എസ്.എസ്.എൽ.സി റിസൾട്ട് വന്ന സമയത്ത് ഫുൾ എ പ്ലസ് ആയിരുന്നു കേരളത്തിലെ സംസാരവിഷയം. ഫുൾ എ പ്ലസുകാരുടെ എണ്ണം കൂടിയപ്പോൾ അത് നേടാനാകാതെ പോയവർ നിരവധി. എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിലും തോറ്റതിലുമൊക്കെ വിഷമിച്ച് കഴിയുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളും ധാരാളം വന്നു. എസ്.എസ്.എൽ.സിക്ക് തോറ്റവർക്ക് കൊടൈക്കനാലിലേക്ക് സൗജന്യ വിനോദയാത്രയും മന്തിയുമൊക്കെ പലരും ഓഫർ ചെയ്തതും വാർത്തയായിരുന്നു. എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കൈവരിച്ചില്ല എന്ന് വിഷമിച്ചിരിക്കുന്നവർക്ക് ഒന്നാന്തരമൊരു 'മോട്ടിവേഷൻ' ആകുകയാണ് ജിയോ ക്രിസ്റ്റി ഈപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവർക്ക് മാത്രമല്ല, തന്റെ എന്തോ കുഴപ്പം കൊണ്ടാണ് ഒന്നുമാകാൻ കഴിയാത്തത് എന്ന് കരുതി ഉൾവലിയുന്നവർക്കെല്ലാം ഈ പോസ്റ്റ് പ്രചോദനമാകും.
പത്താം ക്ലാസിൽ തേർഡ് ക്ലാസ് ആയിരുന്ന താൻ ജീവിതത്തിൽ പിന്നിട്ട വിജയവഴികളാണ് ഇപ്പോൾ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രൊജക്ടിന്റെ പ്രോജക്റ്റ് ഇൻ ചാർജ് ആയ ജിയോ പങ്കുവെക്കുന്നത്. കമ്പ്യൂട്ടർ അറിയാത്തതിന് ടീച്ചർ കളിയാക്കി വിട്ട താൻ പുസ്തകം നോക്കി എം.എസ് ഓഫിസ് പഠിച്ച്, ആ ടീച്ചറിന്റെയടക്കം റെക്കോർഡ് ബുക്കിന്റെ ഫ്രണ്ട് പേജ് ഡിസൈൻ ചെയ്തതും എറണാകുളത്ത് പൊരിവെയിലത്തും ടൈയ്യും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാൻ പഠിച്ചതും പി.എസ്.സിയുടെ സുവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയതുമൊക്കെ ജിയോ വിവരിക്കുന്നു.
പത്താം ക്ലാസിൽ ഫുൾ A+ കിട്ടാത്ത എല്ലാ മിടുക്കരുടെയും ശ്രദ്ധയ്ക്ക്. ഈ തൂങ്ങിക്കിടക്കുന്ന ഞാൻ പത്താം ക്ലാസിൽ തേർഡ് ക്ലാസ് ആണെന്ന് ! തലക്കകത്ത് കേറാത്ത കണക്ക് പ്രീഡിഗ്രിക്ക് ഒഴിവാക്കി സെക്കൻഡ് ഗ്രൂപ്പ് എടുത്തപ്പോ സെക്കൻഡ് ക്ലാസ് വാങ്ങി. അതിൽ പണി തന്ന ഫിസിക്സ് തൂക്കി എറിഞ്ഞ് സൂവോളജി എടുത്തപ്പോ ഫസ്റ്റ് ക്ലാസായി. പിന്നെ കെമിസ്ട്രിയും കളഞ്ഞ് എല്ലാരും ചിരിച്ച് തള്ളിയ സൂവോളജി പഠിച്ച് ഫസ്റ്റ് ക്ലാസിന്റെ സ്റ്റാൻഡേർഡ് ലേശം കൂട്ടി. കമ്പ്യൂട്ടർ അറിയാത്തതിന് 'നിനക്ക് പറ്റിയത് ചീട്ടുകളി ആണെടാ' എന്ന് പറഞ്ഞ് ഇറക്കിവിട്ട ടീച്ചറുടെ ക്ലാസീന്ന് നേരെ മുണ്ടും മാടിക്കുത്തി ഇറങ്ങി മഹാരാജാസിന്റെ ഗേറ്റിലെ അമൃതാ ബുക്സ്റ്റോളിന്ന് 40 രുപക്ക് വാങ്ങിയ 'കമ്പ്യൂട്ടർ കളിക്കാം പഠിക്കാം' എന്നോ മറ്റോ പേരുള്ള പുസ്തകം (റാണാപ്രതാപൻ കെ. ശേഖരൻ സാറെഴുതിയത്- എന്ന് ഈ പോസ്റ്റിന് ശേഷം പിടികിട്ടി സാറിന്റെ കമന്റിൽ നിന്ന്) വായിച്ച് ചിറ്റൂർ റോഡിലെ കഫേയിൽ പോയിരുന്ന് എം.എസ് ഓഫീസ് പഠിച്ച് ആ ടീച്ചറിേന്റതടക്കം റെക്കോർഡ് ബുക്കിന്റെ ഫ്രണ്ട് പേജുകൾ സ്വയം ഡിസൈൻ ചെയ്ത് ഡി.റ്റി.പി ചെയ്ത് നൈസായിട്ട് പകരം വീട്ടി. (2002-ൽ ആണ് സംഭവം)
