തൃപ്പൂണിത്തുറ: സിവിൽ സർവിസ് പരീക്ഷയിൽ തൃപ്പൂണിത്തുറക്കും ഉദയംപേരൂരിനും പൊൻതിളക്കം. 347ാം റാങ്ക് നേടി തൃപ്പൂണിത്തുറ സ്വദേശി ഭരത്കൃഷ്ണ പിഷാരടിയും 559ാം റാങ്ക് നേടി ഉദയംപേരൂർ സ്വദേശിനി ദേവീകൃഷ്ണയും നാടിന് അഭിമാനമായി. തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ശ്രീനിലയത്തിൽ രവി പിഷാരടിയുടെയും സുജ രവീന്ദ്രന്റെയും മകനാണ് ഭരത്കൃഷ്ണ പിഷാരടി. തൃപ്പൂണിത്തുറ ചിന്മയ സ്കൂൾ മുൻ വിദ്യാർഥിയാണ്. സഹോദരൻ ആദിത്യ നേവിയിൽ ഡോക്ടറാണ്.
ഉദയംപേരൂർ പഞ്ചായത്തിൽ ഉദയഗിരിനഗർ സഹ്യാദ്രി വീട്ടിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ പീതാംബരന്റെയും റിട്ട. അധ്യാപിക പ്രിയയുടെയും മകളാണ് ദേവീകൃഷ്ണ (26). എരൂർ ഭവൻസ് വിദ്യാമന്ദിറിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ ദേവീ കൃഷ്ണ കൊച്ചി കുസാറ്റിൽ നിന്ന് നേവൽ ആർക്കിടെക്ചറിൽ ബി. ടെക് നേടി. മുംബൈ എൽ.ആൻഡ്.ടിയിൽ രണ്ടു വർഷമായി ജോലി ചെയ്യുകയാണ്. സഹോദരി സ്വാതി കൃഷ്ണ ബംഗളുരു മൗണ്ട് കാർമൽ കോളജ് ബി. കോം വിദ്യാർഥിനിയാണ്.
കാക്കനാട്: സിവിൽ സർവിസ് പരീക്ഷയിൽ 179ാം റാങ്കുമായി കാക്കനാട് തുതിയൂർ സ്വദേശിനി അമൃത എസ്. കുമാർ. 2019 മുതൽ സിവിൽ സർവിസിനായുള്ള പരിശ്രമം തുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി തിരുവനന്തപുരത്ത് താമസിച്ച് സ്വകാര്യ ട്രെയിനിങ് കോളജിന്റെ റീഡിങ് റൂമിൽ സിവിൽ സർവിസ് തയ്യാറെടുപ്പിലായിരുന്നു. മൂന്ന് ശ്രമങ്ങൾക്ക് ശേഷമാണ് അമൃത ലക്ഷ്യത്തിലെത്തിയത്. തൃക്കാക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് പരീക്ഷയിൽ യൂനിവേഴ്സിറ്റി റാങ്ക് ജേതാവായി ഉന്നത വിജയം നേടി. കൺസ്ട്രക്ഷൻ കോൺട്രാക്ടറായ തുതിയൂർ മുട്ടത്തുകാട്ടിൽ എം.പി. സന്തോഷ് കുമാറിന്റെയും ജയശ്രീയുടെയും മൂത്ത മകളാണ് അമൃത. സഹോദരി ഐശ്വര്യ എസ്. കുമാർ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.