്താൽ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.പാലാദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.