കൂടെ പഠിച്ച പഠിപ്പിസ്റ്റുകളെ പിന്നിലാക്കി നെറ്റ് പാസായി. എറണാകുളത്ത് പൊരിവെയിലത്തും ടൈയ്യും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാൻ പഠിച്ചു. പി.ജിക്ക് എന്നെ പഠിപ്പിച്ച ഗസ്റ്റ് ലക്ചററിനോടൊപ്പം പങ്കെടുത്ത സൂവോളജി യു.ജി.സി സബ്സ്റ്റിറ്റ്യൂട്ട് അധ്യാപക ഒഴിവിൽ ആ പാവത്തെയും പിന്നിലാക്കി മൂന്ന് വർഷം കോളജ് അധ്യാപകനായി. വൈവയ്ക്ക് വന്ന ജോർജ് ഏബ്രഹാം സാറിനൊപ്പം പഠിപ്പിച്ചു. പി.ജിക്ക് പഠിപ്പിച്ച പ്രിയപ്പെട്ട വിജയകുമാരി ടീച്ചറിനൊപ്പം എം.ജി വാഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേഷൻ പരീക്ഷകളുടെ പേപ്പർ വാല്യുവേഷനും കൂടി. ഇടക്കാലത്ത് ട്യൂഷനെടുത്തപ്പോൾ കിട്ടിയ ഇക്കണോമിക്സ് അറിവുവച്ച് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേഷൻ വൈഡ് ഇന്റർവ്യൂവിൽ ഒരേയൊര് ഒഴിവിൽ തൊഴിലിന് കയറി. ഇതിനിടെ പി.എസ്.സിയുടെ സൂവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റിലും കയറി.
പിന്നെ അറിയാത്ത ജലകൃഷി ചെയ്ത് പഠിച്ച് ഇന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രൊജക്ട് പ്രോജക്റ്റ് ഇൻ ചാർജ് ആയി മാന്യമായി ജീവിക്കുന്നു. ഒരു ബഞ്ചിൽ ഒപ്പമിരുന്ന് പത്തിൽ തേർഡ് ക്ലാസ് വാങ്ങിയ വേറൊരു ഗഡി ഉണ്ട്. ഹിജാസ് കെ. ബഷീർ. അവൻ ഇന്ന് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയിൽ സയന്റിസ്റ്റ് ആണ്. പണ്ട് പി.എസ്.സി ഇന്റർവ്യൂവിൽ ചോദിച്ച അവസാന ചോദ്യം ഇതായിരുന്നു. 'താങ്കൾ ഒരു 'ഗുരു' ആകണം എന്ന് എഴുതിയിരിക്കുന്നു റെസ്യൂമെയിൽ. എന്താ 'ടീച്ചർ' എന്ന് എഴുതാത്തത്!?' എന്ന്. ഉത്തരം കൊടുത്തു. 'Sir, A teacher is someone. who teaches his students what he learned from a particular subject but a 'Guru' is someone who shows his desciples what he learned from his life, so that the desciple will follow what is right' എന്ന്.
തീർന്നില്ല. 'സർ എനിക്ക് ന്യൂമെറിക്കൽ ഡിസെബിളിറ്റി ഉണ്ട്. 70×30 എത്രയാണെന്ന് സാർ ചോദിച്ചാൽ എനിക്ക് പറയാനാകില്ല. പക്ഷെ എന്റെ മുൻപിലിരിക്കുന്ന എന്റെ വിദ്യാർഥികളിൽ ഒരുവന് ഇതേപോലുള്ള അവസ്ഥ ഉണ്ടെങ്കിൽ അവനെ എനിക്ക് തിരിച്ചറിയാനും സഹായിക്കാനും ആകും. That's the reason why I want to be a Guru rather than a mere teacher'-എന്ന്. അന്ന് പി.എസ്.സി ഇന്റർവ്യൂ ബോർഡ് ചെയർമാൻ അന്ന് തന്ന ഹാൻഡ് ഷെയ്ക്ക് എനിക്ക് ധാരാളം മതിയെന്ന്. സർക്കാർ വക കോളജ് അധ്യാപന ഉദ്യോഗം കിട്ടിയില്ല. എന്നാലും പുല്ലാണെന്ന്. ഇതിനോടകം ആയിരക്കണക്കായ ജനങ്ങൾക്ക് മാന്യമായി ജീവിക്കാനും വിജയിക്കാനുമുള്ള മാർഗം കാട്ടിക്കൊടുക്കുന്ന ആളാണ് ഞാൻ. ഇന്നും. ഇനിയും. അതല്ലേ 'ഗുരു' എന്നതിന്റെ സാരവും. പോകാൻ പറടാ ഉവ്വേ.. ഫുൾ എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്മാരും കാണാനിരിക്കുന്നേയുള്ളെന്ന് പോയി പറഞ്ഞേക്ക്.
P.S: സകലമാന ഗുരുക്കന്മാർക്കുമായി ഒരു ലോഗോയും ഡിസൈൻ ചെയ്ത് കൊടുത്തിട്ടുണ്ട് പണ്ടത്തെ തേർഡ് ക്ലാസുകാരൻ. 'Logo for teachers' എന്ന് ഇമേജ് സെർച്ച് ചെയ്താൽ ആദ്യം കാണുന്ന വിക്കിപീഡിയ ലിങ്കിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